മുട്ടാപ്പോക്ക് പറഞ്ഞ് കൈകഴുകാന്‍ പതിവുപോലെ പിണറായി വിജയന് സാധിക്കില്ല, മറുപടി പറഞ്ഞേ മതിയാകൂ എന്ന് വിടി ബല്‍റാം

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോയുടെ മറവില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ സ്വപ്‌നയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സ്വപ്‌നയ്ക്ക് ശിവശങ്കറുമായുള്ള അടുത്ത ബന്ധം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കി. ഇതോടെ പ്രതികരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തുകയും ചെയ്തു. ഇതിന് മറുപടി നല്‍കി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.

ഐടി വകുപ്പിലെ ഏതോ താത്കാലിക ഉദ്യോഗസ്ഥ കള്ളക്കടത്ത് നടത്തി, അവരെ എങ്ങനെയാണ് നിയമിച്ചതെന്ന് തനിക്കറിയില്ല, അവരെ പിരിച്ചുവിട്ടു കഴിഞ്ഞു എന്നൊക്കെ മുട്ടാപ്പോക്ക് പറഞ്ഞ് കൈകഴുകാന്‍ പതിവുപോലെ പിണറായി വിജയന് സാധിക്കില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെയും മറ്റ് സ്ഥാപിത താത്പര്യക്കാരുടേയും അഭയകേന്ദ്രമായി മാറിയതിന് പിണറായി വിജയന്‍ മറുപടി പറഞ്ഞേ മതിയാകു.-അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Loading...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പൊതുഭരണം, അഖിലേന്ത്യാ സര്‍വ്വീസസ്, ആസൂത്രണവും സാമ്ബത്തിക കാര്യങ്ങളും, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി, ശാസ്ത്ര സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, ഭരണപരിഷ്‌ക്കാരം, തെരഞ്ഞെടുപ്പ് ഏകോപനം, സൈനികരുടെ ക്ഷേമം, ദുരന്ത നിവാരണം, ഔദ്യോഗിക ആതിഥേയത്വം, വിമാനത്താവളങ്ങള്‍, മെട്രോ റയില്‍, അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങള്‍, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ്, പ്രവാസികാര്യം, ആഭ്യന്തരം, വിജിലന്‍സ്, സിവില്‍, ക്രിമിനല്‍ നീതി പരിപാലനം ഇങ്ങനെ നിരവധി വകുപ്പുകളുടെ ചുമതലയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. അവയില്‍ പലതിനും പ്രത്യേകമായിത്തന്നെ ഐഎഎസുകാരായ സെക്രട്ടറിമാരും ഉണ്ട്.

പറഞ്ഞു വന്നത്, എം ശിവശങ്കര്‍ എന്നയാള്‍ ഐടി സെക്രട്ടറി മാത്രമല്ല എന്നതാണ്. ആ പദവിക്ക് പുറമേ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന ചുമതല കൂടി ശിവശങ്കര്‍ വഹിക്കുന്നുണ്ട്. അതായത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലക്കാരന്‍ കൂടിയായ പ്രധാന ഉദ്യോഗസ്ഥനാണ് ശിവശങ്കര്‍. അതാണയാളെ ഈ ഭരണത്തില്‍ കരുത്തനാക്കുന്നത്. അയാളുടെ ഇടപെടലുകളും മുഖ്യമന്ത്രിക്ക് കീഴിലെ നിരവധി വകുപ്പുകളിലൊന്നിന്റെ സെക്രട്ടറി എന്ന നിലക്ക് മാത്രമല്ല.

മുന്‍പ് പല തവണ നമ്മളത് കണ്ടതാണ്. ആരോഗ്യ വകുപ്പ് ആവശ്യപ്പെടാതെ, നിയമവകുപ്പ് അറിയാതെ, ധനകാര്യവകുപ്പ് പരിശോധിക്കാതെ സ്പ്രിങ്ക്‌ലറുമായുളള കരാര്‍ ഐടി വകുപ്പ് ഉണ്ടാക്കിയത് ഐടി സെക്രട്ടറി എന്ന നിലയിലുള്ള പരിമിതമായ പ്രവര്‍ത്തന സ്വാതന്ത്ര്യം മാത്രം ഉപയോഗിച്ചല്ല, മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന നിലയില്‍ എല്ലാ വകുപ്പിനും മുകളിലുള്ള നിയന്ത്രണാധികാരം ഉപയോഗിച്ചാണ്.

ഇപ്പോഴത്തെ ഗുരുതരമായ ആരോപണം കള്ളക്കടത്തുകാരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ഇടപെട്ടു എന്നതാണ്. വിമാനത്താവളവും സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയും ആഭ്യന്തരവുമൊക്കെ മുഖ്യമന്ത്രിക്ക് കീഴിലെ വകുപ്പുകളാണെന്നോര്‍ക്കുക.

അതുകൊണ്ടുതന്നെ, ഐടി വകുപ്പിലെ ഏതോ താത്കാലിക ഉദ്യോഗസ്ഥ കള്ളക്കടത്ത് നടത്തി, അവരെ എങ്ങനെയാണ് നിയമിച്ചതെന്ന് തനിക്കറിയില്ല, അവരെ പിരിച്ചുവിട്ടു കഴിഞ്ഞു എന്നൊക്കെ മുട്ടാപ്പോക്ക് പറഞ്ഞ് കൈകഴുകാന്‍ പതിവുപോലെ പിണറായി വിജയന് സാധിക്കില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെയും മറ്റ് സ്ഥാപിത താത്പര്യക്കാരുടേയും അഭയകേന്ദ്രമായി മാറിയതിന് പിണറായി വിജയന്‍ മറുപടി പറഞ്ഞേ മതിയാകൂ.