നിര്‍ഭയകേസ്; ബക്‌സര്‍ ജയിലില്‍ നിന്നെത്തിച്ച തൂക്കുകയറിന്റെ പ്രത്യേകത

വധശിക്ഷ വൈകിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പാളിയതിനൊടുവില്‍ വധശിക്ഷയ്ക്കായി കാത്തിരിക്കുകയാണ് നിര്‍ഭയ കേസിലെ പ്രതികള്‍. ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങളും തിഹാര്‍ ജയിലില്‍ തുടങ്ങിക്കഴിഞ്ഞു. ഇവര്‍ക്കുള്ള തൂക്കുകയറുകളടക്കം തിഹാര്‍ ജയിലില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ തൂക്കുകയര്‍ തയ്യാറാക്കാന്‍ തിഹാര്‍ ജയിലധികൃതര്‍ സമീപിച്ചത് ബക്‌സര്‍ ജയിലിനെയാണ്. എന്തുകൊണ്ടാണത് ?തൂക്കുകയര്‍ നിര്‍മിക്കുന്നത് ബക്‌സര്‍ ജയില്‍ മാത്രമായതുകൊണ്ടാണത്.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയ നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റുന്നതിനുള്ള കൊലക്കയര്‍ അടക്കം തയ്യാറാക്കിയത് ബക്‌സര്‍ ജയിലിലാണ്. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ 1949 നവംബറിലാണ് തൂക്കിലേറ്റിയത്. അഫ്‌സല്‍ ഗുരു, യാക്കൂബ് മെമന്‍, അജ്മല്‍ കസബ് എന്നിവരുടെയെല്ലാം വധശിക്ഷ നടപ്പാക്കിയ തൂക്കുകയറുകള്‍ തയ്യാറാക്കിയത് ഇവിടെയാണ്.ബ്രിട്ടീഷുകാര്‍ 1880 ല്‍ ബക്‌സര്‍ ജയില്‍ സ്ഥാപിച്ചതിനോളം പഴക്കമുണ്ട് അവിടെ നിര്‍മ്മിക്കുന്ന തൂക്കുകയറുകളുടെ ചരിത്രത്തിനും.

Loading...

തൂക്കുകയറുകള്‍ തയ്യാറാക്കുന്നതിനുള്ള പ്രത്യേക യന്ത്രം ബ്രിട്ടീഷുകാര്‍ ബക്‌സര്‍ ജയിലില്‍ എത്തിച്ചത് 1884 ലാണ്. അതിനുമുമ്പ് ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍നിന്നാണ് തൂക്കുകയറുകള്‍ ഇറക്കുമതി ചെയ്തിരുന്നത്. മനില റോപ്പുകള്‍ എന്ന് അവ അറിയപ്പെട്ടിരുന്നു. പിന്നീട് ഫാക്ടറീസ് ആക്ട് പ്രകാരം തൂക്കുകയറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അവകാശം ബക്‌സര്‍ ജയിലിന് മാത്രമായി നല്‍കപ്പെട്ടു. അവ മറ്റാരെങ്കിലും നിര്‍മ്മിക്കുന്നത് തടയപ്പെട്ടു. സാധാരണ കയറുകള്‍ പോലെയല്ല തൂക്കുകയര്‍. ബലമുള്ളതും മൃദുവുമാകണം. കാലാവസ്ഥയും ജലലഭ്യതയും അടക്കമുള്ളവ കണക്കിലെടുത്താണ് ബ്രിട്ടീഷുകാര്‍ തൂക്കുകയര്‍ നിര്‍മ്മിക്കാന്‍ ബക്‌സര്‍ ജയില്‍ തിരഞ്ഞെടുത്തത്.

ഗംഗയുടെ തീരത്താണ് ജയില്‍. ഇവിടെ മറ്റുജയിലുകളില്‍ ഇല്ലാത്തവിധം ഒരു കിണറുമുണ്ട്. തടവുപുള്ളികള്‍ കിണറ്റില്‍ചാടി ആത്മഹത്യ ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ജയിലുകളില്‍ കിണര്‍ ഒഴിവാക്കാറുള്ളത്. തൂക്കുകയര്‍ നിര്‍മ്മാണത്തിന് ധാരളം വെള്ളം ആവശ്യമാണ്. കയര്‍ മൃദുവാക്കുന്നതിനാണ് ഇത്. മൃദുവായ കയര്‍ ഉപയോഗിച്ചില്ലെങ്കില്‍ വധശിക്ഷയ്ക്ക് വിധേയനാക്കുന്ന പ്രതിയുടെ കഴുത്തില്‍ മുറിവേല്‍ക്കും. അത് ഒഴിവാക്കേണ്ടതാണ്. ജെ 34 എന്നപേരില്‍ അറിയപ്പെടുന്ന പ്രത്യേക നൂലുകൊണ്ടാണ് ബക്‌സര്‍ ജയിലില്‍ തൂക്കുകയറുകള്‍ നിര്‍മ്മിക്കുന്നത്. പഞ്ചാബില്‍ കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്ന പരുത്തി ഉപയോഗിച്ചാണ് ഈ നൂല്‍ ഉണ്ടാക്കുന്നത്.

ഇതുപയോഗിച്ച് തൂക്കുകയര്‍ നിര്‍മ്മിക്കാനുള്ള വിദഗ്ധ പരിശീലനം തിരഞ്ഞെടുക്കപ്പെട്ട തടവുകാര്‍ക്ക് നല്‍കും. തൂക്കുകയറുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നാല് തസ്തികകള്‍ ബക്‌സര്‍ ജയിലിലുണ്ട്. ഈ നാല് ജീവനക്കാരാണ് തടവുകാര്‍ക്ക് പരിശീലനം നല്‍കുന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുതിര്‍ന്ന തടവുകാരെയാണ് പൊതുവെ ഈ ജോലിക്ക് നിയോഗിക്കാറുള്ളത്. വധശിക്ഷ വിധിക്കപ്പെട്ടവരെ ഒരു കാരണവശാലും ഇതിനായി നിയോഗിക്കാറില്ല.