ചന്തയില്‍ നിന്നും വാങ്ങിയ കിളിമീന്‍ വൃത്തിയാക്കിയപ്പോള്‍ വീട്ടമ്മയ്ക്ക് സംഭവിച്ചത്, ഞെട്ടല്‍

ചന്തയില്‍ നിന്നും വാങ്ങിയ കിളിമീന്‍ മുറിച്ചു വൃത്തിയാക്കിയ വീട്ടമ്മയ്ക്ക് സംഭവിച്ചതില്‍ ഞെട്ടിയിരിക്കുകയാണ് ഏവരും. റിട്ട. അധ്യാപിക കൂടിയായ ഇവരുടെ കൈയ്യില്‍ കിടന്ന സ്വര്‍ണ വളകളുടെ നിറം മാറുകയും ഒരെണ്ണം ഒടിയുകയും ചെയ്തു. തെക്കുംപുറം രവിനിവാസില്‍ സുലോചനഭായിക്കാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം പുത്തൂര്‍ പടിഞ്ഞാറെ ചന്തയില്‍ നിന്നുമാണ് കിളിമീന്‍ വാങ്ങിയത്.

മീന്‍ വാങ്ങിയ ദിവസം കുറച്ച് കറിവെച്ച ശേഷം ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ഈ മീന്‍ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ കറി വയ്ക്കാനായി സുലോചനഭായി വൃത്തിയാക്കി. മീന്‍ വൃത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോഴാണ് കയ്യിലുണ്ടായിരുന്നു രണ്ട് സ്വര്‍ണ വളകളുടെ പകുതിയോളം നിറം മാറി അലുമിനിയം നിറത്തിലായത് ശ്രദ്ധിച്ചത്. ഒരു വള ഒടിയുകയും ചെയ്തു.

ആദ്യ ദിവസം മീന്‍ പാകം ചെയ്ത് കഴിച്ചിരുന്നു. ഇതില്‍ അസ്വാഭാവികമായി ഒ്ന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ വളയുടെ നിറം മാറിയതോടെ ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുത്തൂര്‍ ചന്തയിലെ മീനുമായി ബന്ധപ്പെട്ടു മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്കു പരാതി നല്‍കാനുള്ള നീക്കത്തിലാണു വീട്ടുകാര്‍.