കുമ്പസാരം മനുഷ്യാവകാശ ലംഘനവും സ്ത്രീപീഡനവും ആകുമ്പോൾ

പുരോഹിതർ നില്ക്കൂ..നിങ്ങൾ അങ്ങിനെ ഏകപക്ഷീയമായി കുമ്പസാരത്തേയും ബൈബിളിനേയും വ്യാഖ്യാനിക്കേണ്ട. ആ അറിവിന്റെ ലോകം ആല്മായർക്കും കൂടി ഉള്ളതാണ്‌.ആല്മായർക്കും പറയാനുണ്ട്. വൈദീകർ ഇത്തരം ചർച്ചകൾ ഏകപക്ഷീയമായി നടത്തുന്നത് സെല്ഫ് ഗോളിനു തുല്യമാകും. ഞങ്ങൾക്കും പറയാനുണ്ട്. ഇതും കൂടി കേൾക്കുക. കാരണം കുമ്പസാരവും കുർബാനയും വൈദീകരുടെ കുത്തുകയല്ല.ഭർത്താവിനോട് പറയാൻ പോലും മടിക്കുന്ന വലിയ രഹസ്യം മറ്റൊരു പുരുഷനുമായി പങ്കുവയ്ച്ചാൽ അവളുടെ ജീവിതത്തിൽ ആരാകും വലിയ പുരുഷൻ? ഭർത്താവിനേക്കാൾ അവളുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആരാകും. മാനസീകമായി അവൾ രഹസ്യം സൂക്ഷിക്കുന്ന പുരുഷനേ അറിയാതെ സ്നേഹിക്കുകയും അടിമപ്പെടുകയും ചെയ്യും. ഇത് സത്യമായ മനശാസ്ത്രമാണ്‌- നോവലിസ്റ്റും ബ്ളോഗറുമായ ഗീവർഗീസ് ഇടിച്ചെറിയ പ്രവാസി ശബ്ദത്തിൽ എഴുതുന്നു

കുമ്പസാരം എന്ന ആചാരത്തിന്‍റെ മറവില്‍ ചില ക്രിസ്തീയസഭകളില്‍ നടന്നു വരുന്ന മനുഷ്യാവകാശ ലംഘനവും സ്ത്രീപീഡനവും ഇന്ന്‍ പുതുമ നശിച്ച വാര്‍ത്തയായി മാറിക്കഴിഞ്ഞിരിക്കുന്നു. അത്രയധികം വാര്‍ത്തകളും കേസുകളും ആണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതു ഒരു സാമുഹ്യപ്രശ്നമായി വളരുന്നതിനാല്‍ കുമ്പസാരം എന്ന അനാചാരവും അതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനവും സ്ത്രീപീഡനവും നിര്‍ത്തലാക്കുവാന്‍ വേണ്ട ഉത്തരവുകള്‍ അതിന് അധികാരപ്പെട്ടവരില്‍ നിന്നും എത്രയും വേഗം ഉണ്ടാകേണ്ടിയിരിക്കുന്നു. അങ്ങനെ ഈ അനാചാരത്തെ നമ്മുടെ സമൂഹത്തില്‍ നിന്നു നീക്കണമെന്നാണു്, ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നതും. അതു വിജയിക്കണമെങ്കില്‍ ക്രിസ്തീയ വിശ്വാസികള്‍ ഉണരുകയും കുമ്പസാരം പോലെയുള്ള അനാചാരങ്ങള്‍ ബഹിഷ്ക്കരിക്കുകയും ചെയ്യേണ്ടതായിട്ടുമുണ്ട്.

Loading...

ആദ്യമേ തന്നെ അറിയിക്കട്ടെ; ഈ ലേഖനം ചില ക്രിസ്തീയസഭകളെയോ പുരോഹിതന്മാരെയോ ഏതെങ്കിലും വിധത്തില്‍ അവഹേളിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ, അവര്‍ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ വില കുറച്ചു കാട്ടാനോ അല്ല. പിന്നെയോ, പണ്ടെങ്ങോ സഭാംഗങ്ങള്‍ക്കു് അറിവില്ലാത്ത കാലത്ത്, ബൈബിള്‍ സുലഭമായി ലഭിക്കാതിരുന്നതിനാല്‍ അതിലെ സത്യങ്ങള്‍ വായിച്ചറിയുവാനും പരിജ്ഞാനം പ്രാപിക്കുവാനും സാധിക്കാതിരുന്ന കാലത്ത്, ദുരുദ്ദേശ്യത്തോടെ ചിലര്‍ എഴുതി നടപ്പാക്കിയ അനാചാരങ്ങളെയും അനുഷ്ടാനങ്ങളെയും മാറ്റി.  വിദ്യാഭ്യാസത്തിലൂടെയും ബൈബിള്‍വചനങ്ങള്‍ വായിച്ചു കിട്ടിയ ദൈവവചനപരിജ്ഞാനത്തിലൂടെയും വിശ്വാസികള്‍ നേടിയ അറിവിന്‌ അനുസൃതമായി, കാലോചിതയും ബൈബിള്‍വചനപ്രകാരവും സത്യസന്ധമായി ദൈവഹിതത്തിനനുസരിച്ചു വിശ്വാസജീവിതം ക്രമപ്പെടുത്തുവാന്‍, വിശ്വാസികള്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുന്നതിനു വേണ്ടി മാത്രമാകുന്നു.

എന്താണു കുമ്പസാരം? കുമ്പസാരം എന്നു പൊതുവായി അറിയപ്പെടുന്നത് താഴെ വിവരിക്കുന്നു.

ചില ക്രിസ്തീയസഭകളില്‍ പ്രത്യേകിച്ച് ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലും കാത്തോലിക്കാ വിഭാഗങ്ങളിലും വിശ്വാസികളെ, പുരോഹിതരുടെ മുന്‍പില്‍ നിര്‍‍‍ബ്ബന്ധമായി മുട്ടുകുത്തിച്ചു നിര്‍ത്തി പാപങ്ങള്‍ ഏറ്റു പറയിക്കുന്ന ആചാരം ഉണ്ട്. അതിനെയാണ് കുമ്പസാരം ആയി അറിയപ്പെടുന്നത്.

ദൈവ മുന്‍പാകെ ഒരു വിശ്വാസി പാപജീവിതം ഉപേക്ഷിച്ചു് അനുതപിക്കണം എന്നതാണു് ദൈവവചനപ്രകാരമുള്ള നിയമം. ഈ ആവശ്യത്തെ മുന്‍നിര്‍ത്തി ചമച്ച തെറ്റായ ആചാരം മാത്രമാണു്, ഈ കുമ്പസാര രീതി. ഇതിനു ബൈബിള്‍ പ്രകാരം യാതൊരു വിലയോ അടിസ്ഥാനമോ ഇല്ല.

അതു സ്ത്രീകളുടെ ഉള്ളിലുള്ള ലൈംഗികവും വ്യക്തിപരവുമായ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പുരോഹിതനു അവസരങ്ങള്‍ നല്‍കുന്നതിനാല്‍ അതുവഴി വെറുമൊരു മനുഷ്യനായ പുരോഹിതന്‍റെ മുന്‍പില്‍ എന്നും അവള്‍ ഒരു അവഹേളന വസ്തുവിനെപോലെ കഴിയേണ്ടി വരുകയും ചെയ്യുന്നു. പുരോഹിതനും സാധാരണ മനുഷ്യനെപോലെ ബലഹീനനും പാപിയും സകലവിധ വികാരങ്ങള്‍ക്കും അടിമപ്പെട്ടവനും ആണു്. പുരോഹിതരില്‍ വളരെ ചുരുക്കംപേര്‍ കാമാസക്തി ഉള്ളവരുമാകാം. അതിനാല്‍ കുമ്പസാരം എന്ന ഈ ഏറ്റുപറച്ചില്‍ വഴി ദുര്‍വൃത്തരായ ആ പുരോഹിതര്‍ക്ക് സ്ത്രീകളെ കൂടുതല്‍ വഴി തെറ്റിക്കാനും തന്‍റെ ലൈംഗികാവശ്യങ്ങള്‍ക്ക് അവളെ ഉപയോഗിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കുന്നു. തന്‍റെ അത്തരം പാപങ്ങള്‍ അറിയാവുന്ന ഒരു പുരുഷന്‍റെ മുന്‍പില്‍ പ്രത്യേകിച്ചു ഒരു പുരോഹിന്‍റെ മുന്‍പില്‍ അവള്‍ വഴങ്ങി കൊടുക്കേണ്ടി വരികയും ചെയ്യുന്നു.

പലരും സമൂഹത്തെയും സഭയെയും ഭയന്ന്‍ ഇതു സമ്മതിക്കില്ല. എങ്കില്‍കൂടി അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകും എന്ന് ചില പുരോഹിതരും സ്ത്രീകളും ഉള്‍പെട്ട പഴയകാലത്തെ കോളിളക്കം സൃഷ്ടിച്ച പല പോലീസ് കേസുകളും ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന പല സംഭവങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. (ഉദാഹരണമായി, കോട്ടയത്തിനടുത്തു് പാലുകൊണ്ടുപോയി കൊടുത്തുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ പുരോഹിതന്‍ കൊന്ന സംഭവം. (പുരോഹിതനെ ശിക്ഷിക്കുകയും ചെയ്തു). ഇപ്പോഴും പുരോഹിതര്‍ ഉള്‍പ്പെട്ട ചില കേസുകള്‍ നടക്കുന്നുമുണ്ടല്ലോ. വിദേശ രാജ്യങ്ങളില്‍ പോലും ഇത്തരം ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില ബിഷപ്പുമാരും പുരോഹിതരും, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളെ മാത്രമല്ല, ചില കൌമാരപ്രായക്കാരായ ആണ്‍കുട്ടികളെയും ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും തങ്ങളുടെ സ്ഥാനം ഉപയോഗിച്ചു പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നും, പല സഭകളും അത്തരക്കാരെ പുറത്താക്കിയിട്ടുണ്ട് എന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ടു്. പുരോഹിതര്‍ പുറത്താക്കപ്പെട്ടാലും സ്ത്രീകളും യുവാക്കളും പിന്നീടു് അനുഭവിക്കുന്ന മാനസികവും സമുഹ്യവുമായ പീഡനങ്ങള്‍ അതിലും എത്രയോ വലുതാണു്, അധികമാണ് എന്ന് നാം ഏവര്‍ക്കും അറിയാം. സ്ത്രീകളുടെ കുടുംബബന്ധങ്ങള്‍ പോലും തകര്‍ത്തുകളയാന്‍ ഇത്തരം സംഭവങ്ങള്‍ കൊണ്ടു സാധിക്കുന്നതാണു്.

അതിനാല്‍, പുരോഹിതരുടെ മുന്‍പില്‍ വിശ്വാസികളെ നിര്‍‍‍ബ്ബന്ധമായി മുട്ടുകുത്തിച്ചു നിര്‍ത്തി, തങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ഏറ്റുപറയിക്കുന്ന ആചാരം, അവരെ സമൂഹമദ്ധ്യത്തിലും ക്രിസ്തീയസഭയുടെ മുന്‍പിലും ദൈവത്തിനു മുന്‍പിലും അവഹേളിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന സത്യം മനസ്സിലാക്കി, അത് മനുഷ്യര്‍ എഴുതി വെച്ചിരിക്കുന്ന ഏതു വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായാലും പ്രമാണത്തിന്‍റെ അടിസ്ഥാനത്തിലായാലും അത്തരം ആചാരങ്ങള്‍ നിര്‍ത്തലാക്കി വിശ്വാസികളെ രക്ഷിക്കേണ്ട ആവശ്യം ഇന്ന്‍ സഞ്ജാതമായിരിക്കുന്നു. സംസ്കാരവും ഉന്നതവിദ്യാഭ്യാസവുമുള്ള ഇന്നത്തെ മനുഷ്യരുടെയും സമൂഹത്തിന്‍റെയും ഉന്നമനത്തിന് അതാവശ്യമാണ്.

കുമ്പസാരം മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും വിരുദ്ധവും ദൈവം മനുഷ്യന് അനുവദിച്ചിരിക്കുന്ന ആത്മീയസ്വാതന്ത്ര്യത്തിനു എതിരും ആകുന്നു. കൂടാതെ അതിനു ബൈബിള്‍പ്രകാരം യാതൊരു വിലയോ അടിസ്ഥാനമോ ഇല്ലാത്തതിനാല്‍ ഈ രീതി തെറ്റും മനുഷ്യത്വരഹിതവും മനുഷ്യരെ കൂടുതല്‍ പാപത്തിലേക്കും ദൈവശിക്ഷയിലേക്കും കൊണ്ടെത്തിക്കുന്നതുമാണ്.

ഇത്തരം കുമ്പസാരം ശരിയായ രീതിയാണോ?

ഇത്തരം കുമ്പസാരം ശരിയായ രീതിയല്ല എന്നു മാത്രമല്ല ദൈവകോപം വരുത്തുന്നതുമാണ്. ഇതിലൂടെ പാപമോചനം ലഭിക്കില്ല എന്നു മാത്രമല്ല കൂടുതല്‍ പാപത്തില്‍ കൊണ്ടെത്തിക്കുന്നതുമാണ്.ഇത്തരം കുമ്പസാരം ബൈബിള്‍പരമായിതന്നെ തെറ്റാണെന്നു സ്ഥാപിക്കാന്‍ സാധിക്കും.

(1) ഈ രീതി ബൈബിള്‍ പ്രകാരമോ ദൈവവചന പ്രകാരമോ അല്ല. അതിന് അനുകൂലമായി ഒരു വചനവും ബൈബിളില്‍ ഇല്ല.

(2) കുമ്പസാരം അഥവാ അനുതാപം ( തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ദൈവസന്നിധിയില്‍ ഏറ്റു പറയുന്ന പ്രവൃത്തി ) വ്യക്തിപരമായി ദൈവസന്നിധിയില്‍ മാത്രം നടത്തേണ്ട ഒരു കാര്യം ആണ്.

ദൈവസന്നിധി എന്നാല്‍ അത് എവിടെയും, എവിടെവെച്ചും ആകാം. ദൈവം സര്‍വവ്യാപിയും സര്‍വജ്ഞനും സര്‍വശക്തനും ആകുന്നു എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. ഈ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ദൈവസാന്നിദ്ധ്യത്തില്‍ അനുതപിക്കാന്‍ പറ്റുന്ന ഏതു സ്ഥലത്തു വെച്ചും സാഹചര്യത്തിലും അതാകാം. ഒരു പള്ളിയില്‍ വെച്ചും വിശ്വാസിക്ക്, അനുതാപത്തോടെ ഇരുന്നോ, നിന്നോ, മറ്റാരും കേള്‍ക്കാതെ ദൈവത്തിനു മുന്‍പില്‍ മനസ്ഥാപത്തോടെ ഹൃദയം തുറന്നു് ഇതു ചെയ്യാവുന്നതാണ്. സ്വന്തഭവനത്തില്‍ സ്വന്തമുറിയില്‍ വെച്ചും അടച്ചിട്ട മുറിയില്‍ ഒറ്റക്കിരുന്നും ഇത് ചെയ്യാവുന്നതാണ്.

(3) ലുക്കോസ് 18: 9-14 വരെയുള്ള വചനങ്ങളില്‍ പാപിയായ ചുങ്കകാരന് നീതീകരണം ലഭിക്കുന്നത് (പാപമോചനത്തിനു ശേഷം ലഭിക്കുന്നതാണ്, നീതീകരണം) എങ്ങനെയെന്നു വിവരിച്ചിരിക്കുന്നു. “രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി? ഒരുത്തന്‍ പരീശന്‍ , മറ്റവന്‍ ചുങ്കക്കാരന്‍ .

ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു കൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ’ എന്നു പറഞ്ഞു. അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി എന്നും മറ്റവന്‍ അങ്ങനെയല്ല, അവന്‍ നീതീകരിക്കപ്പെട്ടില്ല എന്നും ആ ദൈവവചനങ്ങള്‍ പറയുന്നു.

(4) മത്തായി 6: 5-13 വരെയുള്ള വചനങ്ങളില്‍ സ്വന്തഭവനത്തില്‍ ഇരുന്നും പ്രാര്‍ത്ഥിക്കാം എന്നും, പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്നും വിവരിക്കുന്നു.

(5) യാക്കോബ് 5: 14-16 യുള്ള വചനങ്ങളില്‍ ഇങ്ങനെ വിവരിക്കുന്നു. “നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. എന്നാല്‍ വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും? കര്‍ത്താവു അവനെ എഴുന്നേല്പിക്കും? അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും. എന്നാല്‍ നിങ്ങള്‍ക്കു രോഗശാന്തി വരേണ്ടതിന്നു തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍ . നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു.”

ഇവിടെ മൂപ്പന്മാര്‍ എന്നത് പുരോഹിതരല്ല. ദൈവവചനത്തില്‍ വളര്‍ന്ന, വചനങ്ങള്‍ അനുസരിച്ചു ജീവിക്കുന്ന സഭയിലെ മുതിര്‍ന്ന എല്ലാ ക്രിസ്തീയവിശ്വാസികളെയും ഉദ്ദേശിച്ചാണ് അപ്രകാരം പറയുന്നത്.

‘പാപമോചനത്തിനുവേണ്ടി തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍’ എന്നാണ് മുകളിലത്തെ വചനം പറയുന്നത്. അല്ലാതെ, പുരോഹിതരോട് ഏറ്റു പറയാനല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ആരൊക്കെ അന്യോന്യം പാപം ചെയ്തോ, അന്യോന്യം ചെയ്ത ആ പാപങ്ങള്‍ അവരവര്‍ അന്യോന്യം ഏറ്റു പറഞ്ഞുകൊണ്ട് അന്യോന്യം പ്രാര്‍ത്ഥിപ്പിന്‍ എന്നാണ് പറയുന്നത്. അതായതു ഒരുവന്‍ ആരോടു പാപം ചെയ്തോ അയാളോടാണ് അത് ഏറ്റു പറയേണ്ടത്; അല്ലാതെ പുരോഹിതരോടല്ല.

മത്തായി 5:23-24 വചനങ്ങളിലും മറ്റു പല വചനങ്ങളിലും ഇതിനെപ്പറ്റി വിവരിക്കുന്നുണ്ട്.

(6) മത്തായി 3:6-ല്‍ ഉള്ള വചനത്തില്‍‍, യഹൂദര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടു യോര്‍ദാന്‍ നദിയില്‍ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനമേറ്റു എന്ന് പറയുന്നു. ഇതു യഹൂദര്‍ ചെയ്തതും സ്നാനസമയത്തു നടന്ന കാര്യവുമാണു്. അതിനാല്‍ ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ നടത്തപ്പെടുന്ന കുമ്പസാരവും ആയി യഹൂദര്‍ ചെയ്തതിനെ ബന്ധപ്പെടുത്താനും പറ്റില്ല.

പാപം ഏറ്റുപറഞ്ഞതു യോഹന്നാനോട് ആയിരുന്നു എന്നും പറയുന്നില്ല. യഹൂദര്‍ ദൈവത്തോടാണ് പാപങ്ങള്‍ ഏറ്റു പറയാറ്; പുരോഹിതരോടല്ല. പുരോഹിതരോട് പാപങ്ങള്‍ ഏറ്റുപറഞ്ഞതായി വചനങ്ങളില്‍ എവിടെയും വായിച്ചിട്ടില്ല. അതിനാല്‍, അവര്‍ ദൈവത്തിന്‍റെ മുന്‍പില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞിട്ടു സ്നാനമേറ്റതിനെ പറ്റിയാകും ഇവിടെ പറഞ്ഞിരിക്കുന്നത്. കൂടാതെ യോഹന്നാന്‍ സ്നാപകന്‍ പുരോഹിതനായിരുന്നില്ല, പ്രവാചകനായിരുന്നു. യഹൂദര്‍ തങ്ങള്‍ക്കുണ്ടായ മാനസാന്തരഫലമായി സ്വമനസാലെ പാപങ്ങള്‍ ഏറ്റുപറഞ്ഞതായി മാത്രമേ ഈ വചനത്തില്‍ നിന്നു മനസ്സിലാകുകയുള്ളു. അല്ലാതെ ആരും നിര്‍ബ്ബന്ധപൂര്‍വ്വം ചെയ്യിച്ചതല്ല.

മറ്റൊരു പ്രധാനകാര്യം, യോഹന്നാന്‍സ്നാപകന്‍ നടത്തിയ സ്നാനമല്ല ക്രിസ്ത്യാനികള്‍ എല്ക്കുന്നത് എന്നതാണ്. യോഹന്നാന്‍ മാനസാന്തരസ്നാനം നടത്തിയപ്പോള്‍ ക്രിസ്ത്യാനികള്‍ യേശുവിനോട് ചേരാന്‍ യേശുവിന്‍റെ നാമത്തില്‍ ആണ് സ്നാനം എല്ക്കുന്നത്. അത് യേശുവില്‍ നിന്നു പാപമോചനം കിട്ടാന്‍ ഉള്ള സ്നാനം ആകുന്നു. അപ്പൊസ്തോലപ്രവൃത്തി 2:38- എന്ന വചനം ഇതേപറ്റി പറയുന്നുണ്ട്. അതിനാല്‍ കുമ്പസാരവും ഈ സ്നാനസമയത്തെ പാപമോചന വചനങ്ങളും തമ്മില്‍ കൂട്ടി കുഴക്കാന്‍ പാടില്ല. തന്നെയുമല്ല, ചില ക്രിസ്തീയസഭകളില്‍ നടക്കുന്ന മുകളില്‍ വിവരിക്കുന്ന ക്രിസ്ത്യാനികളുടെ കുമ്പസാരം സ്നാനസമയത്തല്ല താനും. എല്ലാ വര്‍ഷവും പുരോഹിതരുടെ മുന്‍പില്‍ ചെന്നു വേണം കുമ്പസാരിക്കാന്‍ എന്നാണ് അനാചാരം ഉണ്ടാക്കിയിരിക്കുന്നത് .

(7) ഈ കുമ്പസാരരീതി ദൈവവചനപ്രകാരം അല്ല; എങ്കില്‍ ചില സഭകളില്‍ ഈ രീതി എങ്ങനെയുണ്ടായി; എവിടെ നിന്നു വന്നു.?

ഇതിനുള്ള ഉത്തരം സഭകളിലെ ബിഷപ്പുമാരും പുരോഹിതരും രഹസ്യമാക്കി വച്ചിരിക്കുന്നു. ഈ കുമ്പസാരരീതി ബൈബിളില്‍ ഇല്ലാത്തവയും മനുഷ്യര്‍ സ്വന്തമായി എഴുതി വെച്ചതുമാണ്. അതിനാല്‍ അതിനു ആത്മീയമായി യാതൊരു മൂല്യമും ഇല്ല. ദൈവം അത്തരം മനുഷ്യനിര്‍മിത (മനുഷ്യരാല്‍ എഴുതപ്പെട്ട) ആചാരങ്ങള്‍ സ്വീകരിക്കുക ഇല്ല എന്നുതന്നെയല്ല, തള്ളികളയുകയും ചെയ്യുന്നു. അങ്ങനെ വിശ്വാസികള്‍, ദൈവത്തില്‍ നിന്നും പാപമോചനം ലഭിക്കാതെ ദൈവശിക്ഷയ്ക്കു യോഗ്യരായി തീരുന്നു. മര്‍ക്കോസ് 7: 6-8 വരെ വായിച്ചാല്‍, മനുഷ്യര്‍ സ്വന്തമായി ഉണ്ടാക്കിയ ആചാരാനുഷ്ടാനങ്ങള്‍ ദൈവം തള്ളിക്കളയുന്നു എന്നും കാണാം.

(8) യേശുക്രിസ്തുവിന്‍റെ മരണപുനരുത്ഥാനശേഷമാണ് ക്രിസ്തീയ സഭകള്‍ ഉണ്ടായത്. ബൈബിളിലെ പുതിയനിയമ പുസ്തകങ്ങളില്‍ ആദ്യകാല സഭകള്‍ എങ്ങനെയാണു പ്രവര്‍ത്തിച്ചിരുന്നതെന്ന് എഴുതിയിട്ടുണ്ട്. ക്രിസ്തീയവിശ്വാസികള്‍ അറിയേണ്ടതും പാലിക്കേണ്ടതുമായ എല്ലാ കാര്യങ്ങളും ദൈവവചനങ്ങളിലൂടെ നല്കപ്പെട്ടിട്ടുമുണ്ട്.

ഇത്തരമൊരു കുമ്പസാരരീതി ആ നിയമപുസ്തകങ്ങളില്‍ ഒന്നും തന്നെയില്ല. ആദ്യകാല സഭകളില്‍ ഇത്തരം രീതികളും ഇല്ല.

(9) പില്‍ക്കാലത്ത് എപ്പോഴോ സഭാ നടത്തിപ്പുകാര്‍ അവരുടെ നിഗൂഡതാത്പര്യങ്ങള്‍ക്കു വേണ്ടി എഴുതിയുണ്ടാക്കിയ ആചാരമാണ് ഈ കുമ്പസാരം.

(10) ഒരുപക്ഷേ മറ്റു ചില മതങ്ങളില്‍ നിന്നും എടുത്തതുമാകാം. അക്കാലത്ത് ബാബിലോണിയന്‍ മതത്തില്‍ തങ്ങളുടെ അംഗങ്ങളെ വിധേയപ്പെടുത്തി അടിമകളാക്കി നിര്‍ത്താന്‍ ഈ രീതി ഉണ്ടായിയിരുന്നു എന്ന് പറയപ്പെടുന്നു. ചില ക്രിസ്തീയസഭകള്‍ ഈ കുമ്പസാരം അവരില്‍ നിന്നും പകര്‍ത്തിയതാണെന്നും കരുതപ്പെടുന്നു. അല്ലാതെ ഇതൊരു ക്രിസ്തീയ ആചാരം ആയിരുന്നില്ല എന്നു ബൈബിളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതാണു്.

(11) ഈ കുമ്പസാര രീതി ഒരു ആചാരമായി ഉണ്ടാക്കിയതിനും നടത്തിക്കൊണ്ടുപോകുന്നതിനും പിന്നില്‍ ചില ദുരുദ്ദേശ്യങ്ങളും ഉണ്ടെന്നു കരുതപ്പെടുന്നു. അവ താഴെ കൊടുക്കുന്നു.

(a) തങ്ങളുടെ കീഴുലുള്ള വിശ്വാസികളെ എക്കാലവും പാപത്തിന്‍ കീഴില്‍ ആണെന്നു ബോധ്യപ്പെടുത്തി നിര്‍ത്താം. അതിനാല്‍ എല്ലാ വര്‍ഷവും കുമ്പസാരിക്കണം എന്നു പറഞ്ഞ് അവരെ എക്കാലവും കുറ്റബോധത്തില്‍ ആക്കാം.

(b) പുരോഹിതരാണു തങ്ങള്‍ക്കു പാപമോചനവും സ്വര്‍ഗ്ഗവും നല്കുന്നവരെന്ന ചിന്ത ഉണ്ടാക്കി വിശ്വാസികളെ എക്കാലവും ചൂഷണം ചെയ്യാം. വിശ്വാസികള്‍ പുരോഹിതരേക്കാള്‍ അധമരാണെന്നു വരുത്തി തീര്‍ത്തു കൊണ്ട് എക്കാലവും വിശ്വാസികളെ തങ്ങളുടെ അടിമകളാക്കി നിര്‍ത്തുന്നതിനും അങ്ങനെ അവര്‍ക്കു സാധിക്കുന്നു. എന്നാല്‍ ദൈവത്തിനു മുന്‍പില്‍ എല്ലാവരും സമന്മാരാകുന്നു എന്ന വേദവാക്യം അവര്‍ മറന്നു കളയുന്നു.

(12) മനുഷ്യരില്‍ ആര്‍ക്കും തന്നെ പാപമോചനാധികാരം നല്കപെട്ടിട്ടില്ല എന്നതാണു സത്യം. മനുഷ്യനും ദൈവത്തിനും ഇടയില്‍ ബൈബിള്‍പ്രകാരം യേശുക്രിസ്തു അല്ലാതെ മറ്റൊരു മധ്യസ്ഥനും ഇല്ല. അതിനാല്‍ ഈ കുമ്പസാരരീതി തികച്ചും തള്ളപ്പെടാന്‍ യോഗ്യവും നീക്കം ചെയ്യപ്പെടേണ്ടതും ആകുന്നു.

(13) കേരളത്തില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലും കാത്തോലിക്കാ വിഭാഗങ്ങളിലും ഈ രീതി കാണാം. മറ്റു ക്രിസ്തീയ സഭകളായ മാര്‍ത്തോമ, സി എസ് ഐ, പ്രോട്ടസ്ടന്‍റ്, ബ്രദറണ്‍, ഇവാന്‍ജലിക്കല്‍, നവോത്ഥാന, പെന്തികൊസ്തല്‍ സഭകളിലും, സ്വതന്ത്ര സഭകളിലും ഇത്തരം കുമ്പസാരരീതി ഇല്ല. അതുപോലെ കേരളത്തിലെ നവോത്ഥാന സുവിശേഷകരുടെ സഭകളിലും ഈ രീതി പഠിപ്പിക്കുകയോ പാലിക്കുകയോ ചെയ്യുന്നില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്‌. അതിനാല്‍ ഈ കുമ്പസാരം തെറ്റായ രീതിയിലാണെന്നും മനസ്സിലാക്കാവുന്നതാണ്.

മേല്പറഞ്ഞ ചില സഭകളുടെ ഇത്തരം ദൈവവചനവിരുദ്ധ ആചാരങ്ങളുടെ ഉദ്ദേശ്യവും അതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്.

ബഹുഭ്ഭൂരിപക്ഷം ക്രിസ്തീയസഭകളിലും ക്രിസ്തീയ വിശ്വാസികളിലും ഈ സമ്പ്രദായം ഇല്ലാത്തതിനാല്‍ ഇതു തെറ്റാണെന്നു സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ സാധാരണക്കാര്‍ക്കു പോലും മനസ്സിലാവുകയും ചെയ്യും.

(14) എങ്കിലും ഈ രീതിയെ എതിര്‍ക്കാത്തത് പല കാരണങ്ങള്‍ കൊണ്ടുമാകാം.

അവയില്‍ ചിലതു താഴെ കൊടുക്കുന്നു.

(a1) ചെറുപ്പം മുതലേ ചെയ്തു വരുന്ന രീതിയെ എതിര്‍ത്താല്‍ തങ്ങള്‍ക്കു നീതി ലഭിക്കുമോ എന്ന ഭയം നിമിത്തവും സഭയുടെ പുറത്താക്കല്‍ ഭീഷണി ഉണ്ടാകും എന്നതിനാലും.

(a2) അവരെയും കുടുംബത്തെയും, പുരോഹിതരുടെയും സഭാനേതാക്കളുടെയും പ്രേരണയാല്‍, മറ്റു വിശ്വാസികള്‍ ഒറ്റപ്പെടുത്തുകയും പലവിധ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുമോ എന്ന ഭീതി മൂലം

(a3) ബൈബിള്‍ ശരിയായി പഠിക്കാതെയും മനസ്സിലാക്കാതെയും പണ്ടെങ്ങോ അറിവില്ലാത്തവര്‍ എഴുതി വെച്ച പാരമ്പര്യങ്ങളും ആചാരങ്ങളും ശരിയായിരിക്കും എന്ന അടിസ്ഥാനരഹിതമായ അന്ധവിശ്വാസം മൂലം.

(a4) ദൈവവചനം വായിച്ചു മനസ്സിലാക്കാന്‍ തുനിയാത്തതിനാല്‍ വചനത്തില്‍ ഉള്ള അറിവില്ലായ്മ മൂലം പുരോഹിതര്‍ പറയുന്ന അസത്യങ്ങള്‍, ദൈവവചനപ്രകാരം ആകും എന്നു തെറ്റിദ്ധരിച്ച് ചെയ്തു പോകുന്നതു്.

(a5) സഭയിലെ ആചാരം ആയതിനാല്‍ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാന്‍ അങ്ങ് ചെയ്യുന്നു എന്നുമാത്രം. അല്ലാതെ ഇന്നത്തെ കാലത്ത്, ഭൂരിപക്ഷം വിശ്വാസികളും പൂര്‍ണ മനസ്സോടെയോ സമ്മതത്തോടെയോ ചെയ്യുന്നതല്ല അത്. (അതിനാല്‍ മിക്കവാറും എല്ലാവരുംതന്നെ, അതൊരു വെറും മനുഷ്യാചാരമായി കരുതി ശരിയായ രീതിയില്‍ പാപങ്ങള്‍ ഏറ്റു പറയാതെ പുരോഹിതനു മുന്‍പില്‍ കളവു പറയുകയോ, പാപങ്ങള്‍ ഇല്ല എന്ന് പറഞ്ഞൊഴിയുകയോ ചെയ്തു കൊണ്ടു് ഓരോ കുമ്പസാരത്തിനു ശേഷവും വീണ്ടും കൂടുതല്‍ പാപിയായി തീരുന്നു എന്നതാണു സത്യം.)

(15) ക്രിസ്തുവില്‍ എല്ലാവരും ആത്മീയമായി സ്വതന്ത്രരാണ് എന്നാണ് ബൈബിള്‍വചനം പഠിപ്പിക്കുന്നത്. എന്നാല്‍ ഈ ആചാരങ്ങള്‍ നടപ്പാക്കുന്ന സഭകള്‍ ഇത്തരം അനാചാരങ്ങളിലൂടെ വിശ്വാസികളെ ആത്മീയ അടിമത്വത്തില്‍ പൂട്ടിയിട്ടു കൊണ്ട് പാപത്തില്‍ ബന്ധിച്ചു കളയുന്നു. അങ്ങനെ വിശ്വാസികള്‍ അവര്‍ പോലുമറിയാതെ മരണശേഷം പാപത്തില്‍നിന്നും മോചനം ലഭിക്കാതെ നരകശിക്ഷക്കു യോഗ്യരാകുന്നു.

(16) സ്വതന്ത്രമായി ചിന്തിക്കാനോ ദൈവവചനം മനസ്സിലാക്കി വിശ്വാസത്തില്‍ വളരാനോ സഭാംഗങ്ങളെ ഇത്തരം സഭകള്‍ അനുവദിക്കുന്നതുമില്ല. തങ്ങള്‍ പറയുന്ന അസത്യങ്ങള്‍ ബലമായി അടിച്ചേല്പിച്ച് എല്ലാവരെയും സാത്താന്യശക്തികള്‍ക്ക് കീഴ്പെടുത്തി കൊടുക്കുകയാണ്, വിശ്വാസികളുടെ ശമ്പളം വാങ്ങി പുരോഹിതര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്‍റെ പിന്നിലെ ദുരുദ്ദേശ്യം ധനലാഭം മാത്രമാണു താനും. (തങ്ങളെ പഠിപ്പിച്ചതല്ലേ പുരോഹിതര്‍ക്കു ചെയ്യാന്‍ പറ്റുകയുള്ളൂ? സഭാ തലവന്മാര്‍ പറയുന്നത് അവര്‍ ചെയ്യാന്‍ നിര്‍ബന്ധിതരുമല്ലേ? അങ്ങനെ ചെയ്യുന്നില്ല, എങ്കില്‍ അവരെയും പുറത്താക്കും.)

(16) അനുതാപവും പാപമോചനവും ദൈവവും മനുഷ്യനും തമ്മിലുള്ള വ്യക്തിപരമായ കാര്യമാണ്. ക്രിസ്തീയവിശ്വാസപ്രകാരമുള്ള പാപമോചനത്തിനുള്ള അധികാരം യേശുക്രിസ്തുവിനാണ് ദൈവം നല്‍കിയിരിക്കുന്നത് എന്ന് ദൈവവചനത്തില്‍ നിന്നു വ്യക്തമാണ്‌. പാപമോചനം യാചിക്കുന്ന മനുഷ്യനും പാപമോചനം നല്‍കുന്ന യേശുക്രിസ്തുവിനും ഇടയില്‍ മറ്റൊരു മധ്യസ്ഥന്‍ ഇല്ല. അതിനു ആരുടേയും ശുപാര്‍ശയും ആവശ്യമില്ല; ദൈവത്തിനു അതു കാര്യവുമല്ല. (അങ്ങനെ ഉള്ളതായി ദൈവവചനത്തില്‍ എവിടെയും കാണുന്നുമില്ല.) ഒരു പാപിക്കു വേണ്ടി മറ്റൊരു പാപിയായ മനുഷ്യനു മധ്യസ്ഥന്‍ ആകാന്‍ സാധിക്കില്ലല്ലോ. അതു പുരോഹിതന്‍ ആണെങ്കില്‍കൂടി. ദൈവവചനങ്ങള്‍ അതാണു പഠിപ്പിക്കുന്നത്.

(17) മധ്യസ്ഥനായി ചമയുന്ന പുരോഹിതന്‍റെ മുന്‍പില്‍ ശരിയായും സത്യസന്ധമായും ഹൃദയം തുറന്ന്‍ അനുതപിക്കാന്‍ സാധിക്കാത്തതു കാരണം, വിശ്വാസികള്‍ അവരുടെ പാപത്തില്‍ എപ്പോഴും നിലനില്‍ക്കുന്നു എന്നതാണു ഈ കുമ്പസാരരീതി മൂലം ഉള്ള വലിയ ദോഷം. അങ്ങനെ അവര്‍ മരിക്കുമ്പോള്‍ ക്രിസ്തീയ വിശ്വാസപ്രകാരമുള്ള പാപമോചനം ലഭിക്കാതെ മരിക്കുന്നു. ദൈവത്തില്‍ നിന്നുള്ള ശിക്ഷാവിധിക്കു യോഗ്യരായി തീരുകയും ചെയ്യുന്നു.

(18) ഈ രീതി സഭാചട്ടമായി വിശ്വാസികളുടെ മേല്‍ നിര്‍ബ്ബന്ധപൂര്‍വ്വം അടിച്ചേല്പിക്കുന്നതിനാല്‍ മാത്രമാണ് ധാരാളം പേരും അതിനു സമ്മതിക്കുന്നത്. അല്ലാതെ സ്വമനസ്സാലെ അല്ല. ദൈവവചനത്തില്‍ അറിവുള്ള ആരും തന്നെ ഇങ്ങനെയൊരു തെറ്റു് സ്വന്ത ഇഷ്ടപ്രകാരം ചെയ്യില്ലല്ലോ.

(19) ഒരു പുരോഹിതനും ഇന്നു കാണുന്ന മനുഷ്യാചാരങ്ങളില്‍ കെട്ടിപ്പടുത്തിരിക്കുന്ന സഭക്കും ആരെയും സ്വര്‍ഗത്തില്‍ എത്തിക്കാന്‍ കഴിവില്ല എന്നതാണു സത്യം. ദൈവവചനങ്ങള്‍ അതാണു പഠിപ്പിക്കുന്നത്.

(20) ഒരു മനുഷ്യനു, മറ്റൊരു മനുഷന്‍റെ മുന്‍പില്‍ ,അതൊരു പുരോഹിതനായാല്‍കൂടി, തന്‍റെ പാപങ്ങള്‍ ഏറ്റു പറയുന്നതു വലിയ മാനസികപീഡക്ക് കാരണമാകുന്നു. പ്രത്യേകിച്ചു്, സ്ത്രീകള്‍ക്ക് അത് അപമാനവും കൂടിയാണ്. ഒരു സ്ത്രീയുടെ മാനസികാവസ്ഥ അപ്പോള്‍ വളരെ പീഡിതമാകുന്നു. അവര്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ കൂടി അതു് ഒരു സത്യമാണ്. അതിനാല്‍ എല്ലാവരും പുരോഹിതരോട് എല്ലാ പാപങ്ങളും ഏറ്റു പറയാറില്ല. അവിടെ ഒരു അസത്യപ്രവൃത്തി നടക്കുന്നതിനാല്‍ വിശ്വാസികളുടെ പാപങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അങ്ങനെ വിശ്വാസികളെ കൂടുതല്‍ കൂടുതല്‍ പാപങ്ങളിലേക്ക് നയിക്കുന്നതു കൂടിയാണ്, ഈ കുമ്പസാരരീതി.

കൂടാതെ, ചില വിവരങ്ങള്‍ കൂടി താഴെ കൊടുക്കുന്നു.

(1)ഒരു പുരോഹിതന്‍റെ മുന്‍പില്‍ മുട്ടുകുത്തി നിര്‍ത്തുന്നത് തെറ്റാണ്. ദൈവത്തിനു മുന്‍പില്‍ മാത്രമേ മനുഷ്യന്‍ മുട്ടുകുത്തേണ്ടതുള്ളു എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്‌.

(2) ജഡസംബന്ധമായി പാപം ചെയ്ത സ്ത്രീകള്‍ ആരൊക്കെയെന്നു മനസ്സിലാക്കാന്‍ ഈ കുമ്പസാര രീതി പുരുഷന്മാരായ പുരോഹിതര്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ അത്തരം സ്ത്രീകളെ ചില ജഡമോഹികളായ പുരോഹിതര്‍ക്ക് തങ്ങളുടെ കാമപൂരണത്തിനും മറ്റ് ഇംഗിതങ്ങള്‍ക്കും ഉപയോഗിക്കാന്‍ എളുപ്പവഴിയുണ്ടാക്കുന്നു; ചിലപ്പോള്‍ അവര്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, വിദൂരസ്ഥലങ്ങളില്‍ ജോലിയുള്ള ഭര്‍ത്താക്കന്മാര്‍ ഉള്ള സ്ത്രീകള്‍, വിധവകള്‍, ഭര്‍ത്താവില്‍ നിന്നു പല കാരണങ്ങളാല്‍ വേര്‍പെട്ടു താമസിക്കുന്നവര്‍, വിവാഹമോചനം നേടിയവര്‍ തുടങ്ങിയവര്‍ ഇത്തരം കെണികളില്‍ വീഴാന്‍ സാദ്ധ്യത കൂടുതല്‍ ആണുതാനും

ഈ കുമ്പസാരരീതി മനുഷ്യാവകാശ ലംഘനവും സ്ത്രീപീഡനവും ക്രിസ്തീയസഭാവിശ്വാസികളുടെ വ്യക്തിത്വത്തെയും അഭിമാനത്തെയും ധ്വംസിക്കുന്നതുമാണ്. മേല്പറഞ്ഞ കാരണങ്ങളില്‍ നിന്നും വിവരണങ്ങളില്‍ നിന്നും ബൈബിള്‍ സത്യങ്ങള്‍ മനസ്സിലാക്കി ഇത്തരം കുമ്പസാര രീതി സത്യവിശ്വാസത്തിനു എതിര്‍ ആയതിനാല്‍, അതു നിര്‍ത്തല്‍ ചെയ്യുന്നതിനു വേണ്ട നടപടികള്‍ എത്രയും വേഗം അതിന് അധികാരപ്പെട്ടവര്‍ എടുക്കേണ്ടത് ഇന്നത്തെ ആവശ്യമായി വളര്‍ന്നിരിക്കുന്നു.