വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് വീട്ടമ്മ മരിച്ചു

മാങ്കൊമ്പ്: ഉപയോഗശൂന്യമായി കിടന്ന വീട് പൊളിച്ചു നീക്കാന്‍ ശ്രമിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് തൈപ്പറന്പില്‍ സിബിച്ചന്റെ ഭാര്യ പ്രഭാവതിയാണ് മരിച്ചത്. 44 വയസായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ കണ്ണാടി തൊണ്ണൂറിന്‍ചിറയ്ക്ക് സമീപമാണ് അപകടം.

തൊണ്ണൂറിന്‍ ചിറയ്ക്ക് സമീപം കുടുംബവീട്ടില്‍ പ്രഭാവതിയുടെ അമ്മ കുഞ്ഞമ്മ മാത്രമാണുള്ളത്. ഇന്നലെ പകല്‍ ഇവിടെയെത്തിയ പ്രഭാവതി വീടിനോട് ചേര്‍ന്നുള്ള ഉപയോഗശൂന്യമായ പഴയ വീടിന്റെ ഭിത്തി പൊളിച്ചു നീക്കാന്‍ ശ്രമിക്കുകയായിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് വീടിനുള്ളില്‍ നിന്നും ഇഷ്ടികകള്‍ പൊളിച്ചു നീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഭിത്തിയൊന്നാകെ തകര്‍ന്ന് പ്രഭാവതിക്ക് മേല്‍ വീണത്. അരക്ക് താഴേക്കുള്ള ഭാഗം മുഴുവന്‍ ഭിത്തിക്കുള്ളില്‍ പെട്ട നിലയില്‍ ആയിരുന്നു.

Loading...

ഈ സമയം അടുത്തുണ്ടായിരുന്ന പ്രഭാവതിയുടെ മകള്‍ സ്വര്‍ണമ്മയുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് തകര്‍ന്ന ഭിത്തിക്കടിയില്‍നിന്നും പ്രഭാവതിയെ പുറത്തെടുത്തത്. തുടര്‍ന്ന് പുളിങ്കുന്ന് താലൂക്കാശുപത്രിയിലും, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പ്രസിത്, സിജിത് എന്നിവരാണ് പ്രഭാവതിയുടെ മറ്റു മക്കള്‍.