ബിസിസിഐ പ്രസിഡന്റാകാനുള്ള മകന്റെ യോഗ്യതയെന്ത്? അമിത്ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കനയ്യകുമാര്‍

ദില്ലി: ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് ജെഎന്‍യു മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാര്‍. ബിസിസിഐ സെക്രട്ടറിയാകാന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായ്ക്കുള്ള യോഗ്യത എന്താണെന്ന് വ്യക്തമാക്കണെ എന്നാണ് കനയ്യകുമാര്‍ പറഞ്ഞത്. ജെഎന്‍യുവില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥഇകളുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നവര്‍ ഇത് വ്യക്തമാക്കണം എന്നാണ് കനയ്യകുമാര്‍ പറഞ്ഞത്.

എന്താണ് യോഗ്യത എന്ന് ഞങ്ങള്‍ പറഞ്ഞ് തരാം. ഏറ്റവും ദരിദ്രരായവും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുളളവരുമായ വിദ്യാര്‍ത്ഥികളാണ് ജെഎന്‍യുവില്‍ പഠിക്കാനെത്തുന്നത്. ഇതുവരെ വൈദ്യുതി പോലും എത്താത്ത കലഹന്ദി ഗ്രാമത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവില്‍ പഠിക്കാനെത്തുന്നു. അവര്‍ ഇംഗ്ലീഷ് പഠിക്കുകയും എന്‍ട്രന്‍സ് പാസ്സാവുകയും അഡ്മിഷന്‍ നേടുകയും ചെയ്യുന്നു, കനയ്യ പറഞ്ഞു.

Loading...

നിങ്ങള്‍ യോഗ്യതയെ കുറിച്ച് സംസാരിക്കുന്നു. എന്ത് യോഗ്യതയാണ് നിങ്ങളുടെ മകനുളളത്. എന്താണ് ജെയ് ഷായുടെ യോഗ്യത. അദ്ദേഹത്തിന്റെ മുഖം അമിത് ഷായുടെ മുഖത്തിന്റെ കാര്‍ബണ്‍ കോപ്പിയാണ് എന്നല്ലാതെ എന്താണ് യോഗ്യതയുളളത്. എങ്ങനെയാണ് ജയ് ഷാ ബിസിസിഐയുടെ സെക്രട്ടറിയായത് എന്നും കനയ്യ കുമാര്‍ ചോദിച്ചു. ജെഎന്‍യുവിലുളള പ്രശ്‌നം നിങ്ങളെ ഉത്തരം പറയാന്‍ മാത്രമല്ല ചോദ്യം ചോദിക്കാന്‍ കൂടി പഠിപ്പിക്കുന്നു എന്നതാണ് എന്നും കനയ്യ പറഞ്ഞു.

ജെഎന്‍യുവിലെത്തിയ ദീപിക പദുക്കോണിനെ കനയ്യ പിന്തുണച്ചു. ദീപിക ഒന്നും പറഞ്ഞില്ല. മോദിയുടേയോ അമിത് ഷായുടേയോ പേര് പറഞ്ഞില്ല. അമിത് ഷായുടെ മകന്‍ ജയ് ഷായെക്കുറിച്ചും ഒരു ചര്‍ച്ചയും നടന്നില്ല. എന്തിനാണ് ജയ് ഷായെ ബിസിസിഐ സെക്രട്ടറിയാക്കിയത് എന്നും ദീപിക ചോദിച്ചിട്ടില്ല. ഒരു മുദ്രാവാക്യവും വിളിച്ചില്ല. പിന്നെന്തിനാണ് ദീപികയുടെ സിനിമ ബഹിഷ്‌ക്കാരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്നും കനയ്യ ചോദിച്ചു. അതിനര്‍ത്ഥം ക്യാംപസ്സില്‍ അക്രമം ഉണ്ടാക്കിയതിന് പിന്നില്‍ തങ്ങളുടെ ആളുകളാണ് എന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണ് എന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.