വിക്കിലീക്ക്സ് പുതിയ രേഖകള്‍ പുറത്തുവിട്ടു; ബലാൽസംഗത്തിനിരയായ യുവതികളുടെ വിലാസം, സ്വവർഗാനുരാഗിയെ രാജ്യത്ത് അറസ്റ്റ് ചെയ്തതിന്റെ വിവരങ്ങള്‍ തുടങ്ങിയവ പുറത്തായി

അഫ്ഗാനിലും ഇറാഖിലും സാധാരണക്കാർക്കു നേരെ അമേരിക്കൻ സൈന്യം നടത്തിയ അതിക്രൂരമായ ആക്രമണങ്ങള്‍, ഗ്വാണ്ടനാമോ ബേ ജയിലിലെ മനുഷ്യത്വരഹിതമായ ഇടപെടലുകൾ, വിവിധ രാജ്യങ്ങളിലെ ഇന്റർനെറ്റ് സെൻസർഷിപ്, ലോകരാജ്യങ്ങളുടെ പ്രവർത്തനങ്ങളിലുള്ള അമേരിക്കൻ ഇടപെടൽ, കാലാവസ്ഥാവ്യതിയാനം, ആണവദുരന്തം, ലവ് പരേഡ് തുടങ്ങി ഒരു ദശാബ്ദക്കാലത്തിനിടെ വിക്കിലീക്ക്സ് ഇടപെടാത്ത മേഖലകൾ കുറവാണെന്നു തന്നെ പറയേണ്ടി വരും. മറച്ചുവയ്ക്കപ്പെട്ട സത്യങ്ങൾ ലോകത്തിനു മുന്നിലേക്ക് ‘ഹാക്ക്’ ചെയ്തിട്ടു കൊടുത്തു ജൂലിയൻ അസാൻജിന്റെ കീഴിലുള്ള ഈ സംഘം. ലണ്ടനിലെ ഇക്വഡോർ എംബസിയിലാണിപ്പോൾ അസാൻജ് അഭയം പ്രാപിച്ചിരിക്കുന്നത്. പുറത്തിറങ്ങിയാൽ സ്വീഡനിൽ ചുമത്തിയിട്ടുള്ള പീഡനക്കുറ്റത്തിന്റെ പേരിൽ പിടിയിലാകുമെന്നത് ഉറപ്പ്. പക്ഷേ ഏറ്റവും പുതിയതായി ഹിലറി ക്ലിന്റന്റെ ഇലക്‌ഷൻ ക്യാംപെയ്ന്‍ സംബന്ധിച്ച നിർണായക വിവരങ്ങൾ വരെ പുറത്തുവിടുമെന്ന് അറിയിച്ചു കഴിഞ്ഞു അദ്ദേഹം. അതിനിടയിലാണു പുതിയ വിവാദം.

വിക്കിലീക്ക്സ് അടുത്തിടെ പുറത്തുവിട്ട ഒരു കൂട്ടം രേഖകളിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടികളുടെ ഉൾപ്പെടെ വിവരങ്ങളുണ്ടെന്നാണ് അസോസിയേറ്റഡ് പ്രസ്(എപി) റിപ്പോർട്ട് ചെയ്തത്. പീഡനത്തിനിരയായവരുടെ മാത്രമല്ല എച്ച്ഐവി ബാധിതരുടെയും സ്വവർഗാനുരാഗികളുടെയും മാനസികാസ്വാസ്ഥ്യമുള്ളവരുടെയും വരെ ചികിൽസാവിവരങ്ങളും ഇത്തരത്തിൽ പുറത്തുവിട്ടവയിലുണ്ട്. ലോകരാജ്യങ്ങളിലെ അഴിമതിയും ഭരണകൂട അതിക്രമവും പുറത്തുകൊണ്ടുവരുന്നതിൽ നിർണായക പങ്കു വഹിച്ച വിക്കിലീക്ക്സിൽ നിന്നുള്ള ഇത്തരമൊരു നീക്കം ഏറെ വിമർശനങ്ങള്‍ക്കിടയാക്കിക്കഴിഞ്ഞു. കൂട്ടത്തോടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോൾ വ്യക്തികളുടെ അവകാശങ്ങൾ കൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും ഇക്കൂട്ടർ പറയുന്നു.

Loading...

മെഡിക്കൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുക വഴി ആയിരക്കണക്കിനു പേരുടെ കുടുംബ-സാമ്പത്തിക-വ്യക്തിഗത വിവരങ്ങളാണ് പരസ്യമാക്കപ്പെട്ടിരിക്കുന്നത്. ബലാൽസംഗത്തിനിരയായ യുവതികളുടെ വിലാസം ഉൾപ്പെടെയാണ് രണ്ട് രേഖകളിലുള്ളത്. സൗദിയിൽ നിന്നുള്ള ആയിരക്കണക്കിനു രേഖകളും കൂട്ടത്തിലുണ്ട്. സ്വവർഗാനുരാഗിയായ വ്യക്തിയെ രാജ്യത്ത് അറസ്റ്റ് ചെയ്തതിന്റെ വിവരങ്ങളാണ് അതിലൊന്ന്. അദ്ദേഹത്തിന്റെ വിലാസം ഉൾപ്പെടെയാണ് പുറത്തുവിട്ടത്. വീട്ടുകാരുടെ അക്രമവും ലൈംഗികപീഡനവും ഏറ്റുവാങ്ങേണ്ടി വന്ന ജോലിക്കാരുടെ വിവരങ്ങളുമുണ്ട് ഇതിൽ. ഇവരുടെ മുഴുവൻ പേര് കൂടാതെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെയാണു പുറത്തായത്. പരമ്പരാഗത സ്വത്തിന്റെ പേരിലുള്ള തർക്കവും അംഗപരിമിതരുടെ കടത്തിന്റെ കണക്കുകളുമെല്ലാം പുറത്തുവിട്ട രേഖകളിലുണ്ട്. 124 മെഡിക്കൽ രേഖകളിൽ കുട്ടികളുടെ രോഗവിവരങ്ങളും മാനസികാസ്വാസ്ഥ്യം നേരിടുന്നവരുടെ മെഡിക്കൽ റെക്കോർഡുമാണുള്ളത്. പലരുടെയും കുടുംബഭദ്രതയെ പോലും തകർക്കുന്നതാണ് ഈ രേഖകളെന്നും എപി റിപ്പോർട്ട് ചെയ്യുന്നു.