വി.എസ് പ്രതിപക്ഷനേതൃസ്ഥാനത്ത് തുടരും: കാരാട്ട്

ന്യൂഡെല്‍ഹി: ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പി.ബി കമീഷന്‍ തീരുമാനംവരെ വിഎസ് പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം എല്‍.ഡി.എഫ് വിപുലീകരിക്കുമെന്നും ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം തുടര്‍ന്നു. കേരളത്തിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പി.ബി കമീഷന്‍ തീരുമാനിക്കുന്നതുവരെ വി.എസ് പ്രതിപക്ഷ നേതാവായി തുടരും. വി.എസ് കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നകാര്യം പാര്‍ട്ടി കോണ്‍ഗ്രസാണ് തീരുമാനിക്കുക. 80 ആണ് കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി. 90 പിന്നിട്ട വി.എസിന് ഇളവു നല്‍കുന്നത് കേന്ദ്ര കമ്മിറ്റി പരിഗണിക്കും.

Loading...

പ്രതിപക്ഷനേതാവ് എന്ന നിലക്കുള്ള ഉത്തരവാദിത്തം വി.എസ് ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹത്തിന്‍െറ പ്രകടനം മികച്ചതാണ്. എന്നാല്‍, ടി.പി വധക്കേസില്‍ വി.എസ് നടത്തിയ ഇടപെടല്‍ പാര്‍ട്ടിക്ക് വെല്ലുവിളിയായി മാറി. വി.എസും പാര്‍ട്ടിയുമായുള്ള വിഷയങ്ങളില്‍ കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. എല്‍.ഡി.എഫ് വിപുലീകരണം പാര്‍ട്ടിയുടെ സജീവ പരിഗണനയിലുണ്ട്. ഇതിനുള്ള രൂപരേഖ തയാറാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം തീരുമാനങ്ങളുണ്ടാകും. കെ.എം. മാണിയോട് മൃദുസമീപനമില്ലെന്നും കാരാട്ട് വ്യക്തമാക്കി.