തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിൽ മർദനവും പീഡനങ്ങളും ആത്മഹത്യകളും തുടർക്കഥയായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ തിരുവനന്തപുരം കാരക്കോണത്ത് നിന്നുമാണ് സ്ത്രീധന പീഡനത്തിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. യുവതിക്ക് സ്ത്രീധനം കുറഞ്ഞ് പോയതിൻറെ പേരിലാണ് മർദനവും മാനസീക പീഡനവും നേരിടേണ്ടി വന്നത്. വെണ്ണിയൂർ സ്വദേശി അഖിലിൻറെയും ബന്ധുക്കളുടെയും പേരിൽ പരാതി കൊടുത്ത് രണ്ടാഴ്ചക്ക് ശേഷമാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തു. അച്ഛനും അമ്മയും ഓടിയെത്തിയില്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെ എന്നാണ് യുവതി പറയുന്നത്. ഭർത്തൃവീട്ടിൽ നടന്ന സംഘർഷത്തിൻറെ ദൃശ്യങ്ങളും സ്ത്രീധനം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഒന്നും സംഭവിച്ചില്ലെന്നും എല്ലാം കള്ളക്കേസാണെന്നുമായിരുന്നു അഖിലിൻറെയും കുടുംബത്തിൻറെയും വിശദീകരണം.
നിബിഷയെ കാണാൻ വീട്ടിലേക്ക് പോയ നിബിഷയെ അച്ഛൻറെയും അമ്മയുടെയും മുന്നിലിട്ട് മർദിക്കാൻ ശ്രമിച്ചപ്പോഴുണ്ടായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാരക്കോണം സ്വദേശി നിബിഷയും വിഴിഞ്ഞം വെണ്ണിയൂർ സ്വദേശിയായ അഖിലും ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരാകുന്നത്. സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും നാല്പത് പവൻറെ സ്വർണാഭരണങ്ങളും നാല്പത് സെൻറ് ഭൂമിയും നിബിഷയ്ക്ക് വിൻസെൻറ് നൽകി. പിന്നീട് സ്ത്രീധന കണക്ക് ചോദിച്ചും സൗന്ദര്യക്കുറവെന്നും ആരോപിച്ച് അപമാനിക്കൽ തുടങ്ങിയതായി നിബിഷ പറയുന്നു. പിന്നീട് മർദനവും പതിവായി. പിന്നീടങ്ങോട്ട് സംസാരം മുഴുവൻ സ്ത്രീധനത്തെക്കുറിച്ചായി. സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞ് അപമാനവും മർദനവും പതിവായതോടെ നിബിഷയുടെ അച്ഛൻ അഖിലിനെ ഫോണിൽ വിളിച്ചപ്പോൾ പറയുന്നതിന്റെ ശബ്ദരേഖയും ലഭിച്ചിട്ടുണ്ട്.
പിടിച്ച് നിൽക്കാൻ കഴിയാതായപ്പോൾ വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം നിബിഷ വീട്ടിലേക്ക് വിളിച്ചു. അച്ഛനും അമ്മയും എത്താൻ വൈകിയിരുന്നെങ്കിൽ സ്ത്രീധന പീഡനത്തിൻറെ പേരിൽ ആത്മഹത്യ ചെയ്തവരുടെ കണക്കിൽ നിബിഷയും ഉൾപ്പെടുമായിരുന്നെന്ന് പറഞ്ഞ് നിബിഷയുടെ അമ്മയ്ക്ക് സങ്കടം സഹിക്കാനായില്ല. ജൂലായ് മാസം നിബിഷയെ മർദിച്ചപ്പോൾ പൊലീസെത്തിയിരുന്നു. കാര്യമായി ഒരു നടപടിയും എടുത്തില്ല. മർദനമേറ്റ ദിവസം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിട്ടും അതേ പൊലീസ് അനങ്ങിയില്ല. തുടർച്ചയായി പറഞ്ഞിട്ടും കേസെടുക്കാൻ രണ്ടാഴ്ചയിലധികമെടുത്തു. ഭർത്തൃവീട്ടുകാർ പീഡിപ്പിക്കുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ശബ്ദ സംഭാഷണവും എല്ലാമുണ്ടായിട്ടും നിബിഷയുടെയും കുടുംബത്തിൻറെ ഗതിയിതാണ്.