പത്താംക്ലാസുകാരിയും കാമുകനും ചേര്‍ന്ന് വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി

ഗാസിയാബദ് : പതിനഞ്ചുകാരിയായ മകളും കാമുകനും ചേര്‍ന്ന് വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി. ഡല്‍ഹി പൊലീസിലെ വനിതാ കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്.ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശശി മാല (44) ആണ് മരിച്ചത്. ഡല്‍ഹിയില്‍ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥയാണ് അവര്‍.മകളുടെ പ്രണയ ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കഴുത്ത് ഞെരിച്ചാണ് പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത്. ബിഹാറില്‍ പോയിരുന്ന ഭര്‍ത്താവ് അവിടെനിന്ന് മടങ്ങിയെത്തിയപ്പോള്‍ ഭാര്യയെ അബോധാവസ്ഥയില്‍ കണ്ടെത്തി.പോലീസിനെ വിവരം അറിയിച്ചശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ശശി മാലയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംശയം തോന്നിയ പോലീസ് മകളെ ചോദ്യംചെയ്യുന്നതിനിടെ 15കാരി കുഴഞ്ഞുവീഴുകയും പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു. കാമുകനെ കാണരുതെന്ന് നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് മകള്‍ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥയുടെ മകളെയും കാമുകനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Loading...

അതേസമയം വടകര ഏറാമല പഞ്ചായത്തിലെ കാര്‍ത്തികപ്പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്ത്രീയെ വീട്ടിനുള്ളില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അകന്ന ബന്ധുവായ യുവതി കസ്റ്റഡിയിലായി.വീടുമായി അടുത്തബന്ധം പുലർത്തിയിരുന്ന പട്ടർകണ്ടി സമീറ (40) യാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.കാർത്തികപ്പള്ളി കാർഗിൽ ബസ്‌സ്റ്റോപ്പിനു സമീപം പറമ്പത്ത് മൂസയുടെ ഭാര്യ ഹലീമ (60) യ്ക്കാണ് വെട്ടേറ്റത്. കഴുത്തിനും തലയ്ക്കുമാണ് പരിക്ക്. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വെള്ളിയാഴ്ച ഉച്ചയ്ത്ത് 12.30-നും മൂന്നുമണിക്കും ഇടയിലാണ് നാടിനെ നടുക്കിയ സംഭവം. മൂസ 12.30-നാണ് വീട്ടിൽനിന്ന് പള്ളിയിലേക്ക് പോയത്. 2.55-ന് തിരിച്ച് വീട്ടിലെത്തുമ്പോഴാണ് കിടപ്പുമുറിയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന ഹലീമയെ കണ്ടത്. വായയ്ക്കുള്ളിൽ തുണി തിരുകിവെച്ച നിലയിലായിരുന്നു.ഹലീമയുടെ ആറു വളകളും കമ്മലും സ്വർണമാലയുമടക്കം പത്തുപവനാണ് കവർന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയശേഷം ഹലീമതന്നെയാണ് ഭർത്താവിന് അക്രമിയെക്കുറിച്ച് സൂചന നൽകിയത്. ഈ വിവരം ഉടൻ പോലീസിന് കൈമാറി.അയൽവാസിയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണവും സമീറയിലാണ് എത്തിയത്. ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിയപ്പോൾ പോലീസ് നായ ഓടിയത് സമീറയുടെ വീടിന്റെ ദിശയിലേക്കാണ്. വൈകാതെ സമീറയെ എടച്ചേരി സി.ഐ. പി. സുഭാഷും സംഘവും കസ്റ്റഡിയിലെടുത്തു. സംഭവത്തിനുശേഷം ഇവർ നാലുവളകൾ പയ്യോളിയിൽ വിറ്റതായും ഏഴുപവന്റെ വളകൾ വടകരയിൽനിന്ന് മാറ്റിവാങ്ങിയതായും പോലീസിന് വിവരം ലഭിച്ചു. മാറ്റിവാങ്ങിയ വളകൾ കണ്ടെടുത്തു. വെട്ടുകത്തികൊണ്ടാണ് ഹലീമയുടെ കഴുത്തിനും തലയ്ക്കും വെട്ടിയത്.പട്ടികകൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. വിരലടയാളവിദഗ്ധരും വീട്ടിലെത്തി തെളിവ് ശേഖരിച്ചു. ഹലീമയും ഭർത്താവുംമാത്രമാണ് വീട്ടിലുള്ളത്.മകനും മരുമകളും വിദേശത്താണ്. ഈ വീടുമായി സമീറ നല്ല ബന്ധംപുലർത്തിയിരുന്നു. ഇത് മുതലെടുത്താണ് അക്രമവും കവർച്ചയും നടത്തിയതെന്നാണ് സൂചന.