ക്ഷേത്രത്തിന്റെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പാകിസ്താനില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ക്ഷേത്രത്തിന്റെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പാകിസ്താനില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍. സംഭവത്തില്‍ ക്ഷേത്ര സേവാ സമിതിയും വിശ്വഹിന്ദുപരിഷത്തും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ജില്ല കളക്ടറെയും കാര്യം അറിയിച്ചിട്ടുണ്ട്. മഞ്ചേശ്വരം ബായാര്‍ ശിവക്ഷേത്രത്തിന്റെ പേരില്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പാകിസ്താന്‍ നമ്പറില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍ അടങ്ങുന്ന സന്ദേശം എത്തിയത്.

ക്ഷേത്ര സേവാ സമിതി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരില്‍ മറ്റ് ചിലര്‍ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിലാണ് സന്ദേശം ലഭിച്ചത്. 2017ലാണ് ക്ഷേത്ര സേവാസമിത് ക്ഷേത്രകാര്യങ്ങള്‍ പങ്കുവയ്ക്കാനായി ഗ്രൂപ്പ് രൂപീകരിച്ചത്. ശിവക്ഷേത്ര ബായാര്‍ എന്നായിരുന്നു ഗ്രൂപ്പിന്റെ പേര്. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അതേ പേരില്‍ ചന്ദ്രശേഖര പ്രഭു എന്ന ആള്‍ അഡ്മിനായി മറ്റൊരു വാട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു. ഗ്രൂപ്പില്‍ ക്ഷണിച്ചുകൊണ്ട് പലര്‍ക്കും സന്ദേശം അയച്ചു. ശിവക്ഷേത്രത്തിന്റെ പേരു കണ്ട് പലരും ക്ഷേത്രഗ്രൂപ്പ് ആണെന്ന് കരുതി ഗ്രൂപ്പില്‍ ചേരുകയും ചെയ്തു.

Loading...

കഴിഞ്ഞ മെയ് 21ന് ആണ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നമ്പര്‍ വിദേശത്ത് നിന്നും ആണെന്ന് മനസിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിവാരിതേക്കുന്ന വിധത്തിലും സന്ദേശങ്ങള്‍ എത്തി. തുടര്‍ന്ന് ഇത് പാകിസ്താനില്‍ നിന്നുള്ള നമ്പര്‍ ആണെന്ന് വ്യക്തമായി. എന്നാല്‍ ഗ്രൂപ്പില്‍ പാകിസ്താന്‍ നമ്പര്‍ വന്നതെങ്ങനെ എന്ന് വ്യക്തമായിട്ടില്ല.