കോടികൾ മുടക്കുന്ന വിവാഹ ‘ധൂർത്തിന്റെ’ കാലത്ത് 20,000 രൂപ മുടക്കി ഒരു വിവാഹ സൽക്കാര വിരുന്ന്

2018 ഒരു തരത്തിൽ പറഞ്ഞാൽ വിവാഹങ്ങളുടെ വർഷമായിരുന്നു. ബോളിവുഡ് സെലിബ്രിറ്റികൾ മുതൽ നമ്മുടെ പരിചയക്കാർ വരെ എത്ര പേരാണ് ഈ വർഷം വിവാഹിതരായത് ? ഓരോ തവണ ഫേസ്ബുക്ക് ന്യൂസ് ഫീഡ് റിഫ്രഷ് ചെയ്യുമ്പോഴും ഒരു വിവാഹ വാർത്തയെങ്കിലും കാണാം എന്ന തരത്തിൽ വരെ മീമുകൾ പ്രചരിച്ചു. ദീപിക പദുക്കോൺ, പ്രിയങ്കാ ചോപ്ര, ഇഷാ അംബാനി എന്നിവർ വിവാഹത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞപ്പോൾ ഇവരുടെ ‘സൂപ്പർ ലക്ഷുറി’ വിവാഹ വിരുന്നുകളും ചർച്ചയായിരുന്നു. ഇന്ന് ലക്ഷങ്ങളാണ് സാധരണക്കാർ പോലും വിവാഹ സൽക്കാര വിരുന്നുകൾക്കായി ചെലവാക്കുന്നത്. ഇതിനിടയിലാണ് വെറും 20,000 രൂപ മുടക്കി വിവാഹ സൽക്കാര വിരുന്ന് നടത്തിയ ഒരു യുവാവിന്റെ ട്വീറ്റ് ചർച്ചയാകുന്നത്.

പാകിസ്ഥാൻ സ്വദേശിയായ റിസ്വാനാണ് 20,000 രൂപയ്ക്ക് വിവാഹ സൽക്കാര വിരുന്ന് നടത്തിയത്. വിവാഹങ്ങൾ ‘ഷോ ഓഫി’നുള്ള വേദികൂടിയായി മാറിയ ഇക്കാലത്ത് ലളിതമായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 25 പേരെ മാത്രം ക്ഷണിച്ച് സ്വന്തം വീടിന്റെ ടെറസിൽ വിവാഹ വിരുന്നൊരുക്കി റിസ്വാൻ വ്യത്യസ്തനാവുകയാണ്. എങ്ങനെയാണ് 20,000 രൂപയ്ക്ക് വിവാഹ സൽക്കാര വിരുന്നൊരുക്കിയതെന്ന് വിശദമായി പറയുകയാണ് റിസ്വാൻ തന്റെ ട്വീറ്റിലൂടെ

Loading...

മാതാപിതാക്കളും, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വിവാഹ സൽക്കാര വിരുന്നിൽ പങ്കെടുത്തത് വെറും 25 പേർ. ചിക്കൻ ടിക്ക, സീഖ് കബാബ്, പഠൂരെ, ചനെയ് ഹൽവ, സ്‌ട്രോബറി….ഇതായിരുന്നു വിരുന്നിന്റെ മെനു. ഒരു സുഹൃത്താണ് ഭക്ഷണം തയ്യാറാക്കാനുള്ള പാചകക്കാരെ നൽകിയത്. ചിക്കനും മറ്റു മസാലകളും റിസ്വാൻ തന്നെ വാങ്ങി. റിസ്വാന്റെ ഭാര്യയാണ് സ്റ്റാർട്ടറായ ഖട്ടെ ആലു ഉണ്ടാക്കിയത്. അച്ഛൻ ഫെയറി ലൈറ്റ്‌സ് കൊണ്ട് ടെറസ് അലങ്കരിച്ചു.പ്രദേശത്തുള്ള ഇലക്ഷൻ കമ്മിറ്റിയിൽ നിന്നും റിസ്വാൻ 25 കസേരകൾ വാടകയ്ക്ക് എടുത്തു. ഒരു സുഹൃത്താണ് സ്‌ട്രോബെറിയും ഐസ്‌ക്രീമും കൊണ്ടുവന്നത്. ആ സുഹൃത്ത് തന്നെയാണ് ഭക്ഷണം വെക്കാനുള്ള മേശകൾ കൊണ്ടുവന്നതും. വിവാഹ സൽക്കാര വിരുന്നിൽ റിസ്വാനും ഭാര്യയും അണിഞ്ഞത് നീല സൽവാർ കമീസാണ്. അമ്മയും സഹോദരിയുമാണ് ഈ വസ്ത്രം സമ്മാനിച്ചത്.

ഞാൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നുവെച്ചാൽ, ശാന്തമായിരിക്കൂ. നിങ്ങൾക്ക് എത്രമാത്രം താങ്ങാൻ കഴിയുമോ, അത്രമാത്രം ചെലവഴിക്കൂ. സന്തോഷമായിരിക്കൂ. ചെറുതായിക്കോടെ, വലുതായിക്കോടെ, എല്ലാ വിവാഹവും സന്തോഷമുള്ളതായിരിക്കണം. എല്ലാവരും സന്തോഷത്തോടെയിരിക്കൂ. ബൈ’. – റിസ്വാൻ ട്വീറ്റ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്.