കൊവിഡ് രോ​ഗിയായ യുവതി ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി: അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നു

ഭോപ്പാൽ: ലോകത്തെ ​ഗ്രസിച്ചിരിക്കുന്ന കൊവിഡ് ഭീതി ഇന്നും ഒഴിഞ്ഞിട്ടില്ല. അതിനിടയിൽ സന്തോഷം നൽകുന്ന വാർത്തയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ബാധിതയായി ചികിത്സയിൽ കഴിയുന്ന യുവതി ഇരട്ട കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. അമ്മയും കുഞ്ഞുങ്ങളും തമ്മിൽ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം.

മധ്യപ്രദേശ് ഇൻഡോറിലെ എംടിഎച്ച് ആശുപത്രിയിലായിരുന്നു പ്രസവം. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് ഓരോ ദിവസവും ഉയരുമ്പോൾ വൈറസ് കൂടുതൽ ഗ്രാമങ്ങളിലേക്ക് എത്തുന്നത് സർക്കാരിനെ കടുത്ത ആശങ്കയിലാക്കുന്നു. രോ​ഗവ്യാപനം ഇതേ നിരക്കിൽ തുടർന്നാൽ പത്തു ദിവസം കൊണ്ട് ഇന്ത്യ രണ്ടു ലക്ഷത്തിലധികം രോഗികളുള്ള ആറു രാജ്യങ്ങളുടെ പട്ടികയിലെത്തും.

Loading...

രണ്ടാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ 24 മണിക്കൂറിലെ പുതിയ കേസുകൾ ശരാശരി രണ്ടായിരമായിരുന്നു. മൂന്നാം ഘട്ടത്തിൽ ഇത് നാലായിരമായി. നാലാം ഘട്ടം ഒരാഴ്ച പിന്നിടുമ്പോൾ ഇത് ശരാശരി ആറായിരത്തിൽ എത്തി നിൽക്കുന്നു. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തിൽ അമേരിക്കയും റഷ്യയും ബ്രസീലും മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ. 330 ജില്ലകളിൽ മൂന്നാം ഘട്ട ലോക്ക്ഡൗൺ തുടങ്ങുമ്പോൾ രോഗികളില്ലായിരുന്നു. ഇപ്പോൾ ഇതിൽ പകുതി ജില്ലകളിലും വൈറസ് എത്തി. തൊഴിലാളികൾ മടങ്ങുമ്പോൾ ഗ്രാമങ്ങളിലേക്ക് വൈറസ് പടരുന്നതാണ് ഇന്ത്യ നേരിടുന്ന അടുത്ത വൻഭീഷണി. ദില്ലി, മുംബൈ, താനെ, ചെന്നൈ, അഹമ്മദാബാദ് എന്നീ അറുപത് ശതമാനം രോഗികളുള്ള അഞ്ചു നഗരങ്ങളിൽ സ്ഥിതി നിയന്ത്രണത്തിലാക്കാൻ കഴിയുന്നില്ല.