ന്യൂദല്‍ഹി : ലോകത്തെ ഭീകരസംഘടനകളുടെ പട്ടികയിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് പന്ത്രണ്ടാം സ്ഥാനം. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് പുറത്തു വിട്ട 2022ലെ ഗ്ലോബല്‍ ടെററിസം ഇന്‍ഡ്ക്‌സിലാണ് പന്ത്രണ്ടാം സ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും ഉള്ളത്. പട്ടികയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ആണ് ഒന്നാം സ്ഥാനത്ത്. അല്‍ഷബാബ്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ജമാഅത്ത് നുസ്രത്ത് അല്‍ഇസ്ലാം വാല്‍ മുസ്‌ലിമീന്‍ (ജെഎന്‍ഐഎം) തുടങ്ങിയ സംഘടനകൾ തൊട്ട് പുറകിൽ ഉണ്ട്.
പട്ടികയിൽ പന്ത്രണ്ടാം സ്ഥാനം സ്വന്തമാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആക്രമണത്തില്‍ 39 പേര്‍ മരിച്ചെന്നും 61 ആക്രമണങ്ങള്‍ നടത്തിയതില്‍ 30 പേര്‍ക്ക് പരുക്കേറ്റതായും കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനാണ് ഭീകരവാദം ഏറ്റവുമധികം ബാധിക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത്. ഭീകരവാദത്തെ തുടർന്നുള്ള ആക്രമണങ്ങളിൽ അഫ്ഗാനിസ്ഥാനില്‍ 633 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍, തീവ്രവാദം മൂലമുള്ള മരണങ്ങള്‍ ഒമ്പത് ശതമാനം കുറഞ്ഞ് 6,701 മരണങ്ങളായിട്ടുണ്ട്.
ബുര്‍ക്കിന ഫാസോ, സൊമാലിയ, മാലി, സിറിയ, പാകിസ്ഥാന്‍, ഇറാഖ്, നൈജീരിയ, മ്യാന്‍മര്‍, നൈജര്‍ എന്നീ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന് തൊട്ടുപിന്നില്‍ ഉള്ളത്. ഐഎസും അവരുടെ അനുബന്ധ സംഘടനകളുമാണ് ലോകത്തെ ഏറ്റവും വലിയ ഭീകരവാദ പ്രവർത്തനം നടത്തുന്നവരെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.