ഏഴ് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട വിവാഹ മോതിരം തിരികെ കിട്ടി, ഞെട്ടി കുടുംബം

കൊച്ചി സ്വദേശി മില്‍ട്ടണ്‍ വര്‍ഗീസും കുടുംബവും സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല ഏഴ് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട വിവാഹ മോതിരം തിരികെ കിട്ടിയിരിക്കുകയാണ്. ഏഴ് വര്‍ഷം മുമ്പ് മില്‍ട്ടന്റെ ഭാര്യ നിമ്മിയുടെ വിവാഹമോതിരമാണ് കാണാതായത്. വിറ്റുപോയ അലമാരക്കുള്ളിലായിരുന്നു മോതിരം. അലമാരി വാങ്ങിയയാള്‍ മോതിരം തിരികെ നല്‍കി. ആലുവ സ്വദേശിയായ ബാബു ജോസഫും ഭാര്യയുമാണ് അലമാരിയില്‍ നിന്നും ലഭിച്ച മോതിരം തിരികെ നല്‍കിയത്. ഏഴ് വര്‍ഷത്തിന് ശേഷം വിവാഹ വാര്‍ഷികത്തോടടുത്ത ദിവസമാണ് ഇവര്‍ക്ക് വിവാഹ മോതിരം തിരികെ ലഭിച്ചത്. മില്‍ട്ടണ്‍ വര്‍ഗീസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചത്.

മില്‍ട്ടണ്‍ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഏട്ടു വര്‍ഷം മുമ്പ്, ഭാര്യയുടെ കാണാതായ വിവാഹമോതിരവുമായി ഇന്ന് രണ്ട് അഥിതികള്‍ വീട്ടിലെത്തി . കാക്കനാട് രാജേഷ് എക്സ്പോര്‍ട്ടില്‍ സുരക്ഷാ ജീവനക്കാരനായ, ആലുവ തോട്ടക്കാട്ടുകര ജംഗ്ഷനടുത്ത് താമസിക്കുന്ന കൊല്ലമ്മ പറമ്പില്‍ ബാബു ജോസഫും ഭാര്യയും.

ഏഴുവര്‍ഷം മുമ്പ് വീടും ഓഫിസും മാറിയ സമയത്ത് വീട്ടിലെയും ഓഫിസിലെയും ഫര്‍ണിച്ചറുകളെല്ലാം വിറ്റിരുന്നു. അന്ന് ഞങ്ങള്‍ വിറ്റ ആളുടെ കയ്യില്‍ നിന്നും ഒരു സ്റ്റീല്‍ അലമാര ഇദ്ദേഹം വാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന് ശേഷം ഉപയോഗിക്കാതെ പുറത്തുവച്ചിരുന്ന അലമാര കുറച്ച് ദിവസം മുന്‍പ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റക്കായിരുന്ന ഡ്രോവറിന്റെ ഡോറിന്റെ വിടവിനുള്ളില്‍ കുരുങ്ങി ഇരിക്കുന്ന നിലയില്‍ ലഭിച്ചതാണ്

വളരെ ബുദ്ധിമുട്ടി ഞങ്ങളെ കണ്ടു പിടിക്കാനും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഒരു ബന്ധുവാന്നെന്ന് പറഞ്ഞ് കാര്യം പറയാതെ വിളിച്ച് സസ്പെന്‍സ് നിലനിര്‍ത്തി വിവാഹ വാര്‍ഷികത്തിന്റെ അടുത്ത ദിവസം തന്നെ വളരെ ബുദ്ധിമുട്ടി ഞങ്ങളെ തേടിയെത്തിയ ബാബുച്ചേട്ടനും ഭാര്യയും കാണിച്ച നല്ല മനസ്സിന് ഒത്തിരി നന്ദി