യുവാവിനെതിരെ യുവതിയുടെ ക്വട്ടേഷൻ, മർദിച്ചു അവശനാക്കി നഗ്‌നദൃശ്യം പകർത്തി

കൊച്ചി: യുവാവിനെതിരെ യുവതിയുടെ ക്വട്ടേഷന്‍. സംഘം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി നഗ്‌നദൃശ്യങ്ങള്‍ പകർത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ ടാക്‌സി ഡ്രൈവറായ കുട്ടമശേരി സ്വദേശി കൊടവത്ത് വി എം ഫൈസലാണ് 15 അംഗ ഗുണ്ടാസംഘം മണിക്കുറുകളോളം തടഞ്ഞ് വച്ച് മര്‍ദിച്ചതായി പരാതി നല്‍കിയത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായ വനിതകളില്‍ ഒരാളാണ് ഫൈസലിനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ആരോപണം. വിമാനത്താവളത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം പറഞ്ഞ് തീര്‍ക്കാനെന്ന പേരില്‍ ഫൈസലിനെ ഗുണ്ടാസംഘം ആലുവ കടുങ്ങല്ലൂര്‍ റോഡില്‍ അക്വഡക്ടിന് സമീപം വിളിച്ച് വരുത്തി. സംശയം തോന്നിയ ഫൈസല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ താക്കോല്‍ സംഘം കൈക്കലാക്കി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും ഫൈസല്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തില്‍ ഫൈസലിന്റെ മുഖത്തു നീരു വന്ന് വീര്‍ത്തിട്ടുണ്ട്. പുറത്ത് അടിയേറ്റ പാടുകളുമുണ്ട്.