ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ട് സ്വന്തം കുഞ്ഞുങ്ങള്‍ മാറിപ്പോയി; മൂന്നു വര്‍ഷത്തിനു ശേഷം സ്വന്തം കുട്ടികളെ തിരിച്ചറിഞ്ഞിട്ടും കൈമാറാന്‍ കഴിയാതെ രണ്ടു കുടുംബങ്ങള്‍

ഗുവാഹത്തി: വളര്‍ത്തുന്നത് സ്വന്തം കുഞ്ഞുങ്ങളെയല്ലെന്ന് തിരിച്ചറിഞ്ഞിട്ടും സ്വന്തം മക്കള്‍ എവിടയാണെന്നറിഞ്ഞിട്ടും കൈമാറാന്‍ കഴിയാതെ രണ്ടു കുടുംബങ്ങള്‍. മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ട് രണ്ട് കുടുംബങ്ങള്‍ക്ക് പരസ്പരം കുഞ്ഞുങ്ങളെ മാറിപ്പോയത്. ഡിഎന്‍എ ടെസ്റ്റ് നടത്തി കൂടെ വളരുന്നത് സ്വന്തം രക്തത്തിലുള്ള കുഞ്ഞുങ്ങളല്ലെന്ന് വ്യക്തമായിട്ടും സ്വന്തം കുഞ്ഞിനെ ഇനി സ്വീകരിക്കേണ്ടെന്നാണ് ഇരുകൂട്ടരുടെയും തീരുമാനം.

ആസാമിലെ ദരംഗ് ജില്ലയിലാണ് സംഭവം. സഹാബുദ്ദീന്‍ അഹമ്മദ്-സല്‍മാ ദമ്പതികളുടെയും അനില്‍-സെവാലി ബോറോ ദമ്പതികളുടെയും കുഞ്ഞുങ്ങളാണ് പരസ്പരം മാറിപ്പോയത്. 2015 മാര്‍ച്ച് 11നായിരുന്നു ദാരംഗിലെ മംഗള്‍ദായി സിവില്‍ ആശുപത്രിയില്‍ സെവാലിയും സല്‍മയും രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പ്രസവ ശേഷം, അധികൃതര്‍ അബദ്ധത്തില്‍ പരസ്പരം കുഞ്ഞുങ്ങളെ മാറി ബന്ധുകള്‍ക്ക് കൈമാറുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ മുഖത്തിന് ആകെ മാറ്റം വന്നതായി തോന്നി. കുഞ്ഞിന് ഞങ്ങളുടെ കുടുംബത്തിലെ ആരുടെയും മുഖവുമായി സാമ്യമില്ല. എന്നാല്‍, പ്രസവ സമയത്ത് അതേ ആശുപത്രിയിലുണ്ടായിരുന്ന ബോറോ വനിതയുടെ മുഖവുമായി സാമ്യമുള്ളതായി തോന്നി. സംശയം ഭര്‍ത്താവിനോട് പറയുകയും ചെയ്തുവെന്ന് സല്‍മ പറയുന്നു. ആശുപത്രിയെ സമീപിച്ചെങ്കിലും പരാതി അധികൃതര്‍ തള്ളുകയായിരുന്നു.

Loading...

തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഡിഎന്‍എ പരിശോധനക്ക് നിര്‍ദേശിച്ചത്. എന്നാല്‍, മൂന്ന് വര്‍ഷത്തിനു ശേഷം കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞിട്ടും ഇത്രയും കാലം സ്വന്തം കുഞ്ഞായി വളര്‍ത്തിയ കുഞ്ഞിനെ വിട്ടു കൊടുക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ല. ഇത്രയും നാള്‍ ഒപ്പമുണ്ടായിരുന്ന അച്ഛനമ്മമാരെ വിട്ടുപിരിയാന്‍ കുട്ടികളും ഒരുക്കമായിരുന്നില്ല. ഇതോടെയാണ് സ്വന്തം മക്കളെ വേണ്ടെന്ന് ഇരു കൂട്ടരും തീരുമാനിച്ചത്. തങ്ങളുടെ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കുമ്പോള്‍ ഇത്രയും നാളും പാലൂട്ടി മുഴുവന്‍ സ്‌നേഹവും നല്‍കി വളര്‍ത്തിയ കുഞ്ഞ് നഷ്ടമാകും എന്നതാണ് ഈ അച്ഛനമ്മമാരെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്.