തിരുവനന്തപുരം: സംസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇനി ക്വാറന്റീന്‍ സൗജന്യമല്ലെന്നും ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന പ്രഖ്യാപനം ക്രൂരതയെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപയും ചെലവഴിച്ച സര്‍ക്കാര്‍ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നിൽക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടിൽ കൂടണയാൻ എത്തുന്ന സാധാരണ മലയാളികൾക്ക് ക്വാറന്റീൻ സൗകര്യം നൽകാൻ അഞ്ച് പൈസ ചെലവഴിക്കുകയില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നിലപാട്. ഈ പ്രഖ്യാപനത്തിനെതിരെയാണ് വിടി ബൽറാം രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂർത്തല്ലേ, പൊതുപണത്തിന്റെ വിനിയോഗത്തിൽ അൽപ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോൾ അതിന്റെ പേരിൽ വലിയ സൈബർ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്.
എന്നാൽ ഇന്നിതാ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നിൽക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടിൽ കൂടണയാൻ എത്തുന്ന സാധാരണ മലയാളികൾക്ക് ക്വാറന്റീൻ സൗകര്യം നൽകാൻ അഞ്ച് പൈസ ചെലവഴിക്കുകയില്ല എന്ന് അതേ പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.
എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത?