പാകിസ്ഥാന്‍ പരാജയപ്പെടുന്നത് കാണാനും വയ്യ, ഇന്ത്യയുമായി ഏറ്റുമുട്ടാനും ആഗ്രഹമില്ല, ഇന്തോ-പാക് തർക്കത്തിൽ ചൈന ഇടപെടാതിരിക്കുന്നതിന് പിന്നിലെ കാരണം

ഹോംഗ് കോങ്ങ്: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഉയർന്നുവന്ന ഇന്ത്യ-പാക് വിഷയത്തിൽ അയൽരാജ്യമായ ചൈന ഇടപെടാനുള്ള സാധ്യത കൂടിവരികയാണ്. കാലങ്ങളായുള്ള ഇന്ത്യ-പാക് ബന്ധം ഏറ്റവും വഷളായ ഒരു ആഴ്ചയാണിത്. നിയന്ത്രണരേഖക്ക് സമീപം ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാക് അവകാശവാദവും, ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ അറസ്റ്റ് ചെയ്തതുമെല്ലാം ബന്ധം വഷളാകാൻ കാരണമായി.

നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനും തിരിച്ചടിച്ചത്. 1971ലെ ഇന്തോ-പാക് യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കടന്നു കയറ്റം ഉണ്ടാകുന്നത്.

Loading...

കാശ്മീരുമായി അതിർത്തി പങ്കിടുന്നതിന് പുറമെ ഇന്ത്യയുമായും പാകിസ്ഥാനുമായുമുള്ള ബന്ധം നിലനിർത്തുന്നതിലും അത് തുടരുന്നതിലും ബീജിങ് ശ്രദ്ധ പുലർത്തുന്നുണ്ട്.സാമൂഹിക-നയതന്ത്ര-സൈനിക തലത്തിൽ പാകിസ്ഥാനുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് ചൈന. അവരുടെ വളരെ അടുത്ത സഖ്യ രാജ്യമായാണ് പാകിസ്ഥാനെ വിശേഷിപ്പിക്കുന്നത്. യുഎസുമായി കാലങ്ങളായി നിലനിൽക്കുന്ന വാണിജ്യ യുദ്ധം മൂലം ചൈനീസ് സർക്കാർ വാണിജ്യ മേഖലയിൽ മറ്റ് പങ്കാളികളെ തെരഞ്ഞെടുക്കാൻ നിർബന്ധിതരായി. ഇതേത്തുടർന്നാണ് ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമുള്ള ബന്ധം ദൃഢമാക്കാൻ ചൈന തയ്യാറായത്. കഴിഞ്ഞ വർഷം രണ്ട് തവണയാണ് മോദി ചൈനയിൽ സന്ദർശനം നടത്തിയത്.നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും ആത്മ നിയന്ത്രണം പാലിക്കണമെന്നും സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ ശ്രദ്ധ പതിപ്പിക്കണമെന്നും ചൈനയുടെ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീയുമായി ഫോണിൽ ബന്ധപ്പെട്ട പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി നിലവിൽ പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രധാന പങ്ക് വഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശികാധിപത്യവും ബഹുമാനിക്കപ്പെടേണ്ടതാണ്. രാജ്യാന്തര ബന്ധങ്ങളുടെ ചട്ടങ്ങൾ ലംഘിച്ചു കൊണ്ടുള്ള ഒരു പ്രവൃത്തിയും ചൈന അംഗീകരിക്കുന്നില്ലെന്നായിരുന്നു വാംഗ് യീയുടെ പ്രതികരണം.

എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുന്നതുകൊണ്ട് ചൈനക്ക് ഒരുതരത്തിലും പ്രയോജനം ഉണ്ടാവില്ലെന്ന് എസ്.ഒ.എ.എസ്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയ സ്റ്റീവ് സാങ് പറയുന്നു. “പാകിസ്ഥാൻ പരാജയപ്പെടുന്നത് കാണാൻ ചൈനക്കാവില്ല, എന്നാൽ ഇതിനു വേണ്ടി ഇന്ത്യയുമായി ഏറ്റുമുട്ടാൻ ചൈനക്കാഗ്രഹമുണ്ടെന്ന് ഞാൻ കരുതുന്നില്ല,” സ്റ്റീവ് പറയുന്നു.

ഈ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി ചൈനയെ സംബന്ധിച്ച് വലിയ പ്രശ്നമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. സഖ്യരാജ്യമെന്ന നിലയിൽ പാകിസ്ഥാനാണ് പ്രാധാന്യം എന്ന് ഓർമപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് ചൈനീസ് വിഷയങ്ങളിലെ വിദഗ്ധൻ സാങ് പറയുന്നു.

എന്നാൽ ഈ ആഴ്ച നടന്ന സംഭവ വികാസങ്ങൾ ചൈനയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ‘കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ എന്തെങ്കിലും ചെയ്തുവെന്ന് തോന്നിപ്പിക്കുകയും വേണം, അതേസമയംതന്നെ വിശ്വസിക്കാനാകാത്ത സഖ്യരാഷ്ട്രമെന്ന് പ്രത്യക്ഷത്തിൽ പാകിസ്ഥാന് തോന്നുകയും അരുത്’- സാങ് പറഞ്ഞു.

പാകിസ്ഥാനെ പിന്തുണക്കുകയും അതുവഴി ഇന്ത്യയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൈകളിലെത്തിക്കുകയും ചെയ്യുക എന്നത് ചൈന ആഗ്രഹിക്കുന്നില്ല. പാകിസ്ഥാനിലെ ഭീകരവാദികൾക്കെതിരെയാണ് പ്രത്യാക്രമണം നടത്തിയതെന്ന ഇന്ത്യയുടെ നിലപാടും ചൈനയെ പ്രതിരോധത്തിലാക്കുന്നു. ചൈനയിലെ വടക്ക് കിഴക്കൻ സിൻജിയാങ്ങിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഉയ്ഗൂരിലെ വിഷയം തന്നെയെടുക്കാം. ഇവിടെ മുസ്ലിം ജനതയെ ചൈനീസ് ഭരണകൂടം തടവിലാക്കിയിരിക്കുന്നുവെന്നത് രാജ്യാന്തരതലത്തിൽ തന്നെ വിവാദവിഷയമാണ്. ഭീകരവാദത്തിനെതിരെ നടപടിയെന്ന് വിശേഷിപ്പിച്ചാണ് ഇത്തരം നടപടികളെ ചൈന ന്യായീകരിക്കുന്നത്.ഭീകരവാദത്തിനെതിരെ പോരാട്ടം നടത്തുന്ന ഇന്ത്യക്കെതിരെ ശക്തമായ നിലപാടെടുക്കാൻ ചൈനയ്ക്കാകില്ല’- സാങ് പറഞ്ഞു. ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്നം പരിഹരിക്കാൻ അമേരിക്കയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്നാണ് ചൈനീസ് വിദഗ്ധർ പറയുന്നത്. ‘ചൈനയ്ക്ക് പാകിസ്ഥാനിൽ വലിയ സ്വാധീനമുണ്ട്. അതേസമയം അമേരിക്ക ഇന്ത്യയോട് കൂടുതൽ അടുപ്പം കാണിക്കുന്നുണ്ട്’- പീക്കിംഗ് സർവകലാശാലയിലെ ദക്ഷിണേഷ്യ പഠനവിഭാഗം പ്രൊഫസർ ഹാൻ ഹുവ പറയുന്നു. ‘ചൈന ഈ വിഷയത്തിൽ നൽകുന്ന സന്ദേശം വ്യക്തമാണ്, സംയമനം പാലിക്കണം. ദക്ഷ‌ിണേഷ്യയിൽ സമാധാനവും ഭരണസ്ഥിരതയും ഉറപ്പുവരുത്താനാണ് ചൈനയും ആഗ്രഹിക്കുന്നത്- അവർ കൂട്ടിച്ചേർത്തു.