കേരളത്തിന് അപമാനമായി മറ്റൊരു കാഴ്ച; നടുറോഡിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട വൃദ്ധയെ തിരിഞ്ഞുനോക്കാതെ ജനങ്ങൾ

ബൈക്ക് ഇടിച്ചുവീഴ്ത്തിയ മത്സ്യത്തൊഴിലാളി ആരും തിരിഞ്ഞുനോക്കാതെ റോഡില്‍ കിടന്നത് മിനിറ്റുകളോളം. കടയ്ക്കാവൂര്‍ സ്വദേശിനിയായ മത്സ്യത്തൊഴിലാളി ഫിലോമിനയെ ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിനു സമീപമായിരുന്നു അപകടം. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ അപകട ദൃശ്യം പതിഞ്ഞത്.

റോഡില്‍ തെറിച്ചുവീണ് അബോധാവസ്ഥയില്‍ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ആരും തയ്യാറായില്ല. എല്ലാവരും കാഴ്ചക്കാരായി മാറിനില്‍ക്കുകയായിരുന്നു. ഈ സമയം ഇതുവഴി നിരവധി വാഹനങ്ങളും കടന്നുപോയി. ഒരു സര്‍ക്കാര്‍ വാഹനവും കടന്നുപോയെങ്കിലും അവരും കണ്ടില്ലെന്ന് നടിച്ചു. അതിനിടെ, പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് പോലീസ് സംഘവും അവിടെയെത്തി.

Loading...

വീണുകിടക്കുന്ന ആള്‍ പല തവണ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് രണ്ട് യുവാക്കളാണ് ഇവരെ പിടിച്ചെഴുന്നേല്‍പ്പിച്ചതും മുറിവ് വച്ചുകെട്ടി ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയതും. ബൈക്ക് ഓടിച്ചിരുന്ന ആറ്റിങ്ങല്‍ സ്വദേശി അരുണിനെ വൈകിട്ട് കസ്റ്റഡിയില്‍ എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു. മൂന്നു പേരാണ് ബൈക്കിലുണ്ടായിരുന്നത്. ഇന്നു രാവിലെ വീണ്ടും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.

അതേസമയം, അപകടത്തിപെട്ട സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കടക്കാവൂര്‍ സി.ഐ അറിയിച്ചു. ഇന്നലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ അവര്‍ കടയ്ക്കാവൂര്‍ സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കിയെന്നും സി.ഐ അറിയിച്ചു.