ഹിന്ദുക്കളുടെ മുന്നില്‍ വെച്ച്‌ മുഹമ്മദ് റിസ്‌വാന്‍ നിസ്‌കരിച്ചത് തനിക്ക് ഇഷ്ടമായെന്ന് പരാമര്‍ശം; വിവാദമായതോടെ ക്ഷമ ചോദിച്ച്‌ വഖാര്‍ യുനീസ്

ദുബായ് : ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ചയായിരുന്നു. പാകിസ്താന്‍ ബാറ്റ്‌സ്മാന്മാരായ മുഹമ്മദ് റിസ്വാനെയും ബാബറിനെയും ഇന്ത്യന്‍ താരങ്ങളെയും പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തുകയുമുണ്ടായി. ഇന്ത്യ-പാക് മത്സരത്തിനിടെ മുഹമ്മദ് റിസ്‌വാന്‍ ഹിന്ദുക്കള്‍ക്ക് മുന്നില്‍ വെച്ച്‌ നിസ്‌കരിച്ചത് ഏറെ സവിശേഷമായി തോന്നി എന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് പ്രതികരിച്ചത്. എന്നാല്‍ ഇത് വിവാദമായതോടെ യുനീസ് ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഒരു വാര്‍ത്താ ചാനലിലെ ടോക്ക് ഷോയിലായിരുന്നു യുനീസിന്റെ വിവാദ പരാമര്‍ശം. പാകിസ്താന്‍ ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്ത രീതിയെ അഭിനന്ദിച്ച വഖാര്‍ യൂനിസ് മുഹമ്മദ് റിസ്‌വാനെ കൂടുതല്‍ പ്രശംസിച്ചു. മത്സരത്തിനിടെ ഹിന്ദുക്കളുടെ മുന്നില്‍ വെച്ച്‌ റിസ്‌വാന്‍ നിസ്‌കരിച്ചത് തനിക്ക് വളരെ സവിശേഷമായി തോന്നി എന്നാണ് യുനീസ് പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ ആഗോളതലത്തില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് പാക് താരം ക്ഷമ ചോദിച്ചത്.

Loading...

നിരവധി ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശമാണ് താന്‍ നടത്തിയത് എന്ന് യുനീസ് ട്വിറ്ററില്‍ കുറിച്ചു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല അത് പറഞ്ഞത്. തെറ്റ് ചെയ്തതിന് ക്ഷമ ചോദിക്കുന്നുവെന്നും യുനീസ് പറഞ്ഞു. ജാതിയും വര്‍ണ്ണവും മതവും നോക്കാതെയാണ് കായിക ലോകം ആളുകളെ ഒന്നിപ്പിക്കുന്നത് എന്നും യുനീസ് വ്യക്തമാക്കി.