കൊച്ചിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു: ഇടയ്ക്ക് വച്ച്‌ കാറില്‍ കയറിയ യുവാവിനെ കാണാനില്ല, അന്വേഷണം ആരംഭിച്ചു

കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. അപകടത്തില്‍ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സല്‍മാന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന യുവാവിനെ അപകടത്തിന് ശേഷം കാണാതായതായി പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചു.

കളമശ്ശേരിയില്‍ മെട്രോ പില്ലറില്‍ കാറിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഒരാള്‍ കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. എറണാകുളത്ത് നിന്ന് വരും വഴിയാണ് യുവാവ് കാറില്‍ കയറിയത്. സുഹാനയുടെ പരിചയക്കാരനാണ് എന്നാണ് പറഞ്ഞതെന്ന് കാര്‍ ഓടിച്ചിരുന്ന സല്‍മാന്‍ മൊഴി നല്‍കി. തനിക്ക് ഇയാളെ പരിചയമില്ലെന്നും സല്‍മാന്‍ പറയുന്നു.

Loading...

അപകടത്തിന് ശേഷം കാണാതായ യുവാവിനെ കണ്ടെത്താനാണ് പൊലീസ് ശ്രമം. ഇയാള്‍ കടന്നു കളഞ്ഞതാണോയെന്ന് സംശയമുള്ളതായി പൊലീസ് പറയുന്നു.