ക്വാറന്റൈന്‍ കേന്ദ്രത്തിലെ ദുരവസ്ഥ പറഞ്ഞു: റൂമിലടച്ച് ബെല്‍റ്റ് കൊണ്ടടിക്കുമെന്ന് ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി

റായ്പൂര്‍: തന്റെ അധികാരം ഉപയോ​ഗിച്ച് ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി ഒരു കേന്ദ്രമന്ത്രി. കേന്ദ്ര മന്ത്രി രേണുക സിംഗാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഛത്തീസ്ഗഢിലെ ബല്‍റാംപുര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയാണ് മന്ത്രിയുടെ ഭീഷണിയെന്നാണ് മറ്റൊരു വിരോധാഭാസം. കേന്ദ്ര ആദിവാസി ക്ഷേമമന്ത്രിയായ രേണുകാ സിംഗാണ് തന്റെ അധികാരം ദുർവിനിയോ​ഗം ചെയ്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

വിവാ​ദ സംഭവം ഇങ്ങനെയാണ്. ഇവിടെ ഗുണ്ടായിസം അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഞങ്ങളുടെ സര്‍ക്കാറല്ല അധികാരത്തിലെന്ന് ആരും വിചാരിക്കരുത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് ശക്തിയില്ലെന്ന് ആരും കരുതരുതെന്ന് മന്ത്രി പറയുന്നു. കൂടാതെ എങ്ങനെ റൂമിലടച്ച് ബെല്‍റ്റ് കൊണ്ടടിക്കണമെന്ന് എനിക്കറിയാമെന്നും കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരോട് ഭീഷണി സ്വരത്തിൽ പറഞ്ഞു. 15 വര്‍ഷം ഞങ്ങള്‍ സംസ്ഥാനം ഭരിച്ചു. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രം ആവശ്യത്തിന് പണം അനുവദിച്ചു. ജനത്തിന് ആവശ്യമുള്ള ഫണ്ട് നല്‍കുമെന്നും അവർ ഉച്ചത്തിൽ പറഞ്ഞു.

Loading...

ക്വാറന്റൈന്‍ കേന്ദ്രത്തിലെ ദുരവസ്ഥ മൊബൈലില്‍ ചിത്രീകരിച്ച് ബല്‍റാംപുര്‍ സ്വദേശിയായ ദിലീപ് ഗുപ്ത എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കേന്ദ്രത്തില്‍ മതിയായ സൗകര്യങ്ങളില്ലെന്നും വീഡിയോ പ്രചരിപ്പിച്ചതിന് തഹസില്‍ദാറും എക്‌സിക്യൂട്ടീവ് ഓഫിസറും തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. പിന്നീടാണ് കേന്ദ്രത്തില്‍ കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തിയത്. ദില്ലിയില്‍ നിന്നെത്തിയ ദിലീപ് ഗുപ്ത കേന്ദ്രത്തില്‍ ക്വാറന്റൈനിലാണ്. ഗുണനിലവാരമുള്ള ഭക്ഷണവും ലഭ്യമല്ലെന്ന് അദ്ദേഹം ആരോപിച്ചു.