പാക് അനുകൂല മുദ്രാവാക്യം; പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വനിയമ ഭേദഗതിക്കെതിരായ പരിപാടിക്കിടെയാണ് പെണ്‍കുട്ടി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്.
എഐഎംഐഎം നേതാവും എംപിയുമായ അസദുദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. മൂന്നുവട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ ഒവൈസി അടക്കമുള്ളവര്‍ തിരുത്താന്‍ ശ്രമിക്കുകയും അവരുടെ കൈയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. ബെംഗളൂരു ഫ്രീഡം പാര്‍ക്കിലായിരുന്നു പരിപാടി.

ഇങ്ങനെയുള്ളവര്‍ പരിപാടിയില്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്നുവെങ്കില്‍ താന്‍ വരില്ലായിരുന്നുവെന്ന് ഒവൈസി പിന്നീട് വ്യക്തമാക്കി. യുവതിക്കെതിരെ പോലീസ് രാജ്യദ്രോഹ കേസെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തശേഷം അവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.പാകിസ്താന്‍ സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പറയാനാണ് ശ്രമിച്ചതെന്നാണ് യുവതിയുടെ വാദം.

Loading...

കഴിഞ്ഞ ദിവസം പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചെരുപ്പേറ് അടക്കമുള്ള കാര്യങ്ങളും നടന്നിരുന്നു.
ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ആക്രമണം. സംഘപരിവാര്‍ അടക്കമുള്ള വലത് സംഘടനകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചെരിപ്പും ഷൂസും വലിച്ചെറിഞ്ഞത്.ഭാരത് മാതാ കി ജയ് ,വന്ദേമാതരം എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു അതിക്രമം. കെഎല്‍ഇ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായ താലിബ് മജീദ്, ബാസിദ് ആസിഫ് സോഫി, ആമിര്‍ മുഹിയുദ്ധീന്‍ വാഹി എന്നിവരെയാണ് ഞായറാഴ്ച പോലിസ് അറസ്റ്റ് ചെയ്തത്. പാക് അനുകൂലമുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന് ആരോപിച്ച് കോളജ് മാനേജ്‌മെന്റാണ് ഇവര്‍ക്കെതിരെ പോലിസിനെ സമീപിച്ചത്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് മൂവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഷോപ്പിയാന്‍ സ്വദേശികളായ ഇവര്‍ പുല്‍വാമ ഭീകരാക്രമണശേഷം ആഘോഷങ്ങള്‍ നടത്തിയതായും ആരോപണമുണ്ട്.