കൊച്ചി: ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ആഭ്യന്തര വിപണിയിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് തെറ്റായ വാര്‍ത്തയാണ്. കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ഇത്തരത്തിലുള്ള പദ്ധതിയുമായി മുന്നോട്ടുവരുമെന്ന് കരുതുന്നില്ല. അതല്ല ഇത്തരമൊരു പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെങ്കില്‍ കേരളം അതിനെ ശക്തമായി എതിര്‍ക്കും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വര്‍ണശേഖരം തൊടാന്‍ അനുവദിക്കില്ലെന്നും വിശ്വാസികളുടെ മതവികാരത്തെ വേദനിപ്പിക്കുന്ന ഒരു നടപടിക്കും തന്റെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാജ്യത്തെ വര്‍ധിച്ചുവരുന്ന സ്വര്‍ണ്ണാവശ്യങ്ങള്‍ പരിഗണിച്ച് വ്യാപാരകമ്മി ഇല്ലാതാക്കുന്നതിനാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രം, സിദ്ധി വിനായക ക്ഷേത്രം തുടങ്ങി സമ്പത്തില്‍ മുന്‍നിരയിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണശേഖരം ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയതായിട്ടായിരുന്നു വാര്‍ത്തകള്‍. സ്വര്‍ണവും പരമ്പരാഗത നിധികളും സര്‍ക്കാരിലേക്കു നിക്ഷേപമായി സ്വീകരിച്ചു പലിശ നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിശ്വാസികളുടെ അനുമതിയില്ലാതെ ഒരാള്‍ക്കും ക്ഷേത്രസ്വത്തില്‍ തൊടാന്‍ അവകാശമില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണ്. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ഇത്രയും അമൂല്യമായ സ്വര്‍ണശേഖരം കാത്തുസൂക്ഷിക്കുന്ന തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ താന്‍ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.