ന്യൂഡല്‍ഹി. സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയെങ്കിലും എം ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ അന്വേഷണം അട്ടിമറിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവെന്നും ഇഡി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസിന്റെ വിചാരണ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇഡി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കുന്ന മൊഴിയാണ് സ്വപ്‌ന നല്‍കിയത്. 164 പ്രകാരം നല്‍കിയ രഹസ്യ മൊഴി മറ്റാരുടെയും സ്വാധീനത്തില്‍ അല്ലെന്ന് വ്യക്തമാണെന്നും ഇഡി പറയുന്നു. അതേസമയം അടിസ്ഥാന രഹിതമായ ആരോപണമാണ് ശിവശങ്കര്‍ ഉന്നിയിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നു.
സ്വര്‍ണക്കടത്ത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ചിലകാര്യങ്ങള്‍ മൂടിവെയ്ക്കുവാനാകും ഇത് ചെയ്തതെന്നാണ് ഇഡി പറയുന്നു. കേസില്‍ അന്വേഷണം അട്ടിമറിക്കുവാനും തെളിവികള്‍ നശിപ്പിക്കുവാനു സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു. കേസിലെ പ്രതികളെ സ്വാധീനിക്കുവാനും ഭീഷണിപ്പെടുത്തുവാനും സംസ്ഥാന സര്‍ക്കാരും കേരള പോലീസും ശ്രമിക്കുകയാണെന്നും ഇഡി പറഞ്ഞു.