വാളയാറില്‍ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി, ലഹരിക്ക് വീര്യം കൂട്ടാൻ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചു, സോപ്പുചുവയുളള ദ്രാവകമാണ് കുടിച്ചതെന്ന് മൊഴി

പാലക്കാട്: വാളയാറിൽ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടുദിവസത്തിനിടെ അഞ്ചുപേരാണ് ചെല്ലങ്കാവ് കോളനിയിൽ മദ്യപിച്ചതിനെ തുടർന്ന് മരിച്ചത്. ചെല്ലങ്കാവ് കോളനി നിവാസിയായ അരുൺ ആണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അവശനിലയിലായ അരുൺ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കഴിഞ്ഞദിവസം മരിച്ച അയ്യപ്പൻറെ മകനാണ് അരുൺ.

തിങ്കളാഴ്ച പുലർച്ചെ മരിച്ച ശിവൻറെ പോസ്റ്റുമോർട്ടമാണ് പൂർത്തിയായത്. വിഷാംശം കലന്ന മദ്യം അകത്തുചെന്നു എന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനക്ക് സാംപിളയച്ചിട്ടുണ്ട്. ഇതിൻറെ ഫലം കിട്ടിയ ശേഷം മാത്രമേ, ഏത് തരം വിഷാംശമാണ് അകത്ത് ചെന്നതെന്ന നിഗമനത്തിൽ എത്താനാവു.

Loading...

സോപ്പുചുവയുളള ദ്രാവകമാണ് കുടിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്നവർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ഇതുശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ. ലഹരിക്ക് വീര്യം കൂട്ടാൻ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്ന് സൂചനകളുണ്ടായിരുന്നു.

നേരത്തെ അടക്കം ചെയ്ത രണ്ടുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിലവിൽ എട്ടുപേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവർക്ക് മദ്യം നൽകിയ ശിവൻ മരിച്ചത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. എവിടെ നിന്നാണ് വ്യാജമദ്യം എത്തിയതെന്ന് മനസ്സിലാക്കാൻ ഇനിയും സാധിച്ചിട്ടില്ല. പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ എക്സൈസും അന്വേഷണം തുടങ്ങി