ചങ്ങനാശ്ശേരി നഗരസഭാ ഓഫീസില്‍ മിന്നല്‍ റെയ്ഡ്, കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ ഓഫീസര്‍ അറസ്റ്റില്‍

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ ഓഫീസിലെ രണ്ട് വനിതാ ജീവനക്കാര്‍ വിജിലന്‍സ് പിടിയില്‍. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ പിടിയിലായത്. ഒരു കനേഡിയന്‍ മലയാളിയുടെ വീടിന്റെ കരം അടക്കുന്നതിന് ഇരുവരും 5000 രൂപ ക്കൈൂലി ആവശ്യപ്പെട്ടിരുന്നു. ഇത് കൈപ്പറ്റുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ചങ്ങനാശ്ശേരി നഗരസഭയിലെ റവന്യു ഓഫീസര്‍ കോഴിക്കോട് വെസ്റ്റ് ഹില്‍ സൂര്യകിരണ്‍ വീട്ടില്‍ പി.ടി സുശീല, റവന്യു ഇന്‍സ്‌പെക്ടര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് പുതുശ്ശേരി വീട്ടില്‍ സി.ആര്‍ ശാന്തി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും സംഘം കൈയോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.

കനേഡിയൻ മലയാളിയിൽ നിന്നും കൈക്കൂലി കൈപ്പറ്റാൻ ശ്രമിച്ചതാണ് ഇരുവർക്കും കുരുക്കായത്. കാനഡയിൽ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ചങ്ങനാശേരിയിൽ ഒരു വീടു നിർമ്മിച്ചിരുന്നു. ഈ വിടിന്റെ ഒക്യുപെൻസി സർട്ടിഫിക്കറ്റിനായി ഇദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ഇയാളുടെ ജോലിക്കാരൻ ചങ്ങനാശേരി നഗരസഭ ഓഫിസിൽ എത്തിയിരുന്നു. 35000 രൂപ ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അടച്ചിരുന്നു. ശേഷം 3500 രൂപ കരമായി അടയ്ക്കാക്കാൻ സുശീല നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കരം അടയ്ക്കുന്നതിന് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുക ആയിരുന്നു.

Loading...

വനിതാ ഓഫിസർമാരായ ശാന്തിയും, സുശീലയും ഇദ്ദേഹത്തോട് കരം അടയ്ക്കണമെങ്കിൽ 5000 രൂപ കൈക്കൂലി തരണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലിയുമായി കാനഡ സ്വദേശിയുടെ ജീവനക്കാരൻ ഓഫിസിൽ ബുധനാഴ്ച എത്തി. സുശീലയുടെ നിർദ്ദേശപ്രകാരം ശാന്തി ഈ തുക കൈപ്പറ്റുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്‌പി വി.ജി രവീന്ദ്രനാഥ്, ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ്, എ.ജെ തോമസ്, റെജി എം.കുന്നിപ്പറമ്പൻ, എസ്‌ഐമാരായ വിൻസെന്റ് കെ.മാത്യു, കെ.സന്തോഷ്, കെ.സന്തോഷ്‌കുമാർ, ടി.കെ അനിൽകുമാർ, പി.എസ് പ്രസന്നകുമാർ, എഎസ്ഐ സി.എസ് തോമസ്, തുളസീധരക്കുറുപ്പ്, സ്റ്റാൻലി തോമസ്, വി.എൻ സുരേഷ്‌കുമാർ, എംപി പ്രദീപ്കുമാർ, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിനി, നീതു, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, കെ.ജി ബിജു, എൻ.സുനീഷ് എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്.