സ്വപ്ന സുരേഷിനെ കാണാൻ ബന്ധുക്കൾക്ക് അനുമതി ലഭിച്ചു: രണ്ടാഴ്ചയിലൊരിക്കൽ സ്വപ്നയെ നേരിൽക്കണ്ട് ഒരു മണിക്കൂർ സംസാരിക്കാം

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാൻ ബന്ധുക്കൾക്ക് അനുമതി ലഭിച്ചു. സ്വപ്നയുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിലാണ് കോടതിയുടെ നടപടി. ഉത്തരവിൻറെ പകർപ്പുമായി സ്വപ്നയുടെ ബന്ധുക്കൾ തൃശൂരിലേക്ക് പോയി. ഭർത്താവിനും മക്കൾക്കും അമ്മയ്ക്കുമാണ് സ്വപ്നയെ കാണാൻ എൻഐഎ കോടതി അനുമതി നൽകിയത്. രണ്ടാഴ്ചയിലൊരിക്കൽ സ്വപ്നയെ നേരിൽക്കണ്ട് ഒരു മണിക്കൂർ സംസാരിക്കാമെന്നാണ് കോടതിയുടെ നിർദ്ദേശം.

അതേസമയം, സ്വപ്നയ്ക്കും റമീസിനും ഒരേസമയം ആശുപത്രിയിൽ ചികിത്സ നൽകിയതിൽ റിപ്പോർട്ടുതേടി ജയിൽവകുപ്പ് രംഗത്തെത്തി. തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായി സംസാരിച്ച് റിപ്പോർട്ട് നൽകാൻ വിയ്യൂർ ജയിൽ മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടു. സ്വപ്നയേയും റമീസിനെയും ഇന്നലെയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടർന്ന് സ്വപ്നയെ ആറുദിവസം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Loading...

ആരോഗ്യം തൃപ്തികരമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ശനിയാഴ്ച വിയ്യൂർ ജയിലിലേക്ക് മാറ്റി. നെഞ്ചുവേദന അനുഭവപ്പെട്ടതായി സ്വപ്ന അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചു. എക്കോ ടെസ്റ്റിന് വിധേയയായ സ്വപ്നയുടെ ആരോഗ്യനില മെഡിക്കൽ ബോർഡ് വിലയിരുത്തും.

അതിനിടെ, ആദ്യം ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് നഴ്സിൻറെ ഫോണിൽനിന്ന് ഉന്നതരെ സ്വപ്ന ബന്ധപ്പെട്ടുവെന്ന ആരോപണത്തിൽ സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാൽ സ്വപ്ന ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് നഴ്സുമാർ പറയുന്നു. ഇവിടെ പൊലീസ് കാവലുണ്ടായിരുന്നുവെന്നാണ് വാദം.

നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനെ ഇന്നലെ വീണ്ടും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ആറു ദിവസമാണ് സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞത്. മെഡിക്കൽ ബോർഡ് ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തിയ ശേഷമാണ് രണ്ട് ദിവസം മുമ്പ് ഡിസ്ചാർജ് ചെയ്തത്.

സ്വപ്നയെ ആശുപത്രിയിലെത്തിച്ച് അര മണിക്കൂറിനകം മറ്റൊരു പ്രതി റമീസിനെയും വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ട് പേരുടെയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരിൽ നിന്നും വിവരം തേടി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.