ഐഎസ് ബന്ധത്തിൽ കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ എൻ‌ഐഎ കസ്റ്റഡിയിൽ വിട്ടു

ദില്ലി: ഐഎസ് പ്രചാരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്നും അറസ്റ്റിലായ മലയാളി യുവതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഇവരെ ഇന്നലെ ദില്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യയിൽ ഐ എസിനു വേണ്ടി ആശയപ്രചാരണം നടത്തിയെന്ന കേസിലാണ് പിടിയിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നത്.കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.

മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയിൽ ഇറാനിലെ ടെഹ്റാൻ വരെ എത്തിയെന്നാണ് എൻഐഎ പറയുന്നത്. മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികൾക്ക് ഐഎസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചു നൽകി. കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എൻഐഎ പറയുന്നു. ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്കായി കശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായി എൻഐഎ എഫ്ആആറിൽ പറയുന്നുണ്ട്. ദില്ലിയിൽ നിന്നെത്തിയ എൻഐഎ സംഘം ഇന്ന് അതിരാവിലെ രഹസ്യമായാണ് കണ്ണൂർ താണയിലെ വീട്ടിൽ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ ട്രാൻസിറ്റ് കസ്റ്റഡിയിൽ വാങ്ങി.

Loading...