പത്മാവതി എന്തുകൊണ്ട് ചർച്ചയാകുന്നു ; പത്മാവതി സത്യത്തിൽ ആരാണ്

1303ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണത്തിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് പത്മാവതി . അലാവുദീൻ ഖില്‍ജിക്ക് കീഴടങ്ങേണ്ടിവരുമെന്ന ഘട്ടത്തില്‍ സ്വയം ചിതയില്‍ ചാടി പത്മാവതി മരിച്ചുവെന്നാണ് പറയപ്പെടുന്നത്.

ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന പത്മാവതിയുടെ കഥാപാത്രവും രണ്‍വീര്‍ സിങ് അഭിനയിക്കുന്ന അലാവുദീന്‍ ഖില്‍ജിയുടെ കഥാപാത്രവും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന വാര്‍ത്തയാണ് പ്രതിഷേധങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഉത്തർപ്രദേശ് കേന്ദ്രമായി രൂപംകൊണ്ട കർണ്ണി സേന എന്ന സംഘടന പത്മാവതിയുടെ ചിത്രീകരണം തടസപ്പെടുത്തുകയും. സംവിധായകൻ ആക്രമിക്കുകയും ചെയ്തു. പത്മാവതിയുടെ റിലീസിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമായിരിക്കുകയാണ് ഇപ്പോൾ.

Loading...

സത്യത്തിൽ ആരാണ് പത്മാവതി ? ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ നടക്കുന്ന പ്രക്ഷോപത്തിനും അക്രമത്തിനും എന്തെങ്കിലും കാമ്പുണ്ടോ ? ഒരന്വേഷണം

പത്മാവതി ഒരു ചരിത്ര വ്യക്തിയേ ആയിരുന്നില്ല. പതിനാറാം നൂറ്റാണ്ടില്‍ പ്രമുഖ കവി മാലിക് മുഹമ്മദ് ജയാസി അവാധി ഭാഷയിലെഴുതിയ കവിതയിലെ സാങ്കല്‍പിക കഥാപാത്രം മാത്രമാണ് പത്മാവതിയെന്ന് ഇന്ത്യടുഡെയില്‍ എഴുതിയ ലേഖനത്തില്‍ ദേവര്‍ഷി ഘോഷ് ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഈ തീവ്ര ജാതി സംഘടന സെറ്റില്‍ ആക്രമണം അഴിച്ചുവിട്ടത്.

1303-ല്‍ രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് ബന്‍സാലി സിനിമയാക്കുന്നത്. സുല്‍ത്താന് കീഴടങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍ സ്വയം ചിതയില്‍ ചാടി പത്മാവതി മരിച്ചുവെന്നാണ് ജയാസിയുടെ കവിതയില്‍ പറയുന്നത്. എന്നാല്‍ ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന പത്മാവതിയുടെ കഥാപാത്രവും രണ്‍വീര്‍ സിംഗ് അഭിനയിക്കുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥാപാത്രവും തമ്മില്‍ പ്രണയരംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന വാര്‍ത്തയാണ് ആക്രമണത്തിന് കാരണമായത്.

‘അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ വിഷയമെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അത് ചരിത്രത്തെ വളച്ചൊടിക്കലാണ്. അതുകൊണ്ടാണ് ഷൂട്ടിംഗ് തടസപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്. അവര്‍ കഥയില്‍ മാറ്റങ്ങള്‍ വരുത്താത്തിടത്തോളം ഷൂട്ടിംഗ് തുടരാന്‍ അനുവദിക്കുകയുമില്ലെന്ന്‘ കര്‍ണി സേന ജില്ല പ്രസിഡന്റ് നാരായണ്‍ ദേവ്രാലെ പറയുന്നു.

എന്നാല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ചിറ്റോര്‍ കോട്ട ആക്രമണം മാത്രമാണ് ചരിത്രത്തിലുള്ളത്. പത്മാവതി ഒരു ഭാവനാസൃഷ്ടി മാത്രമാണ്. അതിസുന്ദരിയായിരുന്ന പത്മാവതിയാണ് ചിറ്റൂര്‍ കോട്ട ആക്രമിക്കാന്‍ ഖില്‍ജിയെ പ്രേരിപ്പിച്ചതെന്നാണ് ജയാസിയുടെ കവിതയില്‍ പറയുന്നത്. ഇപ്പോള്‍ പത്മാവതിയുടെ പുരാവൃത്തത്തിന് ഇന്ത്യയില്‍ നിരവധി ഭാഷ്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും ഈ കഥ പ്രചോദനമായിട്ടുണ്ട്. 1961-ല്‍ ജയ് ചിറ്റോര്‍ എന്ന പേരിലും 1964-ല്‍ മഹാറാണി പത്മിനി എന്ന പേരിലും ഈ കഥ സിനിമയാക്കപ്പെട്ടിരുന്നു.

രജപുത്ര അഭിമാനം സംരക്ഷിക്കുന്നതിനായി അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാതെ സ്വയം ജീവനൊടുക്കുന്ന പത്മാവതിയുടെ കഥയും ചരിത്രവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സഞ്ജയ് ലീല ബന്‍സാലിയെ പോലെയുള്ള ഒരാളെ മര്‍ദ്ദിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റം തന്നെയാണ്. ഏതെങ്കിലും സ്ത്രീയോടുള്ള കമ്പത്തിന്റെ പേരില്‍ ഖില്‍ജി ചിറ്റോറില്‍ ആക്രമണം നടത്തിയിട്ടേയില്ല.

തന്ത്രപരവും വാണീജ്യപരവുമായ താല്‍പര്യങ്ങളുടെ പുറത്താണ് ഡല്‍ഹി ചക്രവര്‍ത്തിമാര്‍ ചിറ്റോര്‍ ആക്രമിച്ചതെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര അദ്ധ്യാപകന്‍ അനിരുദ്ധ ദേശ്പാണ്ഡെ പറയുന്നു. അതുകൊണ്ടുതന്നെ തെറ്റായ ഒരു ചരിത്ര നിര്‍മ്മിതിയുടെ പശ്ചാത്തലത്തിലാണ് സഞ്ജയ് ലീല ബന്‍സാലിയും സംഘവും ആക്രമിക്കപ്പെട്ടിരിക്കുന്നത്.

പത്മാവതിയുടെ രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ബി.ജെ.പി കളം നിറഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ റിലീസ് ചെയ്യരുതെന്ന ബി.ജെ.പി ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.ഇതിനു പിന്നാലെയാണ് ചരിത്രം വളച്ചൊടിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി രംഗത്തെത്തിയത്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എരിതീയില്‍ എണ്ണയൊഴിച്ചു. റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നത് അവര്‍ ഒരു ഹിന്ദുവായതുകൊണ്ടാണെന്നായിരുന്നു ഗിരിരാജ് സിങ്ങിന്‍റെ പ്രതികരണം. ഇന്ത്യയുടെ ചരിത്രംവച്ച് കളിക്കുന്നവരെ ജനം കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രിനിര്‍ദേശിച്ചു.

ബന്‍സാലിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെട്ടു. ബന്‍സാലിക്ക് ചെരുപ്പിന്‍റെ ഭാഷയേ അറിയൂവെന്ന് പാര്‍ട്ടി എം.പി. സിനിമയ്ക്കായി ചിലവഴിച്ച പണത്തിന്‍റെ സ്രോതസ് അന്വേഷിക്കണമെന്ന് സുബ്രമണ്യന്‍സ്വാമി ആവശ്യപ്പെട്ടു. ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന ആവശ്യം സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും തള്ളി. സെന്‍സര്‍ ബോര്‍ഡിന്‍റെ അധികാരപരിധിയില്‍ കൈകടത്തില്ലെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. എന്നാല്‍ സിനിമകളെ സിനിമകളായി കാണണമെന്നും ചരിത്രവും ഭൂമിശാസ്ത്രവും അതിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നുമാണ് കേന്ദ്രമന്ത്രിമുക്താര്‍അബ്ബാസ് നഖ്‌വിയുടെ നിലപാട്.