പാലക്കാട്: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ പരസ്യ വെല്ലുവിളിയുമായി വി.ടി ബല്‍റാം എം.എല്‍.എ. തൃത്താലയിലെ പ്രധാനമന്ത്രി എന്ന് വിളിച്ച് ആക്ഷേപിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് വി.ടി ബല്‍റാമിന്റെ വെല്ലുവിളി. ഫെയ്‌സ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ വെല്ലുവിളി. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുവദിച്ച് തൃത്താലയില്‍ സീറ്റ് ലഭിച്ചാല്‍ തനിക്കെതിരെ തൃത്താലയില്‍ മത്സരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറുണ്ടോ എന്ന് ബല്‍റാം ചോദിച്ചു. അങ്ങനെയെങ്കില്‍ തൃത്താലയില്‍ മത്സരിച്ച് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള അവസരം സുരേന്ദ്രന്‍ പ്രയോജനപ്പെടുത്തണമെന്നും ബല്‍റാം പരിഹസിച്ചു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അച്ഛേ ദിന്‍ പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ട് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരുന്നു. സുരേന്ദ്രന്റെ മറുപടിക്ക് താഴെ ബല്‍റാം തന്നെ കമന്റിടുകയും ഏറെ ചര്‍ച്ചയാവുകയും ചെയ്തതാണ്. ഇതിന് ശേഷം സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് മറുപടിയായാണ് ബല്‍റാം വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Loading...

തന്നെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന സുരേന്ദ്രന്റെയും ആര്‍.എസ്.എസുകാരുടെയും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാല് സാധ്യതകള്‍ നിരത്തിയാണ് ബല്‍റാമിന്റെ പോസ്റ്റ്.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:

>>> ഈ അഹന്തക്കും പരിഹാസത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ തൃത്താലക്കാര്‍ തന്നെ മറുപടി തന്നുകൊള്ളും<<<

എന്നെ തൃത്താലയിലെ പ്രധാനമന്ത്രിസ്‌ഥാനത്ത്‌ അവരോധിച്ച ശ്രീ. കെ. സുരേന്ദ്രന്റെ പോസ്‌റ്റിലെ അവസാന വാചകമാണിത്‌. അതിലെ കമന്റുകളില്‍ ആര്‍ എസ്‌ എസുകാരും ഇതേ മുന്നറിയിപ്പ്‌ നല്‍കിക്കാണുന്നു. അഹന്തയാണോ ആര്‍ജവമാണോ പരിഹാസമാണോ സര്‍ക്കാസമാണോ എന്നതവിടെ നില്‍ക്കട്ടെ. എന്താണദ്ദേഹം പറഞ്ഞുവരുന്നത്‌ എന്ന്‌ കൃത്യമായി മനസ്സിലാവുന്നില്ല. ഏതായാലും അടുത്ത തെരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി അനുവദിച്ച്‌ യു ഡി എഫ്‌ സ്‌ഥാനാര്‍ത്ഥിയായി ഞാന്‍ തൃത്താലയില്‍ വീണ്ടും മത്സരിക്കുകയാണെങ്കില്‍ എന്നെ തോല്‍പ്പിക്കുമെന്നായിരിക്കും അദ്ദേഹം പറയാനുദ്ദേശിച്ചത്‌ എന്ന്‌ ഊഹിക്കുന്നു. വ്യക്‌തത വരുത്തേണ്ടത്‌ അദ്ദേഹം തന്നെയാണു.
നാലു സാധ്യതകളാണു ഉള്ളത്‌:

സിനാറിയോ ഒന്ന്‌) ബി ജെ പി സ്‌ഥാനാര്‍ത്ഥി തൃത്താലയില്‍ ജയിക്കുന്നു, വി.ടി.ബല്‍റാം തോല്‍ക്കുന്നു. അങ്ങനെയുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും സുരേന്ദ്രനു അഭിമാനിക്കാം. അങ്ങനെയാണെങ്കില്‍ എന്റെ വിനീതമായ ചോദ്യം തൃത്താലയില്‍ നിന്ന്‌ ജയിച്ച്‌ കേരള നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കാനുള്ള ആ അവസരം ശ്രീ. സുരേന്ദ്രനു തന്നെ ഏറ്റെടുത്തുകൂടേ എന്നാണു. തയ്യാറുണ്ടോ ശ്രീ. സുരേന്ദ്രന്‍?

സിനാറിയോ രണ്ട്‌) സി പി എം സ്‌ഥാനാര്‍ത്ഥി തൃത്താലയില്‍ ജയിക്കുന്നു, വി.ടി.ബല്‍റാം തോല്‍ക്കുന്നു. അങ്ങനെയുണ്ടാവുകയാണെങ്കില്‍ അതില്‍ ശ്രീ. സുരേന്ദ്രനു ഇത്ര അഭിമാനിക്കാനെന്തിരിക്കുന്നു! സുരേന്ദ്രന്റെ കഴിവുകൊണ്ടല്ലല്ലോ കേരളത്തില്‍ പലയിടത്തും കഴിഞ്ഞ ഇലക്ഷന്‍ വരെ തൃത്താലയിലും സി പി എം ജയിക്കാറുണ്ടായിരുന്നത്‌. മറുപടി സുരേന്ദ്രനോ സി പി എമ്മുകാര്‍ക്കൊ ആര്‍ക്ക്‌ വേണമെങ്കിലും പറയാം.

സിനാറിയോ മൂന്ന്‌) വി.ടി. ബല്‍റാമിനെ എന്ത്‌ വിധേനെയും തോല്‍പ്പിക്കണമെന്ന ലക്ഷ്യത്തോടുകൂടി സി പി എം സ്‌ഥാനാര്‍ത്ഥിക്ക്‌ ശ്രീ. സുരേന്ദ്രന്റെ പാര്‍ട്ടി വോട്ട്‌ മറിച്ചുകൊടുക്കുന്നു, വി.ടി.ബല്‍റാം തോല്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ അത്തരമൊരു ബാന്ധവം രഹസ്യമായിരിക്കുമോ പരസ്യമായിരിക്കുമോ? ശ്രീ. സുരേന്ദ്രനു വ്യക്‌തത വരുത്താന്‍ കഴിയുമോ? തുറന്ന്‌ പറയാനുള്ള ആര്‍ജ്‌ജവമുണ്ടോ?

സിനാറിയോ നാലു) ഇത്തരം രഹസ്യവും പരസ്യവുമായ എല്ലാ കുതന്ത്രങ്ങളേയും തള്ളിക്കളഞ്ഞ്‌ തൃത്താലയിലെ ജനങ്ങള്‍ വികസനത്തിനും മതേതര ജനാധിപത്യത്തിനും ജനപക്ഷ രാഷ്ര്‌ടീയത്തിനും അനുകൂലമായി വോട്ട്‌ ചെയ്‌ത് തങ്ങളുടെ നാടിന്റെ പ്രബുദ്ധതയും നന്മയും ഉയര്‍ത്തിപ്പിടിക്കുന്നു.

ഇതില്‍ ഏത്‌ സാഹചര്യമായാലും അതിനെ ഭയന്ന്‌ ശരിയെന്ന്‌ തോന്നുന്ന നിലപാടുകളില്‍ നിന്ന്‌ പുറകോട്ടുപോകുന്നവരല്ല ഞങ്ങളൊന്നും എന്ന്‌ ദയവായി മനസ്സിലാക്കണം. എന്റെ നാട്ടിലെ ജനങ്ങള്‍ക്ക്‌ ആവശ്യമായിരിക്കുന്ന സമയത്തോളം മാത്രമേ എനിക്കവരുടെ പ്രതിനിധി ആയിരിക്കാന്‍ കഴിയൂ. അടിസ്‌ഥാന നിലപാടുകളില്‍ വിട്ടുവീഴ്‌ച ചെയ്‌ത് എല്ലാക്കാലത്തും എം എല്‍ എ ആയിരിക്കണമെന്ന്‌ ആഗ്രഹവുമില്ല, അങ്ങനെ ആര്‍ക്കും വാക്ക്‌ കൊടുത്തിട്ടുമില്ല. അതുകൊണ്ട്‌ ഇത്തരം ഭീഷണികള്‍ ഇവിടെ വിലപ്പോവില്ല എന്ന്‌ വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു.