മദ്യം ലഭിക്കാതെയുള്ള മരണവും കടപ്ലാമറ്റത്തെ സ്ലീവാച്ചനും; കെട്ട്യോളാണെന്റെ മാലാഖ- ഒരു അപാരത

കോവിഡ് 19 ബാധ തടയാൻ വേണ്ടി സര്ക്കാർ മദ്യ വിതരണ ശാലകളും പൂട്ടിയിരുന്നു. കടുത്ത മദ്യാസക്തി ഉള്ളവരിൽ മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് തിരിച്ചറിഞ്ഞ് തന്നെ ആയിരുന്നു സര്ക്കാർ തീരുമാനം. മദ്യം ലഭിക്കാത്തതിന്റെ പേരിൽ ജീവൻ ഓടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഈ വിഷയത്തെ അടുത്ത കാലത്തിറങ്ങിയ കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുകയാണ് കാനഡയിലെ പ്രവാസി മലയാളിയായ സേനു ഈപ്പന്‍ തോമസ്.

സേനു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്;

Loading...

ലോക്ക് ഡൗണിനെ തുടർന്ന് മദ്യം കിട്ടാത്തത് കൊണ്ട് യുവാവ് മരിച്ചു. വാർത്ത വായിച്ചു കേരളം ചിരിച്ചു.. സത്യത്തിൽ ചിരിച്ചു തള്ളേണ്ട ഒരു വാർത്തയല്ല ഇത്. അമിതമായ മദ്യപാനം നിമിത്തം ദുരിതം അനുഭവിക്കുന്ന എത്രയോ ആളുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്..

ഈ അടുത്ത കാലത്ത്, മലയാളി കൊട്ടി ഘോഷിച്ച ഒരു സിനിമ ഉണ്ട്.. നിസ്സാം ബഷീർ സംവിധാനം ചെയ്ത, ആസിഫ് അലി പ്രധാന കഥാപാത്രമായി അഭിനയിച്ച കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം. ഈ ചിത്രം കണ്ട മലയാളികളിൽ ഭൂരിപക്ഷവും കണ്ടത് പൊട്ടനായ, ശിശുവായ, സ്ലീവാച്ചനെ മാത്രമാണ്.

സിനിമയുടെ തുടക്കത്തിൽ തന്നെയുള്ള പാട്ടു സീനിൽ, അതിരാവിലെ റബർ വെട്ടാനായി പോകുന്ന സ്ലീവാച്ചൻ, പാറയുടെ മുകളിൽ കയറി നിന്ന് ഒരു കുപ്പിയിൽ നിന്നും ഒരു ദ്രാവകം കുടിക്കുന്നുണ്ട്. അത് ആ കുടിയിൽ നിന്ന് തന്നെ മിൽമ അല്ലെന്നു വ്യക്തമാണ്. വെളുപ്പാൻക്കാലത്ത് ഒക്കെ ഇത്തരം കുടിയുള്ളവൻ, വെറും ഒരു മദ്യപാനിയല്ലെന്ന് സംവിധായകൻ പറയാതെ പറയുന്ന സീൻ . ഇനി സിനിമയുടെ ആഴങ്ങളിലേക്ക് ….

കടപ്ലാമറ്റത്ത് സ്ലീവാച്ചൻ എന്ന വീട്ടുകാരുടെ കുട്ടായി, ആദ്ധ്വാനിയായ ഒരു കൃഷിക്കാരനാണ്. കടപ്ലാമറ്റത്തെ ഇളയ സന്തതി.. വീട്ടുകാര്യങ്ങൾ എല്ലാം നോക്കി നടത്തുന്നവൻ.. എന്നിട്ടും അവൻ സ്വന്തം വീട്ടിലെ റബർ ഷീറ്റ്, മുണ്ടിന്റെ ഇടയിൽ തിരുകി, റബർ കടയിൽ കൊണ്ട് വിറ്റ്, കൂട്ടുകാർക്കൊപ്പം മദ്യപിക്കുന്ന സ്ലീവാച്ചൻ

ബോംബെ സജീവനെ പോലെയുള്ള കൂട്ടുകാരുടെ പൊട്ട തള്ളുകൾ കേട്ട് പുരുഷത്വം കാട്ടാൻ, മദ്യപിച്ചു ഭാര്യയെ മൃഗീയമായി റേപ്പ് ചെയുന്ന സ്ലീവാച്ചൻ..

റേപ്പിനു ശേഷം ഭാര്യ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആയ വിവരം അറിഞ്ഞു, വിവാഹ മോതിരം വരെ പണയം വെച്ച് മദ്യം മേടിച്ചു സേവിക്കുന്ന സ്ലീവാച്ചൻ… അതിനു ശേഷം സ്വബോധമില്ലാതെ ആശുപത്രിയിലേക്ക് ചെല്ലുന്ന മ്മ്‌ടെ “കുട്ടായിയെ” കാര്യങ്ങൾ “സീരിയസാണെന്നു” ബോദ്ധ്യപ്പെടുത്തുന്ന ഡോക്ടർ, ഉപദേശിക്കാമെന്നു ഉറപ്പു കൊടുക്കുന്ന അച്ചൻ…. സ്റ്റഡി ക്ലാസ്സുകൾ കൊടുക്കുന്ന പെങ്ങൾ…പരിഹസിക്കുന്ന നാട്ടുകാർ, റിന്സിയുടെ കണ്ണുനീർ… എല്ലാം സ്ലീവാച്ചനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു.

ഏറ്റവും ഒടുവിൽ, റിന്സിയുടെ വീട്ടിൽ, റിന്സിയെ കൊണ്ടാക്കാൻ ചെല്ലുന്ന അവസരത്തിൽ മദ്യപിക്കാൻ നിർബന്ധിക്കുന്ന അമ്മാവന്മാരോട് ഞാൻ മദ്യപാനം നിർത്തി എന്ന് പറയുന്ന സ്ലീവാച്ചൻ… അപ്പോൾ അമ്മാവന്മാർ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. കല്യാണം കഴിഞ്ഞു കുറഞ്ഞൊരു ദിവസം കൊണ്ട് നീ അവനെ ഇങ്ങനെയൊക്കെ ആക്കിയോ എന്നു…

അതെ ആ മദ്യപാനം എന്ന വിപത്തിൽ നിന്നും പൂർണ്ണമായി മോചനം നേടിയപ്പോൾ മാത്രമാണ് സ്ലീവാച്ചനു, കെട്ട്യോളാണ് എന്റെ മാലാഖ എന്ന ബോധം തന്നെ ഉള്ളിൽ ഉണ്ടാകുന്നത്. ..

പക്ഷെ നമ്മൾ മലയാളികൾ, സ്ലീവാച്ചൻ റിന്സിയെ റേപ്പ് (Marital Rape) ചെയ്യുന്നതോടെ പിന്നെ അതിന്റെ പുറകെ പോയി.. സ്ലീവാച്ചന്റെ പൊട്ടത്തരത്തെയും അജ്ഞതയെയും പരിഹസിച്ചപ്പോൾ നമ്മൾ സ്ലീവാച്ചനിലെ ആ കൊടും കുറ്റവാളിയായ മദ്യപാനിയെ കണ്ടില്ല… ആ മദ്യപാനി ഉണ്ടാക്കിയ വിപത്തുകൾ കണ്ടില്ല.. മദ്യപാനം തകർത്ത ജീവിതത്തെ കണ്ടില്ല… അമിത മദ്യപാനവും, മദ്യപാനാസക്തിയും ഒരു രോഗമാണ്… ചികിത്സ വേണ്ടുന്ന രോഗം.

കേരളത്തിലെ ബീവറേജസിന്റെ മുൻപിലെ നീളൻ ക്യൂവുകൾ കാണുമ്പോൾ പരിഹസിക്കുന്ന നമ്മൾ, ഇവരിൽ എത്ര ആളുകൾ കടുത്ത മദ്യപാന രോഗികൾ ആണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ?? നമ്മൾ ഇത്തരം കാര്യങ്ങൾ നിസ്സാരമായി കാണരുതെന്ന ഓർമ്മപ്പെടുത്തലുകൾ ആണ് ഈ മരണം ചൂണ്ടി കാണിക്കുന്നത്.

അതെ മദ്യപാനം ആരോഗ്യത്തിനു ഹാനികരം തന്നെയാണ്..