എന്തുകൊണ്ട് അയോദ്ധ്യ വിധി പ്രസ്താവനത്തിന് ശനിയാഴ്ച തന്നെ തിരഞ്ഞെടുത്തു… കാരണം ഇതാണ്

ന്യൂഡല്‍ഹി: തികച്ചും അപ്രതീക്ഷിതമായാണ് അയോധ്യയിലെ രാമ ജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ ഇന്ന് വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുമ്പായി വിധി പ്രഖ്യാപിക്കുമെന്ന് വ്യക്തമായിരുന്നെങ്കിലും അത് അടുത്തയാഴ്ചയോടെ മാത്രമായിരിക്കുമെന്നായിരുന്നു സൂചനകള്‍.

എന്നാല്‍, വെള്ളിയാഴ്ച രാത്രിയോടെയാണ് വിധി ശനിയാഴ്ച രാവിലെ 10.30 ന് ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നത്.

Loading...

കോടതിയില്‍ സാധാരണയായി ഒരു സുപ്രധാന കേസിലെ വിധി അവധി ദിനത്തില്‍ പ്രഖ്യാപിക്കില്ല. ഒരു വിധി പ്രഖ്യാപിക്കുകയാണെങ്കില്‍ അടുത്ത ദിവസം വാദി ഭാഗമോ അല്ലെങ്കില്‍ പ്രതിഭാഗമോ തീരുമാനം വീണ്ടും പുന:പരിശോധിക്കാന്‍ കോടതിയോട് അഭ്യര്‍ത്ഥിക്കാറുണ്ട്. ഈ പ്രക്രിയയ്ക്ക് സാധാരണയായി ഒന്നോ രണ്ടോ ദിവസമെടുക്കും.

ജസ്റ്റിസ് ഗൊഗോയ് നവംബര്‍ 17 ന് വിരമിക്കും. അതൊരു ഞായറാഴ്ചയാണ്. അവധി ദിവസത്തില്‍ സുപ്രധാന കേസിലെ വിധി പ്രഖ്യാപിക്കില്ല. കൂടാതെ ജഡ്ജിമാര്‍ വിരമിക്കുന്ന ദിവസത്തില്‍ കോടതി ഉത്തരവ് പുറപ്പെടുവിപ്പിക്കാറുമില്ല.

അതേസമയം പെട്ടെന്നുള്ള ഈ പ്രഖ്യാപനം സാമൂഹ്യവിരുദ്ധരെ അകറ്റി നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് സൂചന. അപ്രതീക്ഷിതമായ പ്രഖ്യാപനത്തിലൂടെ ഒരു തരത്തിലുമുള്ള ഗൂഢാലോചന നടത്താനും അവസരം കിട്ടാതെ വന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ജസ്റ്റീസുമാരായ എസ്എ ബോബ്‌ഡേ, ഡി വൈ ചന്ദ്രാചുഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നാസര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കോടതിക്ക് ഇന്ന് അവധി ദിവസമാണെങ്കിലും ചീഫ് ജസ്റ്റീസ് ഭരണഘടനാ ബഞ്ചിന്റെ പ്രത്യേകം യോഗം ചേര്‍ന്നാണു വിധി പറഞ്ഞത്.

ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന 2.77 ഏക്കര്‍ ഭൂമിയാണു തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. ഇതു ക്ഷേത്രകാര്യങ്ങള്‍ നടത്താന്‍ അവകാശമുള്ള നിര്‍മോഹി അഖാര, ശ്രീരാമപ്രതിഷ്ഠയെ പ്രതിനിധീകരിക്കുന്ന രാംലല്ലാ വിരാജ്മാന്‍, ബാബ്‌റി മസ്ജിറിന്റെ ചുമതലക്കാരായിരുന്ന ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി പങ്കിടാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയിലാണ് അന്തിമ തീരുമാനം വന്നത്.

ഇക്കാര്യത്തില്‍ 14 ഹര്‍ജികളാണു സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. 40 ദിവസത്തോളം നീണ്ട മാരത്തോണ്‍ വിചാരണയ്ക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്.

സുപ്രീംകോടതി വിധിയുടെ മുന്നോടിയായി രാജ്യത്തുടനീളവും ഉത്തര്‍പ്രദേശിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേസിലെ തീര്‍പ്പ് സൃഷ്ടിക്കാനിടയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് യുപിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ ചീഫ് ജസ്റ്റീസ് നേരിട്ട് വിലയിരുത്തുന്ന അത്യപൂര്‍വ്വ സാഹചര്യവും ഈ കേസില്‍ ഉണ്ടായി.

നേരത്തേ വിധിക്ക് മുന്നോടിയായി ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സിയും ഭീകരവിരുദ്ധ സ്‌ക്വാഡും കേന്ദ്ര സേനയുമൊക്കെയായി ഏതാനും ദിവസങ്ങളായി അയോധ്യയും ഉത്തര്‍പ്രദേശും കനത്ത സുരക്ഷാവലയത്തിലാണ്.

ഇന്നലെ വൈകിട്ടോടെ തന്നെ സുപ്രീം കോടതി പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ വിപുലമാക്കിയിരുന്നു. വിധി എന്തു തന്നെയായാലും അത് ആരുടേയും വിജയമോ പരാജയമോ അല്ലെന്നും വിധി എന്തായാലും സംയമനത്തോടെയാകണം നേരിടേണ്ടതെന്നും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു.

വിധി അനുകൂലമായാലും എതിരായാലും ആഹ്‌ളാദ പ്രകടനമോ കുത്തുവാക്കുകളോ പ്രകോപനമോ ഉണ്ടാകരുതെന്ന് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും നിര്‍ദേശിച്ചിരുന്നു. പ്രകോപനപരമായ പ്രസ്താവനകളെ കോണ്‍ഗ്രസും വിലക്കിയിരിക്കുകയാണ്.