നോയ്ഡ: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിച്ചുവരുന്ന ഇന്ത്യയില്‍ വീണ്ടും ക്രൂരപീഡനം. ഡല്ഹിയോടുചേര്ന്നുള്ള യു.പി.യിലെ ഗ്രേറ്റര്‍ നോയ്ഡയിലാണ് യുവതിയെ കൂട്ടബലാത്സംഗംചെയ്തശേഷം ജീവനോടെ ചുട്ടെരിക്കാന്‍ ശ്രമം നടന്നത്. ഗുരുതരമായ പരിക്കുകളോടെ യുവതി നോയ്ഡയിലെ ആസ്പത്രിയിലാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കഴിഞ്ഞമാസവും സമാനമായ സംഭവം നടന്നിരുന്നു. യു.പി.യില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് കണക്കുകള്‍ കാണിക്കുന്നു. മെയ് മാസത്തില്‍മാത്രം ഡസന്‍ കണക്കിന് ലൈംഗികാതിക്രമക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടുമാസംമുമ്പ് നിര്‍ഭയ മോഡലില്‍ ബലാത്സംഗവും നടന്നിരുന്നു. ദാദ്രിയില്‍നിന്ന് കനൗജ് ജില്ലയിലേക്ക് പോകുകയായിരുന്ന യുവതിയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍വെച്ചാണ് രാത്രി കൂട്ടബലാത്സംഗംചെയ്തത്. ഈ വിഷയത്തില്‍ നിരവധി വനിതാമനുഷ്യാവകാശ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തുവന്നിരിക്കെയാണ് പുതിയ സംഭവം. അഖിലേഷ് യാദവ് സര്ക്കാറിന്റെകീഴില് ക്രമസമാധാനം തകര്‍ന്നുവെന്നും സ്ത്രീകള്‍ക്കെതിരെ അക്രമം വര്‍ധിച്ചുവെന്നുമുള്ള വിമര്‍ശമാണ് ഇത്തരം സംഘടനകളും പ്രതിപക്ഷവും ഉന്നയിക്കുന്നത്.