കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; യുഎഇയില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച വരെ കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിലായി അബുദാബിയിലും രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്ത പൊടിക്കാറ്റ് വാശാന്‍ സാധ്യതയുള്ളതിനാല്‍ റോഡുകളിലെ ദൂരക്കാഴ്‌ചെ സാരമായി ബാധിക്കും.

ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. നവംബര്‍ 18 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കടലില്‍ തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രത്യേകിച്ചും വിജനമായ കടലില്‍ ഒറ്റയ്ക്ക് കുളിക്കാനോ നീന്താനോ ഇറങ്ങുന്നത് പാടില്ലെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Loading...

ആസ്മ പോലുളള അലര്‍ജി രോഗമുള്ളവരും വാഹനം ഓടിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം യുഎഇയുടെ കിഴക്കന്‍ മേഖലകളിലും ഒമാനിലും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. മൂടല്‍ മഞ്ഞും പ്രതീക്ഷിക്കാം. 7 അടി വരെ ഉയരത്തില്‍ തിരകള്‍ രൂപം കൊള്ളുമെന്നതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, ഒറ്റയ്ക്കു കടലില്‍ ഇറങ്ങുകയോ വിജന തീരങ്ങളില്‍ പോകുകയോ ചെയ്യരുതെന്നും ദുബായ് പൊലീസ് മുന്നറിയിപ്പു നല്‍കി. മൂടല്‍ഞ്ഞിനു സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.