കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർതൃവീട്ടിലെ പീഡനമെന്ന് പരാതി

കൊല്ലം: കിഴക്കേകല്ലടയിൽ എഴുകോണിൽ യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമെന്ന് പരാതി. എഴുകോൺ കടയ്ക്കോട് സ്വദേശി സുവ്യ എ എസ് ആണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ പീഡനത്തെ കുറിച്ച് സുവ്യ പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സുവ്യയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൻറെ അമ്മയും സുവ്യയും തമ്മിൽ ഇന്നലെ രാവിലെയും വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറി സുവ്യ വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ അന്വേഷിച്ചപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയൽ കണ്ടെത്തിയത്.

മരണത്തിന് മുമ്പ് സുവ്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത ഓഡിയോയാണിത്. ഭർതൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയിൽ പറയുന്നുണ്ട്. ഭർത്താവിൻറെ അമ്മയിൽ നിന്ന് മാനസിക പീഡനമുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ നിരന്തരം അമ്മായി അമ്മ ആവശ്യപ്പെടുകയാണ്. എന്നാൽ ഭർത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാറില്ല. എന്തുസംഭവിച്ചാലും ഉത്തരവാദി ഭർത്താവിൻറെ അമ്മയാണെന്നും ഓഡിയോയിൽ സുവ്യ പറയുന്നുണ്ട്. സുവ്യയുടെ മരണത്തിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ശബ്ദസംഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ഭർത്താവിനും ഭർത്താവിൻറെ അമ്മയ്ക്കും എതിരെ ചുമത്തും.

Loading...