ട്രമ്പിനോ,ഹിലാരിക്കോ : ബഹിരാകാശത്തിൽ നിന്നൊരു വോട്ട്

അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി ബഹിരാകാശ യാത്രികൻ. ബഹിരാകാശത്തു നിന്നുള്ള ഏക വോട്ടറായ നാസയുടെ ബഹിരാകാശ യാത്രികനായ ഷെയ്ന്‍ കിംബ്രോഹ് വോട്ടു രേഖപ്പെടുത്തിയെന്ന് ബഹിരാകാശ ഏജൻസി നാസ വെളിപ്പെടുത്തി. ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ സെൻററിൽ നിന്നും അയച്ചു കൊടുത്ത ഇലക്ട്രോണിക് ബാലറ്റിലാണ് കിംബ്രോഹ് വോട്ടു ചെയ്തത്. വോട്ടു രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഇമെയില്‍ വഴി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അധികൃതര്‍ക്കയച്ചുകൊടുത്തു.

bbbbb

രണ്ടു റഷ്യൻ ബഹിരാകാശ യാത്രികർക്കൊപ്പം സിയൂസ് റോക്കറ്റിൽ കഴിഞ്ഞ ഒക്ടോബർ 19നാണു കിംബ്രോഹ് ബഹിരാകാശ നിലയത്തിലെത്തിയത്. വിവിധ ഗവേഷണങ്ങളുടെ ഭാഗമായി നാലു മാസം കിംബ്രോഹ് ബഹിരാകാശത്ത് കഴിയും.

ടെക്‌സാസ് നിയമ പ്രകാരം 1997 മുതലാണു അമേരിക്കൻ ബഹിരാകാശ യാത്രികർക്കു വോട്ടു ചെയ്യാനുള്ള അവസരം ലഭിച്ചത്. ഡേവിഡ് വോൾഫ് ആണ് ബഹിരാകാശത്തു വെച്ചു വോട്ട് ചെയ്ത ആദ്യ യു.എസ് യാത്രികൻ.
സമീപകാലത്ത് ഈ അവസരം ഉപയോഗപ്പെടുത്തി വോട്ടു ചെയ്യാൻ മുന്നോട്ടു വന്നയാളാണ് ഷെയ്ന്‍ കിംബ്രോഹെന്ന് നാസ പ്രസ്താവനയിൽ സൂചിപ്പിച്ചു. എന്നാൽ ആർക്കാണു വോട്ട് രേഖപ്പെടുത്തിയതെന്നു വെളിപ്പെടുത്താൻ നാസയോ കിംബ്രോഹോ തയ്യാറായില്ല.