ഉരുള്‍പൊട്ടല്‍: പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു; സൈന്യം രംഗത്ത്

Loading...

വയനാട്: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം സംഭവിച്ച വയനാട് പുത്തുമല, മലപ്പുറം കവളപ്പാറ എന്നിവിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുപ്പത് അംഗ സൈന്യം എത്തിയിട്ടുണ്ട്
മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് കവളപ്പാറയില്‍ തിരച്ചില്‍ നടത്തുന്നത്. കാലാവസ്ഥ അനുകൂലമായത് തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുക്കൂട്ടല്‍. സൈന്യത്തിനൊപ്പം ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കെടുക്കുന്നു.
ഇതുവരെ ഒന്‍പത് പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍നിന്ന് കണ്ടെടുത്തത്. എന്നാല്‍ ഒരാഴ്ചയോളം ശ്രമിച്ചാലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാകുമോ എന്നതിലും ആശങ്കയുണ്ട്.
പുത്തുമലയില്‍ ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും എട്ടുപേരെ കണ്ടെത്താനുണ്ടെന്ന് കല്‍പറ്റ എഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. അരവണന്‍, അബൂബക്കര്‍, റാണി, ശൈല, അണ്ണാ, ഗൗരി ശങ്കര്‍, നബീസ്, ഹംസ എന്നിവരേയാണ് കാണാതായതെന്ന് ജില്ലാഭരണകൂടം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു.