മൂന്നു കോടിയുടെ വീട്ടിൽ താമസിക്കുന്ന, സ്വന്തമായി ലക്ഷങ്ങളുടെ ആഡംബര കാറുകളുള്ള ഒരു സ്ത്രീ കുടുംബത്തിനുവേണ്ടി റോഡ്സൈഡിൽ ഭക്ഷണ വിൽപ്പന

ഗുഡ്ഗാവ്: മൂന്നു കോടിയുടെ വീട്ടിൽ താമസിക്കുന്ന, സ്വന്തമായി ലക്ഷങ്ങളുടെ ആഡംബര കാറുകളുള്ള ഒരു സ്ത്രീ റോഡ്സൈഡിൽ ഭക്ഷണ വിൽപ്പന നടത്തും എന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? എന്നാൽ സ്വന്തം കുടുംബത്തിന്റെ ഭാവി ഇരുട്ടിലാക്കാൻ ആഗ്രഹിക്കാത്ത 34കാരിയായ ഒരു മുൻ അദ്ധ്യാപിക ചൂടേറ്റ് വിയർത്ത്, കുടുംബത്തിന്റെ അന്തസ്സിന് കോട്ടം തട്ടുമെന്ന ഭയമൊന്നുമില്ലാതെ തന്റെ ബിസിനസ് നടത്തുകയാണ്. 45 ദിവസമായി ഉർവശി യാദവ് തന്റെ ഭക്ഷണ വിൽപ്പന ആരംഭിച്ചിട്ട്. ചോലേ – കുൽച്ചേ (കടല കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം)യും പറാത്തയുമാണ് ഇവർ വിൽക്കുന്നത്. ആറു വർഷത്തിനിടയിൽ ഭർത്താവ് അമിത് യാദവിന് രണ്ട് അപകടങ്ങൾ സംഭവിച്ചതാണ് ഉർവശിയെ പുതിയ വഴിയിലേക്ക് നടത്തിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഇടുപ്പ് മാറ്റിവയ്‌ക്കണമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ഇക്കഴിഞ്ഞ മെയ് 31 വരെ ഒരു നഴ്‌സറി സ്‌കൂൾ അദ്ധ്യാപികയായിരുന്നു ഉർവശി.’ഇപ്പോൾ ഞങ്ങൾക്ക് സാമ്പത്തികമായി ഒരു ബുദ്ധിമുട്ടുമില്ല. എന്നാൽ ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന ഉറപ്പില്ല. അത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഇപ്പോഴേ പദ്ധതികൾ ഉണ്ടാക്കണം. ഒരു അദ്ധ്യാപികയായി മുന്നോട്ടു പോയാൽ ഒന്നിനും തികയില്ല. പാചകം ഇഷ്‌ടമായതിനാൽ ഈ വഴി തിരഞ്ഞെടുത്തു.’- ഉർവശി പറയുന്നു. ഇവരുടെ ഭർത്താവ് ഒരു ഉയർന്ന നിർമ്മാണ കമ്പിയിലെ എക്‌സിക്യൂട്ടീവാണ്. ഭർത്താവിന്റെ പിതാവ് ഇന്ത്യൻ വ്യോമസേന കമാൻഡറായിരുന്നു. ഭർത്താവിന് അപകടം സംഭവിച്ച് രണ്ടാം ദിവസം ജോലി ഉപേക്ഷിച്ചു. പതിനഞ്ചു ദിവസത്തിനു ശേഷം ഗുഡ്ഗാവ് മാർക്കറ്റിലെ ഒരു ആൽമര ചുവട്ടിൽ ബിസിനസും ആരംഭിച്ചു. ഇവരുടെ പറാത്ത വിൽപ്പന ഫേസ്ബുക്കിൽ വന്നതോടെയാണ് കൂടുതൽ പ്രശസ്‌തമായത്. കസ്‌റ്റമേഴ്സിന്റെ എണ്ണം കൂടി. ഇതേ അവസ്ഥയിൽ കഴിയുന്ന സ്ത്രീകളിൽ നിന്നും സഹായ വാഗ്ദാനങ്ങൾ ലഭിക്കുന്നു. ഇംഗ്ലീഷ് ബിരുദധാരിയായ ഇവർക്ക് കുടുംബത്തിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നു. ഒരു കട തുടങ്ങാൻ സഹായിക്കാമെന്ന് ഭർത്താവിന്റെ പിതാവ് പറഞ്ഞെങ്കിലും അതും സ്വീകരിച്ചില്ല. ദിവസം 2500 മുതൽ 3000 വരെ സമ്പാദിക്കാൻ സാധിക്കുന്നു. മാത്രമല്ല ജീവിതത്തിൽ മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകയാകണം എന്നാണ് ഉർവശി പറയുന്നത്.ഒരു ഫുഡ് ട്രക്കോ റെസ്‌റ്റോറന്റോ തുടങ്ങണമെന്ന ആഗ്രഹത്തിലാണ് ഉർവശിയിപ്പോൾ.