അന്ധനായ ഭര്‍ത്താവിന്റെ അവിഹിതബന്ധം; ഭാര്യ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്‌: അമ്മായിയുമായി അന്ധന് അവിഹിതബന്ധം അന്ധനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. മുതലമട പഞ്ചായത്തിലെ കൊട്ടപ്പള്ളം കോളനിയില്‍ വേലായുധന്‍(52) ആണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഇയാളുടെ ഭാര്യ ഓമന(48)യെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

വീട്ടില്‍ ഒരുമിച്ച്‌ താമസിക്കുന്ന അമ്മായിയുമായുള്ള ഇയാളുടെ അവിഹിത ബന്ധത്തെ ചൊല്ലി വേലായുധനും ഓമനുമായി തര്‍ക്കങ്ങള്‍ പതിവായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Loading...

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: അമ്മാവന്റെ മരണത്തോടെയാണ്‌ അമ്മായി വേലായുധന്റെ വീട്ടില്‍ താമസമാക്കിയത്‌. വേലായുധന്റെ അവിഹിത ബന്ധവും മദ്യപാനവും ഭാര്യ ഓമനയുമായി കലഹത്തിന്‌ ഇടയാക്കിയിരുന്നു. സ്‌ഥിരം മദ്യപാനിയായ വേലായുധന്‍ ചൊവാഴ്‌ച രാത്രിയും വീട്ടില്‍ ഭാര്യയുമായി വഴക്കിട്ടു. ബുധനാഴ്‌ച്ചെ പുലര്‍ച്ചെ വീട്ടില്‍ അമ്മായിയുമൊത്ത്‌ വേലായുധന്‍ കിടക്കുന്നത്‌ കണ്ടതാണ്‌ ഭാര്യയെ പ്രകോപിപ്പിച്ചത്‌. തുടര്‍ന്ന്‌ വെട്ടുകത്തി ഉപയോഗിച്ച്‌ കഴുത്തില്‍ വലതുഭാഗത്തായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അന്ധനായ വേലായുധന്‍ നേരത്തെ ലോട്ടറി വില്‍പ്പന നടത്തിയിരുന്നു. ഓമന കൂലിപണി ചെയ്‌ത് കൊണ്ടുവരുന്ന പണവും തട്ടിപ്പറിച്ച്‌ മദ്യം വാങ്ങിയിരുന്നതായി പോലീസ്‌ പറഞ്ഞു. മദ്യപിച്ച്‌ വീട്ടില്‍ വഴക്കുണ്ടാക്കുന്നതും പതിവാണ്‌. അന്ധനാണെങ്കിലും നാട്ടിലെ വഴികളെല്ലാം ഇയാള്‍ക്ക്‌ സുപരിചിതമായിരുന്നു. പരസഹായമില്ലാതെയാണ്‌ കാര്യങ്ങള്‍ ചെയ്‌തിരുന്നത്‌.

കുഴല്‍മന്ദം സി.ഐ പി.സി. ഹരിദാസ്‌, എസ്‌.ഐ വി. ഹരിദാസ്‌, വിരലടയാള വിദഗ്‌ധന്‍ രാജേഷ്‌കുമാര്‍ എന്നിവര്‍ സംഭവസ്‌ഥലത്തെത്തി തെളിവെടുപ്പ്‌ നടത്തി. മക്കള്‍: ബാബു എന്ന മണി, മനോജ്‌, ധനേഷ്‌, അനൂപ്‌കുമാര്‍. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി.