പെരിയാറില്‍ പൊങ്ങിയ യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയത് 40 കിലോ ഭാരമുള്ള കരിങ്കല്ലുകൊണ്ട്… പൊതിഞ്ഞിരുന്നത് പുതപ്പുകൊണ്ട്

കൊച്ചി: പുതപ്പുകൊണ്ട് പൊതിഞ്ഞ് കരിങ്കല്ല് കെട്ടിത്താഴ്ത്തിയ നിലയില്‍ പെരിയാറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് നിഗമനം. 30 കാരിയായ യുവതിയുടെ വായില്‍ തുണി തിരുകിക്കയറ്റിയ നിലയിലാണ് മൃതദേഹം എത്തതാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിലേയ്ക്ക് നയിച്ചിരിക്കുന്നത്.

രാവിലെ ഒന്‍പതുമണിയോടെ കരയ്‌ക്കെത്തിച്ച മൃതദേഹം ഏകദേശം 12 മണിയോടെ പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ആലുവ യുസി കോളജിന് സമീപം കടൂപ്പാടത്തെ വിന്‍സെന്‍ഷ്യല്‍ വിദ്യാഭവന്‍ സെമിനാരിയുടെ കടവിനോട് ചേര്‍ന്നുള്ള ഭാഗത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.

Loading...

വെള്ളത്തില്‍ മുങ്ങിയ നിലയിലുള്ള മൃതദേഹം പുറത്തെടുത്തപ്പോഴാണ് യുവതിയുടേതെന്ന് തിരിച്ചറിഞ്ഞത്. രണ്ടു ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ്.

പച്ച നിറത്തിലുള്ള ട്രാക്ക് ക്യൂട്ടും, കടും നീല ബനിയനുമായിരുന്നു വേഷം. പുതപ്പിനുള്ളില്‍ നിന്നും കൈ പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലായിരുന്നു. ശരീരം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലിന് 40 കിലോയോളം ഭാരമുണ്ട്. ഈ കല്ലില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുണ്ട്. അതുകൊണ്ടുതന്നെ എവിടെ നിന്നോ പൊളിച്ചു നീക്കിയതിന്റെ അവശിഷ്ടമാകാം ഇതെന്നാണ് സൂചന.

ഇത്ര ഭാരമുള്ള കല്ല് കെട്ടിത്താഴ്ത്തിയിട്ടും മൃതദേഹം പൊങ്ങാന്‍ കാരണം ശക്തമായ അടിയൊഴുക്കാകാം എന്നാണ് നിഗമനം. കരയോടു ചേര്‍ന്ന് അടിഞ്ഞു കൂടിയ ചെടികളുടെ കൊമ്പില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു മൃതദേഹം.