സജിത മഠത്തിലിനെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി സജിത മഠത്തിലിന്റെ സഹോദരിയുടെ മകന്‍ അലന്‍ ഷുഹൈബിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സജിത മഠത്തിലിനെതിരെ പലരും രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങിളിലൂടെ സജിത മഠത്തിലിനെ വിമര്‍ശിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

സംഭവത്തെ തുടര്‍ന്ന് നടി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനും നിര്‍ദേശം നല്‍കി. സൈബര്‍ കുറ്റകൃത്യമായതിനാല്‍ കമ്മീഷന് ഇടപെടാനാകില്ലെന്നതിനാലാണ് കേസ് പൊലീസിന് കൈമാറിയതെന്ന് കമ്മീഷന്‍ അറിയിച്ചു .

Loading...

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും സജിതാ മഠത്തില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാളുകളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതുമായ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സജിത മഠത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ശുഹൈബിന്റെ മാതൃസഹോദരിയാണ് സജിത.

അതേസമയം അലന്‍ ഷുഹൈബിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സജിത മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ വിവാദമായിരുന്നു. മുന്‍പ് ശബരിമല വിഷയത്തില്‍ സജിത എടുത്ത നിലപാടും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുമായി ബന്ധപ്പെട്ട് അതിനുള്ള ശിക്ഷയാണ്, അല്ലെങ്കില്‍ ശാപമാണ് അലനെ അറസ്റ്റ് ചെയ്തതിലൂടെ താരത്തിന് കിട്ടിയതെന്ന് വരെ പലരും വിമര്‍ശനമുന്നയിച്ചു.

വിമര്‍ശനം കടുത്തതോടെ സജിത പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തിരുന്നു. അന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും ഇന്ന് തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് അവന്റെ വല്ല്യമ്മ എന്ന നിലയിലാണെന്നും സജിത ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു. ‘എന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരേ യുഎപിഎ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്.എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ആയിക്കോട്ടെ. ഞാനത് എടുക്കാന്‍ തയ്യാറാണ്.’

‘എന്നെ സംബന്ധിച്ച് ഞാന്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധങ്ങള്‍ ശരിയാണെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതില്‍ നിന്ന് പുറകോട്ട് ഞാന്‍ പോവില്ല. ആ രാഷ്ട്രീയബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് സന്തോഷം തോന്നുകയാണെങ്കില്‍ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ… ഇതേ പോലെ 10 25 പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.’ എന്നും സജിത പ്രതികരിച്ചു.

ശബരിമല വിഷയത്തില്‍ അന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും ഇന്ന് തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് അവന്റെ വല്ല്യമ്മ എന്ന നിലയിലാണെന്നും അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് തന്നെ സംബന്ധിച്ച് വിഷയമേ അല്ലെന്നും സജിത പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.