ഉത്ര വധക്കേസ്: പൊലീസിനെതിരെ വനിതാ കമ്മീഷൻ: മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പൊലീസിന്റെ വീഴ്ച

തിരുവനന്തപുരം: ഉത്ര വധക്കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ പൊലീസിനെതിരെ രം​ഗത്ത് വന്നു. ഉത്രയുടെ മാതാപിതാക്കൾ മരണത്തിൽ ആദ്യം തന്നെ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പൊലീസിന്റെ വീഴ്ചയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ വിമർശിച്ചു. മൃതദേഹം ദഹിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനും ജോസഫൈൻ നിർദ്ദേശം നൽകി. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ വനിതാകമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈൻ പറഞ്ഞു. കൊല്ലം റൂറൽ എസ്പി ഇക്കാര്യം അന്വേഷിക്കണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ അഞ്ചൽ സിഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈൻ വ്യക്തമാക്കി.

അതേസമയം ത്രയുടെ മരണം പാമ്പുകടിയേറ്റ് തന്നെയാണ് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുന്നു. ഇടത് കൈയ്യിൽ രണ്ട് തവണ പാമ്പ് കടിയേറ്റ പാടുകളുണ്ട്. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. മൂർഖന്‍പാമ്പിന്‍റെ കടിയേറ്റ് മരിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് അന്വേഷണംസംഘം കൈപ്പറ്റിയത്.

Loading...

പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന് മുമ്പ് സൂരജ് ഉത്രയ്ക്ക് ഉറക്ക​ഗുളിക നൽകിയെന്ന നി​ഗമനത്തിലാണ് പൊലീസ്. ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ പ്രാവശ്യം പഴച്ചാറിലും ഉറക്കഗുളിക കലർത്തി നൽകി എന്നാണ് അനുമാനിക്കുന്നത്. സൂരജിനെ ചോദ്യം ചെയ്തപ്പോൾ ഇതുസംബന്ധിച്ച വിവരം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ആദ്യം പാമ്പ് കടിയേൽക്കുമ്പോൾ ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നുവെന്നും സൂരജിന്‍റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്.