മോദിയുടെ ഭരണം ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയായി മാറ്റുമെന്ന് ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയായി മാറ്റുമെന്ന് ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പില്‍ ചൈനയ്ക്ക് ഭയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ഇതരരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വലിയ സാധ്യതകള്‍ ശേഷിക്കുന്നുവെന്ന് ലോകബാങ്ക്.

പുരോഗമനത്തിന്റെ പാതയില്‍ കുതിക്കുന്ന സര്‍ക്കാരിന്റെ സാന്നിധ്യം ഇന്ത്യക്ക് കൂടുതല്‍ വളര്‍ച്ച സമ്മാനിക്കുമെന്നും വിലയിരുത്തിയ ലോകബാങ്ക്, 2018-ല്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും സൂചിപ്പിച്ചു. അടുത്ത രണ്ടുവര്‍ഷംകൊണ്ട് 7.5 ശതമാനമായി ഉയരുമെന്നും ലോകബാങ്കിന്റെ ഡവലപ്‌മെന്റ്് പ്രോസ്‌പെക്ട്‌സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ അയ്ഹാന്‍ കോസെ പറഞ്ഞു.

Loading...

നോട്ടസാധുവാക്കലും ചരക്ക് സേവന നികുതി നടപ്പാക്കലും മൂലം സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായിട്ടുള്ള മുരടിപ്പ് താല്‍ക്കാലികം മാത്രമാണെന്ന് കോയ്‌സെ വിലയിരുത്തുന്നു. ഇക്കൊല്ലം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.7 ശതമാനം മാത്രമായിരിക്കും. എന്നാല്‍, അടുത്തവര്‍ഷം കുതിപ്പ് വീണ്ടെടുക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മറ്റ് രാജ്യങ്ങളെയെല്ലാം പിന്നിലാക്കി മുന്നേറുമെന്നും ലോകബാങ്ക് പുറത്തിറക്കിയ ഗ്ലോബല്‍ ഇക്കണോമിക്‌സ് പ്രോസ്‌പെക്ടില്‍ പറയുന്നു.

ലോകത്തെ മറ്റ് പ്രധാന രാജ്യങ്ങളെക്കാളും വളര്‍ച്ച അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കൈവരിക്കാന്‍ ഇന്ത്യക്കാവും. താല്‍ക്കാലികമായ പ്രതിസന്ധികളെ കാര്യമാക്കേണ്ടതില്ല. ഇന്ത്യക്ക് ഒട്ടേറെ സാധ്യതകളുണ്ട്. മികച്ച ഭാവിയും കാണുന്നുണ്ടെന്ന് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ കോയ്‌സെ പറഞ്ഞു.

ചൈനീസ് സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ മെല്ലെപ്പോക്കിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇന്ത്യയുടെ വളര്‍ച്ച അതിവേഗം കൈവരിക്കാന്‍ പോകുന്നതേയുള്ളൂ. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കുകള്‍ വളരെ സുസ്ഥിരമായ സമ്പദ് വ്യവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. അതാണ് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകവുമെന്ന് ഗ്ലോബല്‍ പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയ കോയ്‌സെ പറയുന്നു.