ആശുപത്രിയിലെത്തി രോഗികളുടെ പേഴ്‌സ് മോഷ്ടിച്ച യുവതി അറസ്റ്റില്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ പഴ്സ് കവര്‍ന്ന സംഭവത്തില്‍ യുവതി പിടിയില്‍. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഒപിയിലെ തിരക്കിനിടയില്‍ രോഗികളുടെ പഴ്സ് കവര്‍ന്ന സംഭവത്തിലാണ് യുവതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടന്ന അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പുഞ്ചവയല്‍ പാക്കാനം സ്വദേശി നിഷയെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇവരില്‍ നിന്ന് രണ്ട് പഴ്സുകളും കണ്ടെടുത്തു.

വ്യാഴാഴ്ച രാവിലെയാണ് ഒപി വിഭാഗത്തിന് മുമ്പില്‍ പേരക്കുട്ടിയുമായി ഇരുന്ന വയോധികയുടെ പഴ്സ് നഷ്ടപ്പെട്ടതായി പരാതിയുയരുന്നത്. തുടര്‍ന്നാണ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചത്. സിസിടിവി ദൃശ്യത്തില്‍ വയോധികയുടെ സമീപമിരുന്ന യുവതി ഇവരുടെ പഴ്‌സ് കവരുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി പുഞ്ചവയല്‍ സ്വദേശിനിയാണെന്ന് തിരിച്ചറിയുകയും അവരെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജനറല്‍ ആശുപത്രിയില്‍ ഇതിനുമുന്‍പും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളില്‍ പിടിക്കപ്പെട്ട യുവതിക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്.

Loading...