പെരിയാറിലെ വെള്ളത്തില്‍ പാല്‍നിറവും പതയും

ആലുവ: പെരിയാറില്‍ കൊട്ടാരക്കടവിലും പരിസരത്തും ഇന്നലെ വെള്ളത്തില്‍ പാല്‍ നിറവവും പതയും. ഇതുമായി സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അന്വേഷിക്കണമെന്ന് ആവശ്യവും ഉയര്‍ന്നു. സീനത്ത് കവല, റെയില്‍വേ സ്റ്റേഷന്‍, ഗുഡ്‌സ് ഷെഡ് ഭാഗങ്ങളില്‍ നിന്നുള്ള മലിനജലമാണ് ലക്ഷ്മി നഴ്‌സിങ് ഹോമിനും അദ്വൈതാശ്രമത്തിനും മധ്യത്തിലുള്ള കാനയിലൂടെ പെരിയാറില്‍ പതിക്കുന്നത്.

നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിനു സമീപത്തെ കാനയിലൂടെ വെളുത്ത നിറത്തില്‍ ഒഴുകിയെത്തിയ വെള്ളമാണ് പുഴയില്‍ കലര്‍ന്നതെന്നു സ്ഥിരീകരിച്ചു. എന്നാല്‍, ഉത്ഭവസ്ഥാനം അഇതുവരെ കണ്ടെത്താനായിട്ടില്ല.

Loading...

അതേസമയം നഗരത്തിലെ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നിന്നും കാനയിലേക്ക് രാസമാലിന്യം തള്ളിയതാകാം വെള്ളത്തിന്റെ നിറം മാറ്റത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. പുഴയില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് ആദ്യം നിറവ്യത്യാസവും പതയും കണ്ടത്. കാനയിലൂടെ വരുന്ന മലിനജലം സംസ്‌കരണ പ്ലാന്റിലൂടെ കടത്തിവിട്ട ശേഷമാണ് പണ്ടു പുഴയിലേക്ക് വിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പ്ലാന്റ് പ്രവര്‍ത്തനരഹിതമായി. അതിനു ശേഷം മലിനജലം നേരെ പുഴയിലേക്കു വീഴുകയാണ്.

ഇരുമ്പടക്കമുള്ള ഘനലോഹങ്ങളുടെ അപകടകരമായ സാന്നിധ്യം കൊണ്ടു കേരളത്തിലെ നദികള്‍ ഗുരുതര മാലിന്യഭീഷണിയിലെന്നു റിപ്പോര്‍ട്ട്. 2014-18 ല്‍ കേരളത്തിലെ വിവിധ നദികളില്‍ നിന്നു ശേഖരിച്ച 7 സാംപിളുകളിലും ഇരുമ്പിന്റെ സാന്നിധ്യം അനുവദനീയതുമായതിലും കൂടുതലുണ്ട്.

കുറ്റ്യാടി, മൂവാറ്റുപുഴ, പെരിയാര്‍, വളപട്ടണം, കബനി എന്നീ നദികളില്‍ നിന്നു ശേഖരിച്ച സാംപിളുകളിലാണ് ഇരുമ്പിന്റെ അംശമുള്ളത്. അച്ചന്‍കോവില്‍, കല്ലട പുഴകളില്‍ ലെഡിന്റെ അളവാണ് കൂടുതലുള്ളത്. ഇരുമ്പിനു പുറമേ, പെരിയാറില്‍ നിക്കലിന്റെ അംശവും കൂടുതലാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിശ്ചയിച്ചിരിക്കുന്ന ശുദ്ധതാ മാനദണ്ഡ പരിധിക്കു പുറത്താണ് ഈ സാംപിളുകള്‍. കേന്ദ്ര ജല കമ്മിഷന്‍ നദികളിലെ ലോഹ വിഷ സാന്നിധ്യത്തെക്കുറിച്ചു തയാറാക്കിയ പഠന റിപ്പോര്‍ട്ടിലേതാണു കണ്ടെത്തലുകള്‍.

രാജ്യത്തെ 67 നദികളുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച സാംപിളുകളിലായിരുന്നു പരിശോധന. ഇതില്‍ മൂന്നില്‍ രണ്ടു സാംപിളുകളിലും ഒന്നോ അതിലധികമോ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ട്.

ആകെ ശേഖരിച്ച 101 സാംപിളുകളിലും ഒന്നിലധികം ലോഹങ്ങളുണ്ടായിരുന്നു. ഇരുമ്പിന്റെ സാന്നിധ്യമാണു മിക്കയിടത്തും പ്രശ്‌നം. വിവിധ നദികളില്‍ നിന്നു ശേഖരിച്ച 156 സാംപിളുകളിലും ഇരുമ്പിന്റെ അളവ് പരിധിയില്‍ കൂടുതലാണ്. മഴക്കാലത്തും അല്ലാത്തപ്പോഴും ഇവയുടെ അളവില്‍ വ്യത്യാസം വരാറുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഘനലോഹങ്ങളടങ്ങിയ നദീജലത്തിന്റെ നിരന്തര ഉപയോഗം ബലക്ഷയത്തിനും നാഡീവ്യൂഹത്തിന്റെ തളര്‍ച്ചയ്ക്കും വഴിവച്ചേക്കും.