തൊഴില്‍ വിസ കാലാവധി 2 വര്‍ഷമായി നീട്ടി

റിയാദ്: സൗദിയില്‍ തൊഴില്‍ വിസയുടെ കാലാവധി നീട്ടി. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വര്‍ഷമായി നീട്ടി നല്‍കി കൊണ്ടാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കിയത്.

നേരത്തെ അതിന് ഒരു വര്‍ഷത്തെ കാലാവധി ആയിരുന്നു. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നല്‍കിയാണ് മന്ത്രാലയം ഉത്തരവിറിക്കിയത്. ഇതിനു പ്രത്യേക ഫീസും നല്‍കേണ്ടതില്ല.

സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. അതേ സമയം രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ശക്തമായ പരിശോധന തുടങ്ങി കഴിഞ്ഞു.

ഈ മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. വിവിധ പ്രവിശ്യകളില്‍ നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം അടച്ചുപൂട്ടി. ജിദ്ദയില്‍ മാത്രം ആയിരത്തിലേറെ വാഹന സ്പയര്‍ പാര്‍ട്ട്‌സ് കടകളാണ് അടഞ്ഞു കിടന്നത്.

Top