‘ഒരു കുത്ത് കൊടുത്തോ കുമ്മോജി കൊടുത്തോ സഹായിക്കണം, പിണറായിയുടെ അല്‍ഗോരിതത്തിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്’; വിടി ബല്‍റാം

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിലെ പോലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പ്രമേയം കൊണ്ടുവന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ സംഭവതത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പ്രക്ഷോഭവുമായി ആയിരക്കണക്കിനാളുകളെ തെരുവില്‍ നയിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ കമല്‍നാഥും അശോക് ഗെലോട്ടും ഭൂപേഷ് ഭാഗേലും നാരായണസ്വാമിയുമൊക്കെ സിഎഎ,എന്‍ആര്‍സി വിഷയത്തില്‍ തങ്ങളുടെ സര്‍ക്കാരുകളുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത് .ഉപദേശികളില്‍ വിവരമുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒന്ന് ചോദിച്ച് മനസ്സിലാക്കൂ. കോണ്‍ഗ്രസിന്റെ മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കുന്ന ഉദ്ധവ് താക്കറേയ്ക്ക് പോലും ഇക്കാര്യത്തില്‍ താങ്കളെക്കാള്‍ ശക്തമായ പരസ്യ നിലപാടുണ്ട്.’ ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Loading...

‘പഞ്ചാബ് ഒഴികെയുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരൊന്നും പൗരത്വ ഭേദഗതി നിയമത്തെ തളളിപ്പറഞ്ഞ് രംഗത്തുവന്നത് ശ്രദ്ധയില്‍പ്പെട്ടില്ല’

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുവേദിയിലെ വാക്കുകളാണിത്.

ഇദ്ദേഹത്തിന്റെ അല്‍ഗോരിതത്തിന് എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. ഈ രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നില്ല. എല്ലാവരും ഒരു കുത്ത് കൊടുത്തോ കുമ്മോജി കൊടുത്തോ സഹായിക്കണം.

ശ്രീ.വിജയന്‍, മൈക്കിന് മുന്നിലുള്ള തള്ളുകളില്‍ അല്ല, പ്രക്ഷോഭവുമായി ആയിരക്കണക്കിനാളുകളെ തെരുവില്‍ നയിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ കമല്‍നാഥും അശോക് ഗഹലോത്തും ഭൂപേഷ് ഭാഗേലും നാരായണസ്വാമിയുമൊക്കെ സിഎഎ എന്‍ആര്‍സി വിഷയത്തില്‍ തങ്ങളുടെ സര്‍ക്കാരുകളുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത് എന്ന് ഉപദേശികളില്‍ വിവരമുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒന്ന് ചോദിച്ച് മനസ്സിലാക്കൂ. കോണ്‍ഗ്രസിന്റെ മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കുന്ന ഉദ്ധവ് ഠാക്കറേക്ക് പോലും ഇക്കാര്യത്തില്‍ താങ്കളേക്കാള്‍ ശക്തമായ പരസ്യ നിലപാടുണ്ട്.

ഏതായാലും സംഘ് പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ കേരളത്തിന്റെ ശബ്ദം ഒറ്റക്കെട്ടായി കേള്‍പ്പിക്കേണ്ട മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം പാതിവഴിയിലുപേക്ഷിച്ച് സിപിഎമ്മിന് വേണ്ടി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള രാഷ്ട്രീയദൗത്യം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ തന്നെ നേരിട്ടേറ്റെടുത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഇക്കാര്യത്തില്‍ ഒരു പരിധിക്കപ്പുറം വിമര്‍ശിക്കേണ്ടതില്ല എന്ന മൃദുസമീപനം തുടര്‍ന്നുകൊണ്ടു പോകാന്‍ ബാക്കിയുള്ളവര്‍ക്കും ബാധ്യതയൊന്നുമില്ല.

അതുകൊണ്ട് ശ്രീ വിജയന്‍ സ്വന്തം സര്‍ക്കാരിന്റെ നിലപാടുകളേക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ ആദ്യം പരിഹരിക്കൂ. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ താങ്കളാണ് ഒളിച്ചുകളിക്കുന്നത്:

1) കേരളത്തില്‍ താങ്കള്‍ മുന്നോട്ടു കൊണ്ടുപോയ എന്‍പിആര്‍ പ്രവര്‍ത്തനങ്ങളേക്കുറിച്ച് പ്രതിപക്ഷ നേതാവടക്കം വിമര്‍ശനമുയര്‍ത്തിയതിനെ അംഗീകരിച്ച് എല്ലാ നടപടികളും നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നുവല്ലോ. എന്നാലിപ്പോഴും ആ നടപടികള്‍ തുടരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ ആവശ്യത്തിനായി കോളേജ് അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ഇപ്പോഴും എന്‍പിആര്‍ തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടക്കുന്നു. ഈ ഭരണത്തില്‍ പോലീസ് വകുപ്പില്‍ മാത്രമല്ല, ഏതെങ്കിലും വകുപ്പില്‍ താങ്കള്‍ക്ക് എന്തെങ്കിലും നിയന്ത്രണം നിലനില്‍ക്കുന്നുണ്ടോ?

2) പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ച സംയുക്ത നിയമസഭാപ്രമേയം എന്ന ആശയം പിന്നീട് താങ്കളുടെ നേട്ടമാക്കി മാറ്റാനുള്ള പിആര്‍ വര്‍ക്കാണല്ലോ നടത്തിയത്. അതെന്തോ ആവട്ടെ. ഏതായാലും കേരളത്തിന്റെ പൊതുവികാരമായ ആ പ്രമേയത്തെ ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന സംഘ് പരിവാര്‍ നോമിനി ഒരു ജനാധിപത്യ മര്യാദയുമില്ലാതെ തള്ളിക്കളഞ്ഞപ്പോള്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല, ആ പ്രമേയം സഭയില്‍ അവതരിപ്പിച്ച സഭാനേതാവ് എന്ന നിലയില്‍ക്കൂടി ആര്‍ജ്ജവത്തോടെ ഒരു പ്രതികരണം ഈ നാട് താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ട് ഇതുവരെ അതുണ്ടാവുന്നില്ല?

3) ഇന്ത്യന്‍ ഹിംലര്‍ അമിത് ഷാ അടുത്ത ദിവസം രാഷ്ട്രീയ പ്രചരണത്തിനായി കേരളത്തില്‍ വരുന്നു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ഉദ്ദേശ്യമെന്ന് ഏവര്‍ക്കുമറിയാമെങ്കിലും അതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തടയാനൊന്നുമുള്ള പാങ്ങ് താങ്കള്‍ക്കുണ്ടെന്ന് പോരാളി ഷാജി പോലും വിശ്വസിക്കുന്നുണ്ടാവില്ല. അയാള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളം അയാള്‍ക്ക് പറന്നിറങ്ങാന്‍ തുറന്നുകൊടുത്ത ഇരട്ടച്ചങ്കനാണല്ലോ താങ്കള്‍. എന്നാല്‍ കോണ്‍ഗ്രസിനെ ഭര്‍ത്സിക്കാന്‍ സമയം കണ്ടെത്തിയ ആ ഡിഫി വേദിയില്‍ വെച്ച് അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരെ ഒരു നേരിയ വിമര്‍ശനമെങ്കിലും മുന്നോട്ടുവക്കാന്‍ കഴിയാത്ത ഭീരുവാണോ താങ്കള്‍ ശ്രീ വിജയന്‍?

4) എന്‍ആര്‍സി നടപ്പാക്കില്ല എന്ന താങ്കളുടെ ഇപ്പോഴത്തെ പ്രഖ്യാപനം യുഎപിഎ നടപ്പാക്കില്ല എന്ന മുന്‍ പ്രഖ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് എന്തടിസ്ഥാനത്തില്‍ കേരളം വിശ്വസിക്കണം ശ്രീ പിണറായി വിജയന്‍?