സമാധാനമാണ് ലോകത്തിന്‍റെ അടിയന്തിരാവശ്യം : പാപ്പാ ഫ്രാന്‍സിസ്

“മതങ്ങള്‍ സമാധാനത്തിന്…” എന്ന രാജ്യാന്തര സംഘടനയുടെ പ്രതിനിധികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. ഒക്ടോബര്‍ 18-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള ചെറിയ സ്വീകരണ വേദിയില്‍ മതങ്ങള്‍ സമാധാനത്തിന്, “Religions for Peace” എന്ന രാജ്യാന്തര സംഘടയുടെ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ആരാഞ്ഞത്.

യുദ്ധവും അഭ്യന്തര കലാപങ്ങളുംമൂലം ചിഹ്നഭിന്നമായ ലോകം സമാധാനത്തിനായി കേഴുകയാണ്. സമാധാനം ദൈവികദാനവും, ഒപ്പം മാനുഷിക നേട്ടവും ഉത്തരവാദിത്ത്വവുമാണ്. അതുകൊണ്ടാണ് എല്ലാ മതങ്ങളിലെയും വിശ്വാസികളെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും, സമാധാനത്തിന്‍റെ ഉപാധികളാകുന്നതിനും എപ്പോഴും ക്ഷണിക്കുന്നതെന്ന് പാപ്പാ മതപ്രതിനിധികളെ ഉദ്ബോധിപ്പിച്ചു. പൊതുകൂടിക്കാഴ്ചയ്ക്കു പോകുംമുന്‍പ് പ്രാദേശിക സമയം രാവിലെ  9 മണിക്ക് നടന്ന കൂടിക്കാഴചയില്‍ വിവിധ മതങ്ങളുടെ നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

ഉത്തരവാദിത്ത്വമുള്ള എല്ലാ സ്ത്രീപുരുഷന്മാരും, സന്മനസ്സുള്ള സകലരും മനസ്സും ഹൃദയവും കരങ്ങളും ഉയര്‍ത്തി സമാധാനത്തിനായി പരിശ്രമിക്കേണ്ടതാണ്. ഈ ഉദ്യമത്തില്‍ സമാധാന നിര്‍മ്മിതിയും നീതിക്കായുള്ള പരിശ്രമവും കൈകോര്‍ത്തു നീങ്ങേണ്ടതാണ്. ധാര്‍മ്മികവും ആത്മീയവുമായ സാദ്ധ്യതകളാല്‍  സമാധാന നിര്‍മ്മിതിയില്‍ മതങ്ങള്‍ പ്രത്യേക പങ്കുവഹിക്കേണ്ടതുണ്ട്. അതിനാല്‍ സമാധാനത്തിന്‍റെ വഴികളില്‍ മതങ്ങള്‍ സംശയിച്ചോ നിസംഗരായോ നില്ക്കരുത്. മറുഭാഗത്ത് മതത്തിന്‍റെ പേരില്‍ അതിക്രമങ്ങള്‍ക്ക് കാരണക്കാരാകുകയോ അവയെ നീതീകരിക്കുകയോ ചെയ്യുന്നവര്‍ സമാധാനംതന്നെയും സമാധാനത്തിന്‍റെ സ്രോതസ്സായ ദൈവത്തെയും, അവിടുത്തെ അനന്തജ്ഞാനത്തെയും ശക്തിയെയും മനോഹാരിതയെയുമാണ് അത്യധികമായി വേദനിപ്പിക്കുന്നത്. പാപ്പാ ചൂണ്ടിക്കാട്ടി.   “മതങ്ങള്‍ സമാധാനത്തിന്…” എന്ന പേരിലുള്ള സംഘടയുടെ പരിശ്രമങ്ങളെ പാപ്പാ ശ്ലാഘിച്ചു.

മതങ്ങള്‍ അവയുടെ സ്വഭാവത്തില്‍ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും നിരായുധീകരണത്തിന്‍റെയും സൃഷ്ടിസംരക്ഷണത്തിന്‍റെയും പ്രയോക്താക്കളാകേണ്ടതാണ്.  സൃഷ്ടിച്ചതൊക്കെയും നല്ലതാണെന്നു കണ്ട സ്രഷ്ടാവ് ദാനമായി തന്ന ഭൂമിയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ടത് അതിന്‍റെ മകുടവും സംരക്ഷകനുമാകേണ്ട മനുഷ്യന്‍റെ ധര്‍മ്മമാണ് (ഉല്പത്തി 1, 31). മനുഷ്യാന്തസ്സും സൃഷ്ടിയുടെ സംരക്ഷണവും യാഥാര്‍ത്ഥ്യമാക്കാനുള്ള ധാര്‍മ്മിക ഉടമ്പടിക്ക് ആവശ്യമായ കരുത്തും ഉപായസാദ്ധ്യതകളും മതങ്ങള്‍ക്കുണ്ട്. ഇതിന് ഉദാഹരണമെന്നോണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സമാധാനത്തിന്‍റെ പ്രയോക്താക്കളാകുന്നതും, സുസ്ഥിതി വികസനം യാഥാര്‍ത്ഥ്യമാക്കുന്നതും, ഭൂമിയെ സംരക്ഷിക്കുന്നതും മതങ്ങളുടെ കൂട്ടായ്മയാണെന്നത് ചാരിതാര്‍ത്ഥ്യ ജനമകമായ വസ്തുതയാണ്. ഇങ്ങനെ പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.